Tuesday, 8 November 2022

വിഷാദം

വിഷാദം എനിക്ക് തോരാതെ പെയ്യുന്നൊരു മഴക്കാലമാണ്...


തുറവികൾകൊട്ടിയക്കപ്പെട്ട്,
ഉൾചൂട് തിരയുന്ന തിരക്കിലായിരിക്കും ഞാൻ..

നിരാശയോടെ
നിറഞ്ഞു പോവാറുണ്ട് പലപ്പോഴും...

എന്റെ മഴയിൽ
മറ്റാരും നനയാതിരുന്നെങ്കിലെന്ന്
ആകാശം നോക്കി  യാചിക്കാറുണ്ട് 


അല്പം വെയിൽ
കൊതിച്ച് ഉള്ളം തുറന്നു വെക്കാൻ ശ്രമിക്കുമ്പോഴൊക്കെയും...

കാറ്റേറി വന്ന
അതേ മഴ
എന്നിലെഅവസാനത്തെ ചൂടും
കവർന്നെടുക്കുന്നു..

Thursday, 3 November 2022

പ്രേമത്തിന്റെ കട്ട്ളപ്പടി --

പ്രേമത്തിന്റെ കട്ട്ളപ്പടി --

------_-----==-----======-------

പണ്ട് കാലത്ത്,
കനത്തമരമേതോ കാടിറങ്ങിക്കാണണം.

വിസ്തൃതമായ 
പ്രതാപകാലത്തിന്റെ 
അതിരുകൾക്കകത്ത്, മുറ്റിനിന്നിരുന്ന ഒരു വേങ്ങയോ ഇരുളോ ആവാനും മതി.

മങ്ങിയ ലോഹനിറമായിരുന്നു കരിങ്കൊറക്കലെ ആ കട്ടിളപ്പടിക്ക്.

അവിടെയുള്ള മറ്റ്പല ഉരുപ്പടികളും, അതേപടി 
കേടറ്റ തരുക്കാമ്പിലുളിയോട്ടി 
മെനഞ്ഞവയായിരുന്നു.

കടന്ന കാലങ്ങളുടെ  അടയാളങ്ങൾ അവയിൽ നിതാന്ത വിശ്രമം കൊണ്ടു.
 
വംശാനുചരിതങ്ങളുറങ്ങുന്ന
അകത്തളങ്ങൾ.

അതിന്റെ 
ഇരുൾപ്പതികളിലേക്ക്  
പകൽകോരിയിട്ടുകൊണ്ട് 
ആ  കനത്ത കട്ട്ളപ്പടി വാതിലുകളെ വിടർത്തി വച്ചു.

അത്രയും വലിയ മാളികക്ക്,  
ഒരാൾക്ക് മാത്രം തടസം കൂടാതെ കടന്നുപോകാവുന്ന  ഇടുങ്ങിയ കവാടം.!!

അവണൂക്കാർക്ക്
അത് പരിചിതമായൊരു തമാശയായിരുന്നു.

പെരുങ്കൊറക്കാരുടെ 'കട്ട്ളപ്പടി' പോലെ",
എന്ന പ്രയോഗം ആളുകൾ പല സന്ദർഭങ്ങളിലായി ഉപയോഗിച്ചു.

ഇടവപ്പാതി രാത്രിയിൽ വന്നുപെട്ട 
പെരുമ്പാമ്പിനെ വളഞ്ഞുനിന്നവരുടെ രഹസ്യമായ ഉദ്ദീപനങ്ങളിലും,
ഇറച്ചികടയിലെ
ഞായർത്തിരക്കുകളിലും,ആ 'കട്ട്ളപ്പടി'കനത്തിന് ഇടം ലഭിച്ചു.

കരിങ്കൊറയിലെ ആ പ്രതാപ മുദ്രയിൽ പാദമൂന്നിയാണ്,,

മഞ്ഞും പോക്കുവെയിലും ഇണചേർന്നിറങ്ങിയ അന്ന് സന്ധ്യക്ക്,
അവൾ നിന്നത്.

പട്ടുപാവാടയുടെ 
കസവുഞൊറികളെക്കടന്ന്, ചന്തമുള്ള 
കാൽവിരലുകൾ വാതിൽപ്പടിയിൽ താളമിട്ടു.

കൊലുന്നനെയുള്ള  നാഗശിരസുകളിലൊന്നിൽ,
ഒറ്റമുത്ത് കൊരുത്തിട്ട 
വെള്ളി മോതിരം.

അവസാനം കാണുമ്പോൾ അതില്ലായിരുന്നല്ലോ എന്നാണ് അവനോർത്തുപോയത്.

വൃത്തിയുള്ള നഖങ്ങളിൽ
വിളറിക്കിടന്ന അമ്പിളിക്കലകൾ.....

മനസ് കുതറുന്നുണ്ട്..

ദൂരെയല്ലാതെ ഒരു 
ഇരുമ്പൻപുളിച്ചോട്ടിൽ  പൂക്കളുതിർന്നു കിടക്കുന്നു.....

തിരിച്ചു പോയാലോ എന്നാണ് പെട്ടന്ന് തോന്നിയത്.

വേണ്ട,,,

എവിടെനിന്നൊക്കെയാണ് തിരിച്ചുനടക്കേണ്ടത്??..

പതറാതെ, ശാന്തമായി ശ്രമിച്ചു.

"വൈഷൂ",,,
ഒന്ന് മാറിയാൽ 
എനിക്ക് അകത്തേക്ക്
പോകായിരുന്നു"...

അവളുടെ കണ്ണുകളിൽ നോക്കാതെയാണ് പറഞ്ഞത്.

കൈകൾ പിന്നിലേക്ക് ചേർത്ത്,
കനത്ത കട്ടിളപ്പടിയിലേക്ക് പുറംചാരി 
ഉടലൊതുക്കി,
അവൾ കടന്നുപോകാൻ ഇടം നൽകി..

"പൊയ്ക്കോളൂ",...

കുളിച്ച് ഭസ്‌മം വരച്ചിരിക്കുന്നതിൽ അല്പം ഉതിർന്ന് പോയിരിക്കുന്നു.
വിടർത്തിയിട്ട മു പകുത്ത് മുന്നിലേക്ക് കിടപ്പുണ്ട്..
അതിൽ ഒറ്റ നക്ഷത്രങ്ങൾ പോലെ നാലഞ്ച് പിച്ചകപ്പൂക്കൾ 

അവനൊന്ന് അന്ധാളിച്ചു..

'എന്ത് ഭാവിച്ചാണ് ഇവളിത് '!

ഇളംചാര നിറത്തിലുള്ള  കസവു ജാക്കറ്റിന്റെ മൃദുവായ 
ഉയർച്ചകളിൽ ശ്വാസഗതിയുടെ അലകൾ കാണാം...

തെക്കിനിയിൽ അനിയൻ സാറോ മറ്റോ സംസാരിക്കുന്നത് കേൾക്കുന്നു..

ഇനി വിളിക്കരുതെന്ന് പറഞ്ഞ് അവനയച്ച അവസാനത്തെ SMS ന് ശേഷം,
ഇന്നാണ് നേർക്ക് നേർ കാണുന്നത്.

പരിഭ്രമിക്കാതിരിക്കാൻ ശ്രമിച്ചുകൊണ്ട് 
ഒന്ന് കൂടെ പറഞ്ഞു നോക്കി..,

"വൈഷ്ണവീ,..,,
ഇത് പോലെ നിന്നാൽ ഞാൻ എങ്ങനെ പോകാനാണ് ""

ഇടക്ക് 
ഒച്ചയടച്ചുപോയി...

"ഏത് പോലെ????..,,

കൂസലില്ലാതെയാണ് അവൾ ചോദിച്ചത്..

മറുപടിക്ക് വാക്കുകൾ വന്നില്ല..

വാതിൽപടിയിൽ നിന്നിറങ്ങാതെ 
അവൾ അല്പം കൂടെ പിന്നിലേക്കൊതുങ്ങി.

 
"വൈഷ്ണവി"..

പുഞ്ചിരിയോടെ
സ്വന്തം പേര് ഉരുവിട്ട് 
അവൾ പറഞ്ഞു 

"ദാ ,,,
ഇനി,പൊയ്ക്കോളൂ,,

തോൽക്കാൻ തീരുമാനിച്ചുകൊണ്ടാണ്  ഒരിക്കൽ കൂടെ അവളെ നോക്കിയത് ...

മഷിയെഴുതാത്ത കണ്ണുകളിൽ,
വൈകിയ പകലിന്റെ നിറഭേദം..

"ഇതിലെ പോവാൻ വയ്യെങ്കിൽ  മുത്തശ്ശന്റെതിലേ കയറിക്കോളൂ.. ""

കണ്ണുകളിൽ നോക്കി  അവളത് പറയുമ്പോൾ  ഹേതുവില്ലാത്ത മന്ദഹാസമുണ്ടായിരുന്നു.

അതിലെ 
പരിചിതമായ തീർച്ച
അവന് മനസിലായി.

വൈഷുവിന്റെ മുത്തശ്ശന്റെ 
വീടാണ് 'പെരുങ്കൊറ'.

പ്രതാപികളായവർ, പേര് കേട്ടവർ..
ഇപ്പോൾ ഇളംതലമുറകൾ ഒട്ടുമിക്കവരും വിദേശങ്ങളിലാണ്.
നാട്ടിലുള്ളവരാവട്ടെ പല വിധ ഉദ്യോഗങ്ങളിലും.

പ്രായംചെന്ന അനിയൻ നായരും,ഭാര്യ കമലവുമാണ് പെരുങ്കൊറയിൽ ഇപ്പോൾ താമസിക്കുന്നത്.

രാവും 
പകലും വാല്യക്കാരുണ്ട്.
എന്നാലും 
രാത്രി
വൈഷുവോ,അമ്മയോ
അവിടെ വന്ന് വൃദ്ധർക്ക് കൂട്ട്കിടക്കും.

നിറയെ മരങ്ങളുള്ള ആ പുരയിടത്തിന്റെ അതിരിലാണ് വൈഷ്ണവിയുടെ വീട്.

പിന്നെ
തൊട്ടഅയൽപക്കത്ത് അവനും.

അവന്റെ അച്ഛൻ ഒരുമ്മപ്പെണ്ണിനൊപ്പം  ഒളിച്ചോടിയതിൽ പിന്നെ
അമ്മയും അനിയത്തിയുമുള്ള
ആ കുടുംബത്തിന് ആശ്രയമായത് കരിങ്കൊറക്കാരുടെ കരുതലായിരുന്നു.

ഐ ടി ഐ പഠനത്തിനുൾപ്പെടെ അവനെ പണം കൊടുത്ത് സഹായിച്ചത് അവരാണ്..

പിന്നേയുമുണ്ട് കയ്യയച്ചു നൽകിയ  ഒരുപാട് സഹായങ്ങൾ.

എത് രാത്രിയും പകലും കരിങ്കൊറയുടെ 
ഒരു വിളിപ്പുറത്ത് അവനു ണ്ടായി.

കത്താതായ ബൾബ് മാറ്റിയിടാൻ,
കുളിമുറിയിലെ ടാപ് അടയാതായാൽ,
കിണറ്റിൽ വീണ തേങ്ങകൾ
ചീഞ്ഞുതുടങ്ങും മുൻപേ തൊട്ടി കെട്ടി പുറത്തെടുക്കാൻ...

അങ്ങനെ അവന് 
തീർക്കാൻ ഏറെയുണ്ടായിരുന്നു...

അവളെ കടക്കാതെ,
അനിയൻ സാറിന്റെ ഉമ്മറവരാന്ത വഴി
കയറിയാലോ എന്നാലോചിച്ച് അവൻ തിരിയാനാഞ്ഞതാണ്.

എന്തുകൊണ്ടാണെന്നറിയില്ല.

ഇടത് കയ്യിലെ ടൂൾ ബാഗിൽ മുറുകെപ്പിടിച്ച് കരിങ്കൊറയുടെ കട്ളപ്പടിയിലാണ് കാൽ വച്ചത്.

എത്ര ശ്രമിച്ചിട്ടും അവളുടെ ഉയരങ്ങളിൽ അവനുരഞ്ഞു ...

മൃദുഖരങ്ങളുടെ സ്പന്ദനം.
തിണർപ്പ്..

അല്പം പോലുംപതറാത്ത 
വൈഷ്ണവിയുടെ വിടർന്ന കണ്ണുകളിൽ നോക്കിയ അവൻ നിസ്സാരനായി..

നിറങ്ങളലയുന്ന ആകാശവും,
ആ സന്ധ്യയും കരിങ്കൊറയുടെ വാതിൽക്കലേക്ക് ചെറുതായി 

ഏതോഒരു വേനൽ 
പറമ്പിൽ,
ഇരുമ്പൻപുളിപ്പൂക്കളടർന്ന് വീഴുന്ന നിഴലിൽ അവർ ഇരുന്നു..

ചന്തമുള്ള 
കാൽ നഖങ്ങളിലെ  അമ്പിളിക്കലകളിൽ നോക്കി അവൻ പറഞ്ഞു...
"നിനക്ക് വിറ്റാമിന്റെ കുറവുണ്ട്..

"ഉണ്ടോ ??''....
പുഞ്ചിരിയിലും  നിലാവ്,,
കുസൃതി...

"എന്നാൽ എനിക്കൽപ്പം തന്നോളൂ....

മടിയിലേക്ക് കാലുകൾ നീട്ടിനൽകി അവൾ ഇരുമ്പൻ
പുളിയിലേക്ക്ചാരിയിരുന്നു.
 
കണ്ണുകളിൽ കൗതുകത്തിന്റെ  മിന്നലുകൾ..
ഇതേ ഭാവം...

അടുത്തതെന്ത് എന്ന്,
അവൾ തന്നെ പഠിക്കുകയാണോ  എന്ന്തോന്നി..

"എന്ത് ഭംഗിയാണ്  വൈഷൂ നിന്റെ  കാലുകൾക്ക്"....

മറുപടിയില്ല.
കൈകൾ മാറിൽ ചേർത്ത് കെട്ടി,
ഇമ ചിമ്മാത്ത നോട്ടം..
പുഞ്ചിരി .

തളർന്ന് ചുറ്റിക്കിടന്ന 
വെള്ളിപ്പാദസരങ്ങളിലെ അവളുടെ രാപ്പനി തൊട്ട്നോക്കി,

വലം 
കാൽവിരലിലെ അമ്പിളിക്കലയിൽ മെല്ലെയൊന്ന് കടിച്ചു...
ചുണ്ട് തൊടുവിക്കാതെ.

വാപൊത്തിയിട്ടുമൊതുങ്ങാതെ  അവളുടെ ചിരിത്തുണ്ടുകൾ...
വേദനിച്ചോ, എന്തോ..
കണ്ണുകൾ നിറഞ്ഞിരുന്നു......
ചോദിച്ചില്ല.

പിച്ചകപ്പൂവിന്റെ
മത്ത് പിടിപ്പിക്കുന്ന ഗന്ധം..

അവളുടെ 
കസവുടുപ്പിൽ ചുളിവുകൾ വീഴ്ത്തി,
നെഞ്ചിലവളുടെ സ്തനസ്പർശമറിഞ്ഞ്
അവൻ  വശം ചെരിഞ്ഞു തളത്തിലേക്ക് 
കടന്നു...

തിരിഞ്ഞു നോക്കാതെ
കണ്ണടച്ച് തെക്കിനിയിലേക്ക് നടക്കുമ്പോൾ ഒന്നിലുമുടക്കാതെത്തന്നെ അവനൊന്ന് വേച്ചു....

നാളുകൾക്ക് മുൻപ് നിഴലുകളിൽ കൈക്കൊരുത്ത്
നടന്നതാണ് ഓർമയിൽ.

ഉള്ളംകയ്യിലെ 
ഇളംചൂട് 
പരസ്പരം പകർന്ന് അങ്ങനെ നടന്നുകൊണ്ടിരിക്കെയാണ് 
നമുക്ക് ഒരുമിക്കാമെന്ന് അവളോട് പറയുന്നത്.

ഒറ്റനിമിഷത്തിൽ
ഞരമ്പുകളിലേക്ക് തരിപ്പഴിച്ചുവിട്ട് 
ഊർന്നുപോയ ആ വിരലുകളെ, തിരിച്ചു പിടിച്ചില്ല.

അവന് 
തിരസ്‌കാരത്തിന്റെ ക്ഷിപ്രരൂക്ഷതകൾ അത്ര തഴക്കമായിരുന്നു.

മാവിൻച്ചില്ലകളിലിരുന്ന് അണ്ണാൻ മാർ ചിലച്ചു ബഹളമുണ്ടാക്കി..

താഴെ ചേരയോ മറ്റോ വന്നിരിക്കണം..
 
വാക്കുൾക്ക് തിരികെ വന്നപ്പോൾ.

 സംസാരിച്ചത്
അവൾ മാത്രമായിരുന്നു.

"എന്തിനാണ്,
ഇപ്പോഴിതൊക്കെ ആലോചിക്കുന്നത്??,,,

എന്റെ സ്റ്റഡീസ് എനിക്ക് continue ചെയ്യണം ??..

 എത്ര 
പഠിച്ചതായിരുന്നിട്ടും,
അവന് പക്ഷേ
മനസിലുണ്ടായിരുന്ന ഉത്തരങ്ങളത്രയും മാഞ്ഞു തന്നെ  കിടന്നു.

വളരെ പെട്ടന്നായിരുന്നു അവൾ 
പറഞ്ഞു തീർത്തത്..

"പരസ്പരം സ്നേഹിക്കാൻ കല്ല്യാണം കഴിക്കണമെന്നുണ്ടോ""??...

"സ്വജാതിവിട്ടൊരു ബന്ധം ന്റെ വീട്ടിൽ അനുവദിക്കും ന്ന് തോന്നുന്നുണ്ടോ?",
"എതിർത്ത് ജീവിക്കാൻ
എനിക്ക് പറ്റില്ല."

.........

കരിങ്കൊറക്കാരുടെ വാതിൽപ്പാളിയിൽ ചാരി,
മാറിലേക്ക് കൈകൾ പിണച്ച് വെച്ച്,
അതേ പുഞ്ചിരിയോടെ 
വൈഷ്ണവി അവനെ ത്തന്നെ നോക്കി നിന്നു.

ഒരു തവണ പോലും 
തിരിഞ്ഞു നോക്കാതെ 
അവൻ തെക്കിനിയിലേക്ക്  മറഞ്ഞപ്പോൾ.

കനം വെച്ചുതുടങ്ങിയ
സന്ധ്യയുടെ
നിഴലുകളിലേക്കവൾ പടികളിറങ്ങി...

വിജു
---------