Friday, 11 March 2022

9-പരിഹാരം
കാവലാം ചിറയുടെ വടക്കും  പടിഞ്ഞാറും കുന്നുകളായിരുന്നു.
യൂക്കാലിയും അക്കേഷ്യയും ഉഷ്ണിച്ച് നിന്നിരുന്ന ആ  കുന്നുകളിൽനിന്ന് ഒരുകാലത്ത് പുനലൂർ പേപ്പർമില്ലിലേക്കാണ് തടികൾ പോയിരുന്നത്.

കുന്നിൻചെരിവുകൾക്കിടയിൽ 
മെലിഞ്ഞിടുങ്ങിയ ഒരു  ചതുപ്പ്നിലമുണ്ട്.
ആളുകൾ അതിനെ കെടയെന്ന് വിളിച്ചു.

തെക്ക് ,
തയ്യൂര് മല തൊട്ട്  ഇങ്ങ് കെട വരെ 
വയലുകൾ തീർത്ത  നിരന്തര വിശാലതയിലേക്ക് കണ്ണെറിഞ്ഞ് അവിടെ 
അന്ത്യാളൻറെ പൂവത്ത് നിന്നു.

അതിൻറെ വേരുകൾക്കിടയിൽ നിരാശ്രയരുടെ ആർത്തമായ തേടലുകൾക്ക്നേർസാക്ഷ്യമുരുവിട്ട്  ആണ്ടും ഉടഞ്ഞും കിടക്കുന്ന  പരിഹാര ശിലകൾ.

രൂപങ്ങളിൽ ആളും അവയവങ്ങളും,നായും  നാൽക്കാലികളുമുണ്ട്.

ദുര്യോഗങ്ങളെയാവാഹിച്ച്  മൂക്കുടഞ്ഞും വിരലറ്റും കിടന്ന അവക്ക് മേൽ 
തരിമൺ കൂനകളുയർത്തി  കുനിയനുറുമ്പുകളുടെ അപ്രമാദിത്വം.

ഉപ്പിനിയും വച്ചിരുന്നു ഒരാൾരൂപം.
ചുരുൾമുടിയും വലിയ ചിറി* യുമുള്ള  ഒന്ന് .

അന്ത്യാളൻറെ വേലയടുക്കെ ഒരുദിവസം,
അത്താഴം കഴിച്ച് ഇറയ്ത്തിരിക്കുമ്പോൾ   ഇയ്യാത്തുവാണത് പറഞ്ഞത്  

"അതേയ് '
ഇന്ന് വെറ* ചെട്ടിച്ചി വന്ന്ണ്ടാ ർന്ന്,
മീഞ്ചാറ് വെക്കണ മ്മ്‌ടെ  കലം ചിന്നീത്  മാറ്റി , "..

പാള വിശറികൊണ്ട് ഉഷ്ണമാറ്റുന്നതിനിടെ അയാൾ ഭാര്യയെ നോക്കി .

"അയിന്പ്പൊ, 
ഞാന്തലകുത്തി ന്ക്കണാ ??,,..

അരിശപ്പെടുകയാണ് ചെയ്തത് ..

"അന്ത്യാളന് ആള് നെ നേരാമ്പറഞ്ഞു ചെട്ടിച്ചി,
ഓരൊക്കെ  
മാര്യംമക്ക് നോൽക്കണോരല്ലേ,,,
സത്യണ്ടാവും  "..

വിശറി നിലത്ത് വച്ച് ഉപ്പിനി ഇരുട്ടിൽ നോക്കിയിരുന്നു.

"ഒന്നല്ലേള്ളോ ന്നാ ,
മ്മക്ക് ആണായിട്ട് " 

അതൊരു തേങ്ങലാണ്. ...

"ആള് രൂപം ഉഴിഞ്ഞെച്ചിട്ട്,
വേലട്ക്കെ  
നൊട്ടനെന്ന്  കണ്ടാതി ന്നാ ചെട്ടിച്ചി പർഞ്ഞ്"

ഇയ്യാത്തു ,  
തട്ടം വലിച്ച് ഒന്ന് മൂക്കുതിച്ചു.. 

ഉപ്പിനി മിണ്ടിയില്ല .
മീനത്തിലെ പുഴുക്കത്തിൽ നിക്കരാശിയില്ലാത്ത ഇരുട്ട് .

പറമ്പുകൾക്കും ഞാറ്റടികൾക്കും അപ്പുറം ,
യൂക്കാലി കാടിന്റെ ചെരുവിൽ ഒരു നെടിലാൻ കൂവി 
പു ഹ്ഹാ 
പു ഹ്ഹാ ..
പൂ.... പൂ ....

മകനെ കൊട്ടാടൻ ചാതിയായി പോകാൻ ശപിച്ച പിതാവാണ് ...
അയാൾ വിങ്ങി വിങ്ങി കരഞ്ഞു ,

ചുമലുകൾ കുലുങ്ങുന്നത് ഇയ്യാത്തു കണ്ടെങ്കിലും അവർ അകത്തേക്ക് തിരിയുകയാണുണ്ടായത്. 
 
ശൂന്യവിശാലതയുടെ ഇങ്ങേയറ്റത്ത് ആശ്രിതരുടെ  ദുര്യോഗങ്ങളെയേറ്റ് ഏകാന്തമായൊരു തുരുത്ത്.

അവിടെ പൂവത്തിൻറെ  തണലിൽ  വക്രശാഖിയായൊരു കാഞ്ഞിരവും,
നിതാന്ത ബാല്യം സിദ്ധിച്ച ഒന്ന് രണ്ട് കരിമ്പനകളും കാറ്റ് നുണയുന്നു.

പതിയാരം മണ്ടം പറമ്പ് ദേശങ്ങളിൽ നിന്ന് അകിലാണത്തേക്ക് പോകാൻ  എളുപ്പം നോക്കിയവർ,
കെടയിലെ ജടകെട്ടിയ നിഴല്  താണ്ടും മുൻപ് അന്ത്യാളന് തിരി കത്തിച്ചു.

നിഴലുകളിൽ നിന്ന് നെടിലാൻ കരയാതെയും ,
ചതുപ്പിലെത്തുന്ന കന്നുകളെ കാത്തിരുന്നു വെറിച്ച നരികളുടെ കണ്ണ് മൂടിയും  
അന്ത്യാളൻ കെട കടക്കുന്നവരെ കാത്തു 

 ദേശങ്ങളിൽ നിന്നുള്ള സൂക്ഷ്മ സംസ്കാരങ്ങൾ കാലങ്ങളോളം   ആ വഴി പരസ്പരം തോളുരുമി കടന്നുപോയി.

മടിച്ചും മദിച്ചുമെത്തിയ മഴക്കാലങ്ങൾ 
അന്ത്യാളനെ വെച്ചു തൊഴുത് കെട നിറച്ചു . 

കാല വർഷങ്ങളുടെ ആ കമാനത്തിനരികെ 
വിളവും,വയലാളരെയും കാത്ത് അന്ത്യാളനിരുന്നു.

അവിടെ 
കാഞ്ഞിരത്തോട് ചേർന്ന് കിടന്നൊരു വിരിപ്പാറയിൽ,
പരിക്ഷീണിതർ ഇളവേറ്റു.

ആണ്ടിലൊരിക്കൽ വേലക്ക് മാത്രം ആ സന്നിധിയിൽ ആള് കൂടും.
കൂടുതലും കീഴാർന്നർ.

കീഴാർന്ന വാദ്യങ്ങളും വസ്ത്രങ്ങളും.
കള്ളും തവിടും, തേങ്ങാക്കൊത്തിട്ട  മലർ നിവേദ്യവും.

വേലദിവസം,
രാവേറെ ചെന്നാലും  കുറ്റികല്ലിലെ തിരിക്കുഴിയിൽ അണയാതെ നിൽക്കുന്നനാളം ചിറക്കരയിലെ വീടുകളിലേക്ക് കാണാം .
കാലങ്ങളായി 
നൊട്ടനാണ് അന്ത്യാളൻറെ  കോമരം.

രണ്ടാം  പ്രസവം കഴിഞ്ഞ ഭാര്യയെ ഉപേഷിച്ച്
നൊട്ടന്റെ മകൻ പോയപ്പോൾ,
മരുമകളെ പൊന്ന് പോലെ നോക്കിക്കോളാന്ന് 
നൊട്ടനും തേയീം വാക്ക് കൊടുത്തിരുന്നതാണ്.

കുട്ടി മുട്ടിലിഴയും മുൻപേ
മലയകത്ത് പാറമടയിൽ പണിക്ക് വന്നൊരു തെക്കന്റെ കൂടെ 
മരുമകളും പോയി.

"തൊപ്പേം തൂലും മൊളക്കേണേനും നുമ്പ്,
ഇത്തിരീശ്ശെ  ള്ള  ഇവ്റ്റ്ങ്ങളെ ട്ട്ട്ട് പോയോര് 
കള്യഞ്ചും കളിക്കും 
നോക്കിക്കൊണ്ടോ  "

എണ്ണമിനുക്കം പറ്റിയ നെഞ്ചിൻ കൂട് തട്ടി നൊട്ടൻ ശപിക്കാറുണ്ട്.

കല്ല് വെട്ടണ നൊട്ടനും,
കര കാക്കണ  അന്ത്യാളനും 
ആണ്ടോടാണ്ട് പൂവത്തിൻ ചോട്ടിൽ സന്ധിച്ചു.

ചിരട്ടയിൽ  ആവിച്ചാരായം കുടിച്ച് രണ്ടുപേരും കരടുതുപ്പി,
സമാന ഹൃദയർ പരസ്‌പരം പകർന്നു.

ആകാരംകൊണ്ട്  ആട്ടിൻ കുട്ടികളോളം മാത്രമുള്ള മരക്കാളകൾ  
ആകാശത്തേക്കെറിഞ്ഞ് ആളുകൾ ആർപ്പിട്ടു 

'ധണ്ടുണ്ടും ,പണ്ടുണ്ടും'
പണ്ടുണ്ടും
ധണ്ടുണ്ടും,

സ്വരസ്ഥാനങ്ങളുടെ ശരിതെറ്റുകളില്ലാത്ത വാദ്യവും വാദ്യക്കാരും 

തൊഴുതുനിന്ന ആൾകൂട്ടത്തിൽ 
ഉപ്പിനിയും ,ചന്നരൻ നായരും ,
വെളക്കത്തല ഗോപാലനും ഉണ്ടായിരുന്നു .
 ജന്മകർമ്മാദികളാൽ  കീഴാർന്നവർ.

ചെമ്പട്ട്  കൂട്ടി വാളും ചിലമ്പും തൊഴുതുപിടിച്ച് 
അന്ത്യാളന് മുന്നിൽ നൊട്ടൻ നിന്നു.  

ഉപ്പൂറ്റിയുയർത്തി ഊന്നിവച്ച വലം കാലിലൂടെ വിറ കയറി ,
മരവും മരച്ചോട്ടിലെ കല്ലും വെടിഞ്ഞ  അന്ത്യാളൻ 
വേല കൊള്ളാനിറങ്ങി .

അരമണിയൊന്ന് കുടഞ്ഞുണർന്നു 
വാളും ചിലമ്പും ഉടലും വിറച്ചു,,

ഹിയ്‌യ്യോ.... ,,
ഹിയ്‌ യ്‌  യ്യോ....ഹ് ഹ് 

കാത്തുനിൽക്കുന്ന  ഭക്തരുടെ  
ആകുലശങ്കകൾക്ക് അറുതി അനുഗ്രഹിച്ച്,
വ്യാധികൾക്ക് രൂപങ്ങൾ  നേരാൻ നിഷ്കർഷിച്ച് 
ഭാവം കൊണ്ട കോമരം കല്പന തുടർന്നു    ...

ഊഴമായപ്പോൾ 
ചൈതന്ന്യം  ഉപ്പിനിക്ക് മുന്നിലെത്തി 
നിറഞ്ഞ കണ്ണുകൾക്കും തൊഴുത കൈകൾക്കും മുന്നിൽ 
കാറ്റ്‌ കൊണ്ട പൂവത്ത് പോലെ പ്രതിരൂപമുലഞ്ഞു..

"ങ്ങക്ക്  ദെണ്ണം വേണ്ട ഉപ്പിന്യേളാരെ,,,ഹ് ഹ് 

ഈശ്വരനും അടിയാളവിനയം .

"ഹ്‌ഞാനും,,,
"ഹ്ൻറെ പത്യേമൂക്കനും ണ്ട്".

ഒര് കലശം പത്യേമൂക്കനും കൊട്ക്കാ" ..

മഹന് ഒരാടിനേം കൊട്ക്കാ..... 

കോമരം  മരച്ചോട്ടിലേക്ക് മടങ്ങി 


തുടരും 


*ചിറി -വായ 
*-വെറ ചെട്ടിച്ചി -ചുമന്ന അതിഭാരങ്ങളാലാവണം  സദാ വിറക്കുന്ന കഴുത്തുള്ള ആ വൃദ്ധവെറചെട്ടിച്ചിയായത്
.മറ്റൊരു കഥയാത് .
No comments:

Post a Comment

അഭിപ്രായമുണ്ടോ....?