പോക്കുവെയിൽ വീണു കിടക്കുന്ന
ആ കുന്നിൻ ചെരിവുകളിലൊന്നിൽ ഞാനുണ്ട്..
ഒന്നല്ല ഒരുപാട് ഞാൻ..
കുടുക്കുപൊട്ടിയ ട്രൗസറിന്റെ മുൻതലകൾ പിരിച്ചു തിരുകി
ഒരു ഞാനിപ്പഴും
അവിടെ നിഴലുകളിൽ അലയുന്നു..
അതിലും മുന്നേഉള്ളഞാൻ
ധന്വന്തരങ്ങൾക്കപ്പുറമൊരു കുണ്ടുമടിയിൽ അച്ഛമ്മയുടെ കങ്കാരുക്കുഞ്ഞായി
പുളിച്ച വെയിൽ മുറ്റത്തേക്ക് നോക്കെറിഞ്ഞിരിപ്പാണ്
ഇനിയുമൊരു ഞാൻ
ഉണങ്ങിയ മുളന്തലകളിൽനിന്ന് കാറ്റടർത്തിയിടുന്ന മഞ്ഞയിലകളോട്
പ്രണയപൂർവം ചിരിച്ച്
മൺവഴികളെത്തെളിച്ച് നടക്കുന്നുണ്ട്....
എണ്ണമറ്റത്രയും എന്നെ,
പിന്നെ ഞാനൊഴുകും വഴികളും തിരിച്ചറിയാത്ത
ഒരുവനിലേക്കുള്ള യാത്രയിലാണ് ഞാൻ ....
നിയന്താവേ..
എന്റെ ചരടിന്റെ അറ്റം കരുതുക