Wednesday, 6 May 2020

കോപ്രാട്ടി

    
viju
'പ്രതീടൊപ്പം പഴയ വീട്ടിലൊന്ന് ‌പോണം" ന്ന്
മരിക്കാംന്നേരം  ഹോംനഴ്സ്നോട് അമ്മ പറഞ്ഞത്രെ.

എയർ പോർട്ടിൽ നിന്ന് കാറിലിരിക്കുമ്പോൾ മരിപ്പിന്റെ വിശേഷങ്ങളും, നാടിൻറെ പരിവർത്തനങ്ങളും പങ്കുവെക്കുന്നതിനിടക്ക് രാഘവമ്മാമ ഇത്തിരി മുഷിച്ചലോടെയാണ് ഓർമ്മിപ്പിച്ചത്.

പുതിയ വീട്ടിലേക്ക് മാറിയപ്പോ മുതൽ മുത്തശ്ശന്റെ കുഴിമാടത്തിലെ മുടങ്ങിപ്പോയ അന്തിത്തിരി അമ്മക്കുള്ളിൽ ദെണ്ണത്തോടെ കത്തുന്നത് പ്രതിഭയറിഞ്ഞിരുന്നു.
   
ആൾപെരുമാറ്റമില്ലാതെ  പൊടിപിടിച്ച് കിടന്ന ഉമ്മറത്തേക്കിരുന്ന്
അവൾ കണ്ണടയൂരി.
മീൻപള്ളകൾ പോലെ വെട്ടിതെളിഞ്ഞും മാഞ്ഞും കളിക്കുന്ന ഓർമ്മകളെ, ക്ഷീണം പൂണ്ട  കണ്ണുകൾക്ക്മേൽ വിരൽ വെച്ച്   ശമിപ്പിക്കാൻ ശ്രമിച്ചു.

മുത്തശ്ശൻ ,*കോസറിയിൽ  ചാരിയിരുന്ന് കഞ്ഞി കോരി കുടിക്കുകയാണ് ..
നീളൻപിടിയുള്ള കയില് കിണ്ണത്തിലേക്ക് താഴ്ത്തി
ഇടക്ക് .പറയുന്നുണ്ട് .

"നിക്കടാ അവടെ,, 'അമ്പടാ'

"പിടിക്കടാ അവനെ ..,,,,....

മുറ്റത്ത് കൊച്ചംകുത്തി കളിക്കുന്ന കുട്ടികൾ  ഒന്നും മനസിലാകാതെ ,മുത്തശ്ശനെ  നോക്കി..

ഊർന്നിറങ്ങിയ ശീട്ടി കമ്മീസിന്റെ വള്ളി മെല്ലിച്ച തോളിലേക്ക് തട്ടി കേറ്റി കൂട്ടത്തിൽ മൂത്തവൾ അടുത്തേക്ക് ചെന്നു.


കട്ടിലിന്റെ ഓരത്ത് കൈകുത്തി നിന്ന്  കിണ്ണത്തിലേക്ക് സൂക്ഷിച്ചു നോക്കി അവൾ ചോദിച്ചു  ..

എന്താ മുത്തശ്ശാ കിണ്ണത്തില്  ??

മുഖം കിണ്ണത്തിലേക്ക്  ഒന്നുകൂടെ താഴ്ത്തി,
കൗശലത്തോടെ മുത്തശ്ശൻ  പറഞ്ഞു ...

നിയ്യ് കണ്ടാ ...??!!
ഞാൻ കയിലും കൊണ്ട് ചെല്ലുമ്പോ ,,വറ്റ്  ഓടണ ഓട്ടം !!

ഇളംവെയിലിൽ,
കറി കാച്ചാൻ വേപ്പില പൊട്ടിക്കുന്ന അമ്മ ,, പുഞ്ചിരിയോടെ ചോദിച്ചു. ...

ഇനീം വറ്റിടണോ അച്ഛാ കഞ്ഞീല് ..??

പകൽ കാഴ്കളുടെ കട്ടിലിലിരുന്ന് മുത്തശ്ശൻ  ചിരിച്ചു,,
"ഏയ്‌....ഞാനിക്കുട്ട്യോളോട് കോപ്രാട്ടി കളിക്കണതല്ലേ മോളേ ....

മണ്ണിരപുറ്റുകൾ നിറഞ്ഞ പറമ്പില്  കൂട്ടം പൂത്ത  ആറാം മാസച്ചെടികളെത്തലോടി ഒരു മുത്തശ്ശൻകാറ്റ് വീശി.
അവയുടെ പുഷ്പ്പകിരീടളിൽനിന്ന്  മഞ്ഞയും കറുപ്പും ചിറകുകളുള്ള പൂമ്പാറ്റകൾ ആകാശത്തേക്കടർന്നു പറന്നു.


അമ്മ മരിച്ച് മൂന്നിന്റന്ന് കർമ്മങ്ങൾ ഒക്കെ തീർന്നു.   
പതിനാറും, നാല്പത്തൊന്നും,നിഴൽപായും ഒന്നുമുണ്ടായില്ല.
പ്രതിഭക്ക് താല്പര്യവുമില്ലായിരുന്നു. 
 
മോശമില്ലാത്തൊരു തുക നൽകിയാണ് അത്രയൊന്നും പ്രായമില്ലാത്ത ഹോം നഴ്സിനെ  യാത്രയാക്കിയത്.
കുറച്ചധികം നിർബന്ധിക്കേണ്ടി വന്നു അവരത് വാങ്ങാൻ.
കലങ്ങിചുവന്ന അവരുടെ കണ്ണുകൾ  നനയുന്നത് കൗതുകത്തോടെയാണ് കണ്ടത്

അടുത്തവരാരാണ് അമ്മയിൽ നനയാതെ പോയിട്ടുള്ളതെന്നൊരു പുഞ്ചിരിയിൽ പ്രതിഭ ആ കൗതുകത്തെ  ഉൾക്കൊണ്ടു.

എല്ലാം കഴിഞ്ഞ് നേരേ പോന്നത് ഇങ്ങോട്ടാണ്. 
      
അമ്മയുടെ വ്യർത്ഥമായ ആന്ത്യാഭിലാഷം ഉള്ളിലുണ്ടാക്കിയ എന്തെങ്കിലും കെടുതികൊണ്ടായിരുന്നില്ല അത്.                 
തലമുറകളുടെ അദമ്യമായ ദാഹങ്ങൾക്ക്മേൽ നിർമ്മമായി പെയ്തുകൊണ്ടിരിക്കുന്ന കാലത്തിലേക്കാണ്ട് ആ വീടിന്റെ വരാന്തയിൽ  തനിചൊന്നിരിക്കണമെന്ന് അവൾ കുറെയായി ആഗ്രഹിച്ചിരുന്നു.   

കാലത്തിന്റെ കടലേറ്റങ്ങളെ  അതിജീവിച്ച് കൂനിക്കൂടി നിന്ന ആ വീടിന്റെ ഉമ്മറത്ത്, പ്രതിഭയിരുന്നു.

കാൽപ്പെരുമാറ്റമില്ലാതെ കറുത്തുപോയ മുറ്റത്ത് വീണുകിടക്കുന്ന പല പഴക്കങ്ങളിലുള്ള ഇലകൾ.

ഇടകലർന്ന അവയുടെ നിറങ്ങളിലേക്ക്നോക്കിയിരിക്കവേ,
ഇനിയെത്ര പഴകണമായിരിക്കും തനിക്കൊന്നറ്റു വീഴാനെന്ന് അവളുടെ മനസലഞ്ഞു.

മൊബൈലിൽ നോട്ടിഫിക്കേഷൻ കേട്ടാണ് ഉണർന്നത്.താൻ ഉറങ്ങിപ്പോയതാണോ എന്നാശ്‌ചര്യപ്പെട്ടുകൊണ്ടാണ് ഫോണെടുത്തു നോക്കിയത്.

ഈമെയിൽ ആണ്.
ഫ്‌ളൈറ്റ് ടൈമിൽ മാറ്റങ്ങളൊന്നുമില്ല//. നാളെ //5.30നുള്ളിൽ ചെക് ഇൻ ചെയ്യണം.  

അവൾ എഴുന്നേറ്റ് കരിയിലകളിൽ ചവിട്ടി പതിയെ പിന്നാമ്പുറത്തേക്ക് നടന്നു.

അന്തിത്തിരി തെളിയാതെ ഖിന്നമായിക്കിടക്കുന്ന മുത്തശ്ശൻറെ കുഴിമാടത്തിന്‌ മേൽ *തുപ്പലംപൊട്ടികൾ പടർന്നിരിക്കുന്നു.    അതിൽ  പലപരുവത്തിലുള്ള ചെറു കായ്കൾ!!
പ്രസന്നമായ ചിലനിമിഷങ്ങൾ.

നല്ലവണം മൂത്ത ഒരു കായ പൊട്ടിച്ചെടുത്ത് അവൾ ഉള്ളം കയ്യിലേക്ക് തുപ്പി.
തുപ്പലിലേക്ക്,പതിയെ ഇത്തിരിയോളം പോന്ന  ആ കായ്  വെച്ചു.
കണ്ണിമ വെട്ടുന്ന സമയം കൊണ്ട് അത്  ചടുലമായി ഒന്ന് പൊട്ടി.
അതിൻറെ  വിത്തുകൾ പലകാലങ്ങളിലേക്ക് ചിതറി വീണു.
വല്ലാത്തൊരാത്മഹർഷത്തിൻറെ തൃപ്തിയിൽ പ്രതിഭ കണ്ണടച്ചു ചരിച്ചു.
 
കഞ്ഞിക്കിണ്ണത്തിൽ കയില് താഴുമ്പോൾ രക്ഷപെട്ടോടുന്ന വറ്റുകൾക്കൊപ്പം ,ഖിന്നതയകന്ന് മുത്തശ്ശനും അമ്മയും ചിരിച്ചു.

പകർത്തപ്പെടാത്ത പകലാട്ടങ്ങളുടെ പടി ചാരി അവളിറങ്ങുമ്പോൾ 
ശൂന്യമായ ആ വരാന്തയിലേക്ക്,
കഥാതന്തുക്കളറ്റുകിടന്ന സന്ധ്യകൾ കടന്ന് ഒരു  മുത്തശ്ശൻ കാറ്റ് വീശി.
അതിൽ അവൾ കാട്ടിയ കോപ്രാട്ടിയുടെ പൊരുളുണ്ടായിരുന്നു.


ശുഭം.

കോസറി =കോസടി ,പഞ്ഞിക്കിടക്ക.
തുപ്പലം പൊട്ടി =ഒരിനം പാഴ്ച്ചെടി.ഉണങ്ങിയ കായ്കൾ നനഞ്ഞാൽ പൊട്ടുന്നവയാണ്.
37 comments:

 1. ഇത്‌ ഞാൻ ക്ഷമിക്കില്ല.. നിങ്ങളെന്റെ ഓർമകളുടെ തുപ്പൽ പൊട്ടികളിൽ ഉമിനീരിറ്റിച്ചു...ആരും കാണാതെ ഞാൻ സൂക്ഷിച്ച എന്റെ ഭൂതകാലങ്ങളുടെ നനഞ്ഞ പായൽ പച്ചകളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി... കാക്കത്തൊള്ളായിരം തവണ ആഗ്രഹിച്ചിട്ടും പെറുക്കിയെടുത്തു സൂക്ഷിക്കാൻ കഴിയാതെ പോയ വിചിത്രമായ അനുഭൂതികളുടെ വെള്ളാരം കല്ലുകളിൽ തട്ടി എന്റെ കാൽവിരലുകളിൽ രക്തം പൊടിയുന്നത് കണ്ടില്ലേ... എത്ര ക്രൂരനാണ് നിങ്ങൾ ❤️

  ReplyDelete
  Replies
  1. ഹി ഹി എനിക്ക് വയ്യ.എല്ലാര്ക്കും ണ്ടാവും ലേ സൂര്യാ സാമ്യമുള്ള കൊറേ ഓർമ്മകൾ.ഇഷ്ടായതിന് ഒരു കിടുക്കാച്ചി ക്രൂര സലാം.

   Delete
 2. നല്ല കഥ ഒത്തിരി ഇഷ്ടമായി. തുപ്പലം പൊട്ടി. പുതിയ ഒരു വാക്കും കിട്ടി.

  ReplyDelete
  Replies
  1. ഉദയൻ ചേട്ടാ സന്തോഷം ട്ടാ .തുപ്പലം പൊട്ടി ഇവിടങ്ങളിലൊക്കെ ധാരാളം ഉണ്ടായിരുന്നതാ.

   Delete
 3. ജീവിതം എവിടെ പറിച്ചു നട്ടാലും കോപ്രാട്ടി കാട്ടി കുഞ്ഞാകാൻ നമ്മൾ തിരിച്ചു നടക്കും..ഭൂതകാലത്തിന്റെ അരികുകളിൽ തുപ്പലം പൊട്ടികളിൽ പൊട്ടി ചിതറും ഓർമ്മകൾ...
  എന്തൊരു ചന്തംള്ള എഴുത്ത് വഴീ..ഈ വഴി വിണ്ട് പൊട്ടാൻ വിടാതെ എഴുതികൊണ്ടിരിക്കു

  ReplyDelete
  Replies
  1. ശാരിചേച്ചീ ഞാൻ എഴുത്തിൻറെ വഴികളുണങ്ങാതെ നോക്കുന്നുണ്ട് ട്ടാ.ഇതിലെ തുപ്പലം പൊട്ടിയും ആറാം മാസചെടിയും മാത്രേ എന്റെ ഉള്ളൂ .ബാക്കിയൊക്കെ ധനു തന്നതാ.

   Delete
 4. ഓർമ്മകളുടെ തിരകളിൽ നിന്നും നീന്തിക്കയറാൻ ശ്രമിക്കുമ്പോൾ ഇത്തരമെഴുത്തുകൾ ചുഴിയായ് വന്ന് ഓർമ്മയുടെ കാണാക്കയങ്ങളിലേയ്ക്ക് വലിച്ചു കൊണ്ടു പോവുകയാണ്. വേണ്ടെന്ന് പറയാൻ കഴിയാത്ത മധുരമായ ഒരു മുങ്ങിത്താഴലായത് കൊണ്ട് പരിഭവമില്ലാതെ മുങ്ങിപ്പോകുന്നു... പൊങ്ങുന്നത് ബാല്യത്തിൻ്റെ ഇത്തരം താളുകളിലാവുമെന്ന് ഉറപ്പുള്ളപ്പോൾ പേടിയും പരിഭവവും വേണ്ടല്ലോ.

  നന്ദി - കൂടെ കൂട്ടുന്നതിന്

  ReplyDelete
  Replies
  1. ചേച്ചീ എനിക്കാണ് സന്തോഷം.എൻറെ എഴുത്ത് വായിച്ച് അതിന് താഴെ പ്രോത്സാഹനത്തിന്റെ വരികളെഴുതാൻ നീക്കി വെച്ച സമയത്തിന് ഞാനാണ് നന്ദി പറയേണ്ടത്.സ്നേഹം ട്ടാ.

   Delete
 5. പുതിയ ആകാശങ്ങൾ തേടി കുഞ്ഞു പക്ഷികൾ പറന്നകന്നു കഴിയുമ്പോൾ, തായ്‌വേരുകളൊന്നൊന്നായ് കരിഞ്ഞ്, വീടും അതിരിലെ മരങ്ങളും തൊടിയിലെ കിണറുമെല്ലാം മൗനത്തിന്റെ നീണ്ട സുഷുപ്തിയിലാഴും... ഓർമകളുടെ തിരുമുറ്റത്ത് കാലം ഘനീഭവിച്ചു കിടക്കും. പിന്നീടെന്നെങ്കിലും, അതിലൊരു പക്ഷി, ആത്മഗേഹത്തിന്റെ വിളിക്ക് കാതോർത്ത്, സാന്നിധ്യം കൊണ്ട് ബലിയർപ്പിക്കാൻ അവിടേക്ക് പറന്നു വരും. ബാല്യത്തിന്റെ ഗന്ധം നിറഞ്ഞ തൊടികളും കരുതലിന്റെ കുളിരു പേറുന്ന കാറ്റും അവരുടെ കുഞ്ഞിനെ താലോലിക്കാൻ വെമ്പൽ കൊള്ളും... അവിടെ ജീവിച്ചു തീർത്തവരത്രയും ഒരു നിമിഷം പുനർജനിക്കും...

  ReplyDelete
  Replies
  1. ഓർമകളുടെ തിരുമുറ്റത്ത് കാലം ഘനീഭവിച്ചു കിടക്കും. പിന്നീടെന്നെങ്കിലും, അതിലൊരു പക്ഷി, ആത്മഗേഹത്തിന്റെ വിളിക്ക് കാതോർത്ത്, സാന്നിധ്യം കൊണ്ട് ബലിയർപ്പിക്കാൻ അവിടേക്ക് പറന്നു വരും/////
   ഓർമ്മകളുടെ തിരുമുറ്റത്ത് ഘനീഭവിച്ചു കിടക്കുന്ന കാലം ,,,

   കൊച്ചൂ എന്ത് വരികൾ !!! ഒരുപാടിഷ്ടായി ട്ടാ.എൻറെ പോസ്റ്റിനേക്കാൾ കിടിലം കമന്റായി എന്നൊരസൂയ മാത്രം ബാക്കി ;).

   Delete
 6. ഓർമ്മകളുടെ തുപ്പലൊട്ടികൾ..അടച്ചിരിപ്പ് ഈ കണക്കിൽ ആണേൽ അധികം താമസിയാതെ ഇങ്ങനെ ഒക്കെ എഴുതി പോവും

  ഇഷ്ടം 💕

  ReplyDelete
  Replies
  1. ഞാൻ ഇവിടെ പ്രതീക്ഷിച്ചേ ഇല്ലാ.ബ്ലോഗൊന്നും അറിയില്ലായിരുന്നു.സന്തോഷം ട്ടാ

   Delete
 7. വല്ലാത്തൊരാത്മഹർഷത്തിൻറെ
  തൃപ്തിയിൽ പ്രതിഭ - അമ്മയുടെ ഓർമ്മകൾക്കൊപ്പം
  മുത്തശ്ശ്ന്റെ കോപ്രാട്ടികൾ വരെ അയവിറക്കുന്ന ആ സുന്ദര
  ബാല്യകാല ഓർമ്മകൾ ...!
  എന്നാലും എന്തിനാണ് ഭായ് ഇത്രനന്നായി 
  ആവിഷ്കരിച്ച് വെച്ച ഇക്കഥക്ക്  കോപ്രാട്ടി എന്ന് പേരിട്ടത് ..?

  ReplyDelete
  Replies
  1. മുരളിച്ചേട്ടാ മറന്നു തുടങ്ങിയ വാക്കുകളാ ഇതൊക്കേം.ഒരിഷ്ടത്തിന്റെ പുറത്ത് അങ്ങനെ ഇട്ടൂ ന്നെ ള്ളോ.കഥ ഇഷ്ടായതിൽ പെരുത്ത് സന്തോഷിക്കുന്നു.ഒരു കിടുക്കാച്ചി ലണ്ടൻ സലാം ട്ടാ

   Delete
 8. കവിതയെന്നു കരുതി വായിച്ചു തുടങ്ങി.. കാച്ചി കുറുക്കിയ ഓരോ വാചകവും വായിച്ചനുഭവിച്ചു.ഇടയ്ക്ക് വീശിയ മുത്തശ്ശൻ കാറ്റു പോലെ തന്നെ മനോഹരമായ എഴുത്ത്.

  ReplyDelete
  Replies
  1. രാജീ , നന്നായിട്ടുണ്ടെന്ന് പറഞ്ഞു കേൾക്കുന്നതിൽ ഒരു പാട് സന്തോഷിക്കുന്നു ട്ടാ

   Delete
 9. കഥ ഇഷ്ടപ്പെട്ടു. മനോഹരം!
  എത്ര ഹൃദ്യമായാണ് പഴയത്തലമുറയേയും 'പുതിയ തലമുറയേയും അനുവാചകനിലേക്ക് സന്നിവേശിക്കും വിധത്തിൽ അവതരിപ്പിച്ചിരിക്കുന്നത്! വിമാനത്തിലേയ്ക്ക് മുത്തശ്ശൻക്കാറ്റ് വീശിയടിക്കുന്നു വായനക്കാരിലേക്കും ....
  ആശംസകൾ|

  ReplyDelete
  Replies
  1. തങ്കപ്പൻ ചേട്ടാ സ്നേഹം ട്ടാ.ഇവിടേം എന്റെ fb യിലും ഒക്കെ വന്ന് എന്റ കഥക്ക് താഴെ പ്രത്സാഹനത്തിന്റെ ചെറുകുറിപ്പുകൾ എഴുതി കൂടെ നിൽക്കുന്നത് സന്തോഷത്തോടെ ഉൾക്കൊള്ളുന്നു.

   Delete
 10. സത്യം പറഞ്ഞാൽ ഈ കഥ ഒട്ടും ഇഷ്ടപ്പെട്ടില്ല.പക്ഷെ ഈ കവിത വളരെയേറെ ഇഷ്ടപ്പെട്ടു. വാക്കുകൾ തുപ്പലൊട്ടി പൊട്ടിയ പോലെ പല കാലങ്ങളായി മനസ്സിൽ ചിതറി വീണു..അടുത്തവരാരാണ് അമ്മയിൽ നനയാതെ പോയിട്ടുള്ളതെന്നൊരു..തുടങ്ങിയ മിക്ക പദാവലികളും കഥയെക്കാൾ എനിക്കൊരു കവിതപോലെ ഹൃദ്യമായി...അഭിനന്ദനങ്ങൾ.

  ReplyDelete
  Replies
  1. മുഹമ്മദ് മാഷേ..ആദ്യത്തെ വരിയിൽ എന്റെ കിളിയഞ്ചും പറന്നു ട്ടാ...കവിത ഭ്രാന്താണ് എനിക്ക്.കവിതയെഴുതുന്നവരോട് കടുത്ത ആരാധനയും.എന്റെ വരികളിൽ കവിത കണ്ടെന്നെഴുത്തയത് സ്നേഹത്തോടെ ചേർത്ത വെക്കുന്നു.ഒരു കിടുക്കാച്ചി സലാം.ഇവിടേം fb ലും ഓപ്പമുള്ളത് സന്തോഷം തരുന്നുണ്ട് ട്ടാ.

   Delete
 11. വായിച്ചു. ഹൃദ്യം. സന്തോഷം.

  ReplyDelete
  Replies
  1. മുകിലേയ് സ്നേഹം ട്ടാ.അടുക്കളചെടിയോടും,പട്ടിയോടും പൂച്ചയോടും ഒക്കെ മിണ്ടാൻ സമയം ണ്ട് ലേ.എന്നോടും മിണ്ടിക്കോ ട്ടാ ഇടക്ക്.

   Delete
 12. ഇത്തരം കോപ്പിരാട്ടികളിലല്ലയോ നാം ജീവിക്കുന്നത് .ലാളിത്യമുള്ള ശൈലി ഇഷ്ടായി

  ReplyDelete
  Replies
  1. സിയാഫ് കൊട്ടക്ക് സന്തോഷം ട്ടാ.ഞാൻ ലിങ്ക് അയച്ചെങ്കിലും വായിച്ച് കമന്റിടും എന്നൊന്നും വിചാരിച്ചില്ലയിരുന്നു...അറ്റൻഷനിൽ ഒരു കിടുക്കൻ സലാം.

   Delete
 13. |ലോകവുമായി ബന്ധിപ്പിക്കുന്ന ആദ്യത്തെയും അവസാനത്തെയും കണ്ണിയായ അമ്മയും പൊഴിഞ്ഞു. വേദന ആയിരിക്കാം പ്രതിഭയെ നിസംഗതയിൽ ആഴ്ത്തിയത്. നിസഹായതയും. കാലത്തിനൊപ്പം ഒഴുകിപ്പോകുമ്പോഴും മനസിൻ്റെ ഏതോ മൂലയിൽ നേർത്ത നൊമ്പരമായ് കിടക്കുന്ന നഷ്ടവസന്തങ്ങൾ. അവയെ ഒന്ന് തൊട്ടുണർത്താൻ .....
  മനോഹരമായ കഥ.

  ReplyDelete
  Replies
  1. ബിപിൻ ചേട്ടാ ഫ്ബി ലും ഇവിടേം ബിപിൻ ചേട്ടനെഴുതിയ കുറിപ്പുകളിൽ പെരുത്ത് സന്തോഷ ണ്ട് ട്ടാ.വേദനയുള്ള നിസ്സംഗത തന്നെയാണ് പ്രതിഭയുടേത്.ബിപിൻ ചേട്ടൻ പറഞ്ഞതത്രയും സത്യം. സലാം ട്ടാ

   Delete
 14. പെണ്ണ് കാണലിനെ പറ്റി എഴുതിയില്ലല്ലോ .

  കഥ ഇഷ്ടമായി

  ReplyDelete
 15. ചേച്ചീ സന്തോഷം. ഞാൻ ബ്ലോഗ്‌സ്ആപ്പിൽ നിന്ന് ലെഫ്റ്റ് ചെയ്‌തതാണ്.അതിനാൽ തന്നെ പെണ്ണുകാണൽ ഇപ്പോൾ എന്റെ വിഷയമേ അല്ല.സലാം ട്ടാ

  ReplyDelete
 16. ഓർമ്മകളുടെ ഒഴുക്ക് . ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകൾ ഓരോരുത്തരുടെ മനസ്സിന്റെ ഉള്ളിൽ ഒരു നോവായി ഉണ്ടാവും. അമ്മയുടെ ഓർമ്മകൾ ഒപ്പം മുത്തച്ഛന്റെ ഓർമ്മകളും. സുന്ദരമായ ബാല്യകാല ഓർമ്മകൾ മനോഹരമായ വാക്കുകളിലൂടെ പകർത്തിയപ്പോൾ എഴുത്തു ഏറെ ഹൃദ്യമായി. ആശംസകൾ മാധവൻ

  ReplyDelete
  Replies
  1. ചേച്ചീ ഇഷ്ടായി ലേ.സന്തോഷം ട്ടാ.പുറകിൽ വിട്ട് പോകുന്നതിൽ ചിലതൊക്കെ ഇടക്ക് കയറിവന്നു മുന്നിൽ നിക്കാറുണ്ടല്ലോ അതിലേതെങ്കിലും ഒക്കെ എടുത്ത് എഴുതുന്നതാ ചേച്ചീ.

   Delete
 17. വഴിമരമേ, സത്യം പറയാം... ഈ എഴുത്ത് വീണ്ടും എന്നെ ബാല്യത്തിലേക്കും തിരുനാവായയിലേക്കും അവിടുത്തെ നെൽപ്പാടങ്ങൾക്കപ്പുറത്തെ തെങ്ങും കവുങ്ങും നിറഞ്ഞ തൊടികളിലേക്കും കൊണ്ടു പോകുന്നു... ഇരു വശത്തും പായൽ പിടിച്ച മൺമതിലുകൾക്ക് നടുവിലൂടെയുള്ള ചരൽപ്പാതയിലൂടെ മരങ്ങളുടെ നിഴൽ പറ്റി ഒന്ന് നടന്നു വന്ന സുഖം... ഒപ്പം എന്തു കൊണ്ടോ ഒരു വിഷാദവും...

  സ്നേഹം മാത്രം...

  ReplyDelete
  Replies
  1. വിനുവേട്ടാ ഹഗ്‌സ് ട്ടാ.തിരുനാവായ കണക്ഷൻ എന്താ.എത്ര ചരൽ വഴികളും, മൺമതിലുകളുമാണ് ലേ കാലം വിഴുങ്ങിപ്പോയത്.ഇപ്പഴും ഇടക്ക് കാളവണ്ടിചാല് പതിഞ്ഞ നാട്ടുവഴികളിലൂടെ സ്വപ്നങ്ങലിലൊക്കെ നടക്കാറുണ്ട്..നൊസ്റ്റു എല്ലായ്‌പോഴും വിഷാദമയമായ ഒരു ഫീലാണ് ലേ..കട്ട സ്നേഹം വിനുവേട്ടാ.

   Delete
  2. അച്ഛന്റെ ജോലി സ്ഥലങ്ങളിലൂടെയായിരുന്നു എന്റെ ബാല്യം കടന്നു പോയത്... നാലും അഞ്ചും ക്ലാസുകൾ തിരുനാവായ നാവാമുകുന്ദാ ഹൈസ്കൂളിൽ ആയിരുന്നു.‌. ചങ്ങമ്പിള്ളി കുന്നിന് മുകളിൽ... അത് ഇന്നും ഗൃഹാതുരമായ ഒരോർമ്മയാണ്...

   Delete
  3. വിനുവേട്ടൻ ഭാഗ്യവാനാ...സമ്പന്ന ബാല്യം

   Delete
 18. കവിതയാണെന്നാ കരുതിയത്. പിന്നെ എന്താക്കെയോ മനസ്സിലാകാൻ തുടങ്ങിയ പ്പഴാണ് കവിതയല്ല എന്ന് തിരിച്ചറിഞ്ഞത്.! കഞ്ഞിയിൽ നിന്ന് വറ്റ് പിടിക്കുന്ന മുത്തശ്ശൻ ചിരിപ്പിച്ചു.

  ReplyDelete
  Replies
  1. മാഷേയ്...വന്നൂലെ.ഒറ്റവരിയും ഫുൾ ലെങ്ത്തിൽ വരുന്നില്ല ന്നേ. ടെംപലേറ്റ് ന്റെ കോഴപ്പം വല്ലോം ആണോ ആവോ...സലാം ട്ടാ.

   Delete
 19. nannayirikkunu, nostalgia =5 kg, pazhaya kaalam ormippichu ktoo

  ReplyDelete

അഭിപ്രായമുണ്ടോ....?