പാഴായ യാത്രകളോരോന്നും എണ്ണി പറഞ്ഞ്
കലഹിക്കുന്ന കാൽപാദങ്ങളോട്
ദൂരങ്ങളിൽ ഒളിഞ്ഞിരിക്കുന്ന
കളവുകളെക്കുറിച്ച് പിറുപിറുത്ത്
മുഷ്ടി ചുരുട്ടുന്നു
താളം തെറ്റി വീശുന്ന കൈകൾ.
വഴിക്കാറ്റ് കടന്നു പോകുന്ന തുള വീണ നെഞ്ചിലേക്ക്
കുനിഞ്ഞു തൂങ്ങുന്ന ശിരസ്സുണ്ട്,
തനിക്കൊന്ന് ചായണമെന്ന് ചിണുങ്ങുന്നു..
വേപഥു പൂണ്ട മനസ്സു പരതുന്നു
ആരും തീണ്ടി ഈണം ചോരാത്ത തെറിപ്പാട്ടിലൊന്നിനെ.
പിന്നിട്ട വഴികളത്രയും ചുരുട്ടിയെടുത്തത്
ചുമടായി കനക്കുമ്പോൾ,
എടുത്ത് നിവർത്തി ഒന്നുറങ്ങാം'
എന്നൊരു ക്ഷണമുണ്ട്
കരിമ്പനച്ചോട്ടിൽ
നിലാവുടുത്ത്
നൂറും തേച്ച് വിളിക്കുന്നു...