Sunday, 27 October 2019

കുപ്പിച്ചികുപ്പിച്ചി ഒരു വെളിപാടായിരുന്നു.ഇലയനങ്ങാനൊരു ചെറുകാറ്റുപോലും വീശാത്ത വേനലിൽ, വെയിൽച്ചൂടിലാവിയാറ്റിക്കിടന്ന നാട്ടുവഴികളുടെ വിജന വ്യഥകളിൽ അവർ പൊടുന്നനെ മുളച്ചുപൊന്തും.

ഒറ്റക്കും തറ്റക്കും നടന്ന് കളിക്കുന്നതിനിടയിൽ


മുന്നിൽ ചെന്ന്‌ പെടുന്ന പിള്ളേര് കുപ്പിച്ചിക്ക് മുന്നിൽ തറഞ്ഞ് നിന്നു.

ഏവുടുക്കാറാ ഇയ്യ്‌ ...

മുറുക്കാൻചാറൊലിച്ച വായ്കോണുകൾ  താഴേക്ക് വക്രിച്ച് പിടിച്ചാണ് ചോദിക്കുക 

ചെളിപിടിച്ച മൂക്കുത്തിയുടെ നടുക്കെവിടെനിന്നോ അകപ്പെട്ടുപോയ ദുരാത്മാക്കളുടെ കൺതിളക്കങ്ങൾ. 


മുഖത്ത് ,ചുളിവുകളുടെ ഗുണനചിഹ്നങ്ങളിൽ വീണുകിടക്കുന്ന കെടുകാലങ്ങളുടെ കാർക്കശ്ശ്യം.


ഭയത്തിന്റെ മിന്നലാട്ടങ്ങൾ  തെളിയാൻ തുടങ്ങുന്നത് കണ്ട് കുപ്പിച്ചിചിരിക്കും,

കണ്ണും,കവിളും,ഗുണനചിഹ്നങ്ങളും ചിരിക്കും.അര നൊടിയിൽ വക്രിച്ച വായ്കൊണുകൾ വാത്സല്യത്തിന്റെ അമ്പിളിക്കലയാകും.
ന്റെ കുട്ടി പേടിച്ച?
കുപ്പിച്ചി വെറുക്കന കാട്ടണതല്ലേ..


നിറം മങ്ങിപ്പോയൊരുകീറത്തോർത്ത്  തലയിൽ വാരിചുറ്റി,

യൂക്കാലിയും ,മുളയും, പുല്ലാനിമൂർഖനും തിമർത്ത് വളരുന്ന എട്ടാം മേടിൻറെ     പാർശ്വങ്ങളിൽ കുപ്പിച്ചി പുതിയ വഴിച്ചാലുകൾ തെളിച്ചു.

ആളൊപ്പം വളർന്ന് നിന്ന 
പൊന്തകളിൽ ഒന്നിനെയും ഭയക്കാതെ അവർ ചൂൽപുല്ല് തിരഞ്ഞ് നടന്നു.
കാട്ടിൽ മേയാൻ കേറുന്ന പൈക്കൾ കുപ്പിച്ചിയോടു തല വെട്ടിച്ച്  കുശലം പറഞ്ഞുകൊണ്ട് കടന്നുപോയി .

 വിളഞ്ഞു നിന്ന ചൂൽ പുല്ലുകൾക്കിടയിൽ
അവർ മുങ്ങിനിവരുന്നത് കാണാത്ത കന്നാലി നോട്ടക്കാരുണ്ടാവില്ല.

അമ്പിളിക്കല പോലെ നേർത്ത വായ്ത്തലയുള്ള അരിവാൾകൊക്ക്  ഉടുമുണ്ടിന്റെ പിറകിൽ ചന്തിച്ചാലിലേക്ക് കൊളുത്തിയിട്ട് കുപ്പിച്ചി  ദേശമളന്നു.


താണ്ടിയത്തെ തറവാട്ടു പടിക്കൽ,

ബ്രിജീത്താൾച്ചമ്മയുടെ  അടുക്കള വരാന്തയിൽ,  പാണൻ കുട്ടാപ്പുവിന്റെ  കിണറ്റുംതിണ്ണയിൽ

അങ്ങനെ,,

കുപ്പിച്ചിക്ക് അകവാശമില്ലാത്ത ഇടങ്ങൾ ദേശത്ത്  കുറവായിരുന്നു."കുതരന കൊണ്ട് ചവിട്ടിപ്പിച്ച്  പതം വെര്ത്ത്യെ പൊകല റെബ്ര്യ്യേന്റെ* പീട്യേന്ന് വെര്ത്തിച്ചത്, മുർക്കണേന്റെപ്പം ഇനിക്കും തെരും ന്റെ

നാണ്യേത്ത്യാര് ,.അതാ ഞങ്ങടെ ഇരിപ്പ് വെശം".

നാട് മുഴുവൻ ഒരുപാട് ഇരിപ്പുവശ ങ്ങൾ ഉണ്ടായിരുന്നു കുപ്പിച്ചിക്ക് .

ഇരിപ്പുവശങ്ങൾക്കുള്ള പരിഗണനയെ കുപ്പിച്ചി ഇങ്ങനെ പറയും .


"10 ഉർപ്പ്യ്യേന്റെ  ചൂലോന്ന്വല്ലാ  ങ്ങക്ക് ഞാൻ തെരണത്


ഇത് പെശലാ...പങ്കെച്ച് രണ്ടാക്ക്യെരാൻ ചേത്ത്യാരുട്ടി വരുമ്പോ പർഞ്ഞോളുണ്ടൊ".


അടുപ്പക്കാരോട് മാത്രമുള്ള  ഔദാര്യമാണത് ..


നിവർത്തിക്കാത്ത നാട്ടുനടപ്പുകളുടെ ,മാനം മര്യാദകളുടെ, പൊറുക്കാനാവാത്ത  ഇരിപ്പുവശങ്ങളോടും കുപ്പിച്ചിക്ക് കലഹമില്ലായിരുന്നു .


"ഒ!, ന്റെ ചേനാരെ ങ്ങക്ക് ഒര് പുതുമ കേക്കണാ".. 
അങ്ങനെയാണ് തുടങ്ങുക.

മണ്ണാത്തി  പാറൂന്റെ
മോൾട
മോൻ ഒര് പെങ്കുട്ടീനെം കൂട്ടീറ്റ്
വന്നേർക്കണ് !!
ചെമ്പുവളയമിട്ട ചൂണ്ടുവിരൽ
അമ്മം പിടിച്ച ചുണ്ടുകൾക്ക് മേലെ വെച്ച് ആശ്ചര്യം കാണിക്കും.,പിന്നെ അടുത്ത പുരാണത്തിലേക്ക്.


ഓരോ

സംഭാഷണങ്ങളും മുണ്ടനിൽ തട്ടിനിന്ന് * ഇടക്കൊന്നു വിശ്രമിക്കാതെ,നെടുവീർപ്പിടാതെ തുടർന്ന് പോകാറില്ല.

ൻറെ മുണ്ടൻണ്ടാർന്നപ്പോ ....ഇനിക്ക് എന്ത്  സുകാർന്നു ......കുപ്പിച്ചിയുടെ കുഴിക്കണ്ണ് നിറയും
കഞ്ഞിയും,കാവത്തുമായി കുപ്പിച്ചിയുടെ ,,ദിനച്ചെലവ്‌ നീങ്ങിപ്പോയിരുന്നു .


ഇടക്ക് വല്ലപ്പോഴും ച്ചുക്കിരി   ചെരട്ടേല് തൊണ്ട നനക്കാനിത്തിരി ചാരായം വേണം ,അവിടെ മാത്രം അവർക്ക് ഇരിപ്പുവശങ്ങളുണ്ടായിരുന്നില്ല. ആരും അവർക്ക്  അവകാശം കൊടുത്തതുമില്ല.

ചൂല് വിറ്റ് കിട്ടുന്ന കാശ് ഈട്ടം കൂട്ടി വെച്ച് വാങ്ങിയ പണത്തൂക്കം പോന്ന ഒരു മൂക്കുത്തിയാൽ,  ഇടക്ക് വച്ചൊന്ന് സമ്പന്നയായപ്പോൾ മുണ്ടനെക്കുറിച്ചോർത്ത് അവർ  കണ്ണ് നിറച്ചു...

ൻറെ മുണ്ടൻണ്ടാർന്നെങ്ങെ ....


ഭർത്താവിന്റെ പെട്ടന്നുള്ള  മരണം  കുപ്പിച്ചിയെ  വേരോടെ പിഴുത് നിലത്തടിച്ചു കളഞ്ഞു.
മുണ്ടന്  മുൻപുള്ള കാലത്തിൽനിന്നും അവർ പതിയെ പതിയെ അടർന്നുപോയി.

നീരോട്ടം നിലച്ച ഒരു ചില്ലയില്നിന്ന്  അവസാനത്തെ ഇലയും കൊഴിഞ്ഞു വീഴുമ്പോലെയായിരുന്നു അത്.


അവരെ കുറിച്ച് തിരക്കാൻ എങ്ങുനിന്നും ആരും വരാതായി. കരിമ്പനപ്പട്ടയും വൈക്കോലും മേഞ്ഞ  ചെറിയ വീട്ടിൽ കുപ്പിച്ചി മുണ്ടൻറെ ആൽമാവിനോട്  മിണ്ടിയും പറഞ്ഞും  കഴിഞ്ഞു.


വൈകുന്നേരങ്ങളിൽ ഉമ്മറത്ത് കാൽ നീട്ടിയിരുന്ന് ചൂലുകൾ തട്ടിക്കെട്ടുമ്പോ, മുണ്ടനോട്  കുപ്പിച്ചി കലഹിക്കും ,,,

"ആ വാഴന്റെ വള്ളി , ഇക്കൊന്നെട്ത്തെരേ റ്റെ ചീതോടെ ങ്ങക്ക്"..


അപ്പൊക്കാണാം..! എങ്ങു നിന്നോ

കാറ്റിലൊരില പറന്ന് വീഴുന്നു!!
അല്ലെങ്കിൽ, തൊടിയതിരിലെ എട്ടിൽ അപ്പാടെ ഉണങ്ങി 
ജഡപിടിച്ചു നിന്ന മുളംകൂടിന്റെ അസ്ഥിപഞ്ചരത്തിലിരുന്ന് ഒരു മൂങ്ങ മൂളുന്നു!!

കുപ്പിച്ചി ചിരിക്കും
മുണ്ടന്റെ മറുപടിയാണ്.

"മുണ്ടൻ ചത്തേപിന്നെ തള്ളക്ക് ഇത്തിരി നൊസ്സാ" ..
ആളുകൾ കളിപറഞ്ഞു.

കുപ്പിച്ചിയിൽ എല്ലാമുണ്ടായിരുന്നു,കാറ്റും,മഴയും,വേനലും വെയിലും എല്ലാം.

ഒരു താന്നിമരം പോലെ അവർ എല്ലാത്തിനും മേലെ പടർന്ന് നിന്നു. 


അന്നും ചാണകം  തേച്ച വരാന്തയിലിരുന്ന് , ചിമ്മിനി വിളക്കിന്റെ മങ്ങിയ വെട്ടത്തിൽ കുപ്പിച്ചി , മുണ്ടനോട് കലഹിച്ച്‌ ചൂല് കെട്ടികൊണ്ടിരിക്കുന്നത്
വേലിപ്പണി കഴിഞ്ഞു വരുന്ന പള്ളി കണ്ടതാണ്.

ചാറ്റൽമഴയെ തലക്ക് മേലെ പിടിച്ച ഒരു തേക്കിലയാൽ വകഞ്ഞ് കടന്നു പോകവേ..,,,
"കുപ്പിച്ച്യേ..മുണ്ടനെ ഞാൻ ചോയ്ച്ചു ന്ന് പറഞ്ഞാളാ ട്ടാ."
എന്നൊരു വഴിച്ചൊല്ലെറിഞ്ഞു തള്ളയെ ചൊടിപ്പിക്കാൻ മറന്നില്ല പള്ളി.

***

പിറ്റേന്ന് 
കരിമ്പനകൾ കാവൽ നിൽക്കുന്ന തൊടിയിലേക്ക് ആധിപ്പെട്ട് കയറുമ്പോൾ അയാൾ അത്‌തന്നെ പറഞ്ഞോണ്ടിരുന്നു...

"ഇന്നലേം കൂടി..."

മുറ്റത്തെ എക്കുകളിൽ ,ഒഴുകിപ്പോകാൻ മടിച്ച് തലേന്ന് പെയ്ത മഴ.
ഒരു കല്യാണ വീട്ടിലെന്നപോലെ സൊറ പറഞ്ഞ് നിക്കുന്ന ആൾക്കൂട്ടം.

അടച്ചിടാത്ത അകായിൽ കുപ്പിച്ചി മരിച്ചു കിടന്നു.

യാതൊരു പ്രതിഷേധവുമില്ലാതെ, തണുത്തു വിറങ്ങലിച്ച്‌,
 നീണ്ടു നിവർന്ന്..

വ്യർത്ഥ വാർദ്ധക്യം,അനാഥത്വം,അർത്ഥശൂന്യമായ ആപൽ സാധ്യതകൾ.


നാട്ട് നടപ്പിൽ  അവരുടെ മരണം ഒരു സുകൃതമായി.!
അത് സത്യമുള്ള കുപ്പിച്ചിയുടെ തെളിവായി.!

ഇനീപ്പോ എന്ത് നോക്കാനാ??,ആരേ കാക്കാനാ ??
"എടുത്ത് കെടത്താൻ നോക്കാ"..
മുണ്ടന്റെ അകന്നൊരു ബന്ധുകൂടിയായ ചാത്ത സന്ദർഭത്തിനൊത്ത് കാരണവരായി.

"കുളിപ്പിക്കാൻല്ലോര് അങ്ങട് മറേൽക്ക് പൊക്കാളാ".

മറപ്പെരേല് വെള്ളം വച്ചിട്ട് കാളിക്കുട്ടി വന്നു വിളിച്ചു.

ഇരിപ്പുവശത്തിന്റെ അവകാശം വച്ച് ,
ഇടവഴികൾ തേഞ്ഞു ചേർന്ന അവരുടെ കാലടികളെ ചേർത്തു പിടിച്ച് കരയാൻ മാത്രം ഉൾചൂടുള്ള ആരുമുണ്ടായിരുന്നില്ല.

കൂരയുടെ തെക്കെപ്പറത്ത് എല്ലാം കഴിയുമ്പോഴേക്കും വെയിലാറിയിരുന്നു.


തലേന്നത്തെ കാറ്റിലും മഴയിലുമാവണം,
അതിരിന്റെ എട്ടിൽനിന്ന, ഉണങ്ങി ചിലമ്പിച്ച  മുളംകൂട് അതിന്റെ ദുർബ്ബലമായ വേരുകളിൽ നിന്ന് വേർപ്പെട്ട്  വീണ് പോയിരുന്നു.
ഉണങ്ങിയതെങ്കിലും, നാലതിരിനുള്ള വേലിക്ക് വക കണ്ട പള്ളി
ഒരു കണ്ണളവിന്
അതിനടുത്തേക്ക് നടന്നു.

തൊടിയിലെ,
മാനം മുട്ടി നില്ക്കുന്ന
കരിമ്പനകളുടെ നിസ്സംഗതക്ക് മേൽ പോക്ക് വെയിൽ ചാഞ്ഞു.ആളുകൾ പതിയെ പിരിയാൻ തുടങ്ങി.

വീണുകിടന്ന മുളംപട്ടിനിടയിൽനിന്ന്  
നനമണ്ണിലേക്ക് ഒലിച്ചു  കിടന്ന ചോരപടർപ്പ് കണ്ട്പള്ളി 
ആന്തി വിളിച്ചു!;


''ചാത്തോ!!ചങ്ങരാ ഓടിവാണ്ടാ!!!"

ചാത്തയും ചങ്ങരനും മാത്രമല്ല കര മുഴുവൻ ഇളകിയ ആ വിളിയിൽ പിരിഞ്ഞുപോയവർ വരെ ആളിയെത്തി.വീണുകിടന്ന മുളംപ്പട്ടിലിന്റെ പിണപ്പുകൾക്കിടയിൽ പെട്ട് വികൃതമായ ഒരു മനുഷ്യ ശരീരം..!

ആസകലം വരഞ്ഞു കീറിയ അതിന്റെ
വലത് കരം മാത്രം പുറത്തേക്ക് നിവർന്ന് കിടന്നു.

പ്രാണൻ വിടുന്നേരമാവണം ചുരുട്ടയഞ്ഞ മുഷ്ടിയിൽ ദുർഗ്രാഹ്യമായൊരു മൂക്കുത്തി തിളക്കം കണ്ട് ദേശം ഞെട്ടി.

പള്ളിക്ക് കുളിര് പൊട്ടി.!!

തലേന്നാളത്തെ ചാറ്റൽ മഴയിൽ ആകാശത്തേക്ക് ദുർബ്ബലമായ
തരുണാസ്ഥികൾ കൊരുത്ത് 
നിന്നിരുന്ന ആ മുളം കൂടിന്റെ 
ബാഹ്യരൂപം കുപ്പിച്ചിയെപ്പോലെ അയാളിൽ നിറഞ്ഞു..
അതിന്റെ ഉള്ളിരുട്ടിൽ നിന്ന് മുണ്ടന്റെ മറുപടി മൂങ്ങ നീട്ടി മൂളി..
ങ്ങൂ...
ങ്ങൂങ്! 

പള്ളി ഉറഞ്ഞു തുള്ളി..


"ന്റെ 

ഓലും",
"ന്റെ 
ഓലിന്റെ മൂക്കുത്തീം "..ഹ് ഹ്.. ഹ്""

"മുണ്ടന്റെ കണ്ണ് വെട്ടിച്ചാ,, ച്ഛേദം വരും ട്ടാ..."
അത്രയും വെളിച്ചപ്പെട്ട് അയാൾ മൂർച്ഛിച്ച് വീണു.

സ്വയം പറിച്ചെടുക്കാനാവാത്ത വിധം

കുപ്പിച്ചിയുടെ സത്യത്തിൽ ആണ്ട് ഒരു ദേശം മുഴുവൻ അന്താളിച്ചു നിൽക്കെ,
ചളിപിടിച്ചൊരു മൂക്കുത്തിയിൽ 
വീണ് സഫല സന്ധ്യ തിളങ്ങി.

*റെബ്ര്യ്യേന്റെ-ഗബ്രിയേലിന്റെ.
54 comments:

 1. ഇവിടെയിതാദ്യം!കറുപ്പിലെ വെളുത്ത വരികൾ വായിക്കാൻ പ്രയാസം!കണ്ണിനു സ്‌ട്രെയിൻ കൊടുക്കുന്നത്, എന്നെപ്പോലെയുള്ള വായനക്കാർ ഇത് കാണുമ്പോൾ കണ്ണ് രക്ഷിക്കാൻ ഓടിപ്പോകും!ഇതെൻറെ അഭിപ്രായം ബാക്‌ഗ്രൗണ്ട കളർ മാറ്റുക വെള്ളയിൽ കറുപ്പാണ് നല്ലതു നന്ദി നമസ്കാരം ഫൈസലിൻറെ പേജിലെ കമന്റ് കണ്ടു വന്നതാ! വഴിമരങ്ങൾ കാണുമെന്നു കരുതി വന്നതാ, ഈ മരങ്ങളെ സ്നേഹിക്കുന്ന ഒരു വ്യക്തി എൻറെ  പേര് ഫിലിപ്പ് ഏരിയൽ വർഗീസ് 

  ReplyDelete
  Replies
  1. തീം ഞാൻ മാറ്റി കേട്ടൊ.
   സന്തോഷം ഇവിടെ കണ്ടതിൽ.അതിലേറെ അവിടെക്കുള്ള വഴി തന്നതിന് അതിലേറെ.
   ജാലകം പോലൊരു കോമണ് പ്ലാറ്റ്‌ഫോമിന്റെ കുറവ് ബ്ലോഗുകൾ ഫെയ്‌സ് ചെയ്യുന്നുണ്ട് എന്ന് തോന്നുന്നു.

   Delete
 2. ഇവിടെയിതാദ്യം!കറുപ്പിലെ വെളുത്ത വരികൾ വായിക്കാൻ പ്രയാസം!കണ്ണിനു സ്‌ട്രെയിൻ കൊടുക്കുന്നത്, എന്നെപ്പോലെയുള്ള വായനക്കാർ ഇത് കാണുമ്പോൾ കണ്ണ് രക്ഷിക്കാൻ ഓടിപ്പോകും!ഇതെൻറെ അഭിപ്രായം ബാക്‌ഗ്രൗണ്ട കളർ മാറ്റുക വെള്ളയിൽ കറുപ്പാണ് നല്ലതു നന്ദി നമസ്കാരം ഫൈസലിൻറെ പേജിലെ കമന്റ് കണ്ടു വന്നതാ! വഴിമരങ്ങൾ കാണുമെന്നു കരുതി വന്നതാ, ഈ മരങ്ങളെ സ്നേഹിക്കുന്ന ഒരു വ്യക്തി എൻറെ  പേര് ഫിലിപ്പ് ഏരിയൽ വർഗീസ് 

  ReplyDelete
 3. എന്തൊരു എഴുതാണിഷ്ടാ... മനസ്സിൽ നാട്ടുവഴികളും കുപ്പിച്ചികളും കടന്നു വന്നു..എന്റെ നാട്ടുമ്പുറം ഓർത്തു. അതിലേറെ വായിച്ചതെല്ലാം ഒരു സിനിമ കാണും പോലെ മനസ്സിൽ കാണാൻ പറ്റി.. അസാധ്യ എഴുത്താണ് ട്ടോ . നിർത്താതെ എഴുതു.. വായിക്കാൻ വീണ്ടും വീണ്ടും വരാം.. കുപ്പിച്ചിയെ പെരുത്ത് പെരുത്ത് ഇഷ്ടമായി

  ReplyDelete
 4. ഗൗരീ നാഥൻ സന്തോഷം കേട്ടോ കുപ്പിച്ചിയെ അറിയാൻ വന്നതിൽ.ഇനിയും വരുമെന്നത് അതിലേറെ സന്തോഷിയിപ്പിക്കുന്നു

  ReplyDelete
 5. ആദ്യമായാണ് ഇവിടെ വരുന്നത്
  മനോഹരം ഇതിലെ വരികൾ
  ആശംസകൾ !!

  ReplyDelete
  Replies
  1. സലാം രമണിക.ആസ്വദിച്ചതിൽ സന്തോഷം.

   Delete
 6. Nalla vayana nalki. Ashamsakal

  ReplyDelete
  Replies
  1. ഇഷ്ടപ്പെട്ടു എന്നതിൽ സന്തോഷമുണ്ട്.ഇനിയും കാണാം .സലാം.

   Delete
 7. വഴിച്ചേട്ടാ,

  അസാധ്യവായന .ഇത്രയും മനോഹരമായ വായന സമ്മാനിച്ചതിനു നന്ദി.ഇന്നതെ ആദ്യ വായന ആയിരുന്നു.

  ReplyDelete
  Replies
  1. ടാ നീ വന്നല്ലോ അതുക്കും മേലെ എന്ത്, എല്ലാരും സുഖമായിരിക്കുന്നു ലെ.
   പെരുത്തൊരു സലാം ഇരിക്കട്ടെ.

   Delete
 8. നന്നായിരിക്കുന്നു...വേറിട്ട ഈ ശൈലി ഹൃദ്യമായി.

  ReplyDelete
  Replies
  1. സന്തോഷം പങ്കുവെക്കുന്നു സർ.ആറങ്ങോട്ടുകരക്ക് ഇടക്ക് വരാറുണ്ട്

   Delete
 9. അസാധ്യ എഴുത്ത്....

  വേറോന്നും പറയാനില്ല.....
  വേറൊന്ന് പറഞ്ഞാലും നിന്റെ എഴുത്തിനെ വിവരിക്കാനാവില്ല....
  അവസാനത്തെ ഭാഗങ്ങൾ ക്ലാസ് ആയി...
  സ്വയം പറിച്ചെടുത്ത്... എന്ന പ്രയോഗം മാസ്...
  ഒറ്റ വാക്കിൽ നല്ലെഴുത്തിന് നന്മകൾ നേരുന്നു... സ്നേഹം

  ReplyDelete
  Replies
  1. ടാ..കുട്ടത്തെ..നിന്നെ ഇവിടെ പ്രതീക്ഷിച്ചതേ ഇല്ല.ഇപ്പൊ എഴുതാറുണ്ടോ.നിന്റെ മുതുക് ശരിയായോ.
   നിണക്കിഷ്ടായല്ലേ..അടിപൊളി..അനക്കും ഒരു അസ്സല് സലാം..
   (നിന്റെ മാത്രമല്ല എന്റേം തണ്ടല് പോയിക്കിടക്കാ : ) 3 ,4 ഡിസ്ക് എവിടെയാണെന്ന് ഒരു പിടിയുമില്ല..
   വിളികണ്ട ട്ടാ.വിളിച്ചാൽ നിന്നെ നിലവിളി ശബ്ദമിട്ട് കിടന്ന് വന്ന് ഇടിക്കും..3 തരം

   Delete
 10. നല്ല എഴുത്ത് ...
  നാട്ടുവഴികളിലൂടെ, ആദ്യകാഴ്ചയിൽ ഭയത്തിൽ നിന്ന് തുടങ്ങി പിന്നീടങ്ങോട്ട് വിജനതയിലെ ഒറ്റപ്പെടലിൽ ആശ്വാസമായി മുന്നിൽ വന്ന് നിൽക്കുന്ന കുപ്പിച്ചികൾ ... പല നാട്ടിൽ പല പേരിൽ ഉണ്ടായിരുന്നിരിക്കണം ..
  അഭിനന്ദനം .

  ReplyDelete
 11. നല്ല എഴുത്ത് ...
  നാട്ടുവഴികളിലൂടെ, ആദ്യകാഴ്ചയിൽ ഭയത്തിൽ നിന്ന് തുടങ്ങി പിന്നീടങ്ങോട്ട് വിജനതയിലെ ഒറ്റപ്പെടലിൽ ആശ്വാസമായി മുന്നിൽ വന്ന് നിൽക്കുന്ന കുപ്പിച്ചികൾ ... പല നാട്ടിൽ പല പേരിൽ ഉണ്ടായിരുന്നിരിക്കണം ..
  അഭിനന്ദനം .
  സലാം പഴവൂർ .

  ReplyDelete
  Replies
  1. പഹയാ..സർപ്രൈസ് ആയിപ്പോയി..
   പേരുകൾക്കെ മാറ്റമുണ്ടാകൂ ടാ..കഥകളിറങ്ങി നടന്നിരുന്ന വഴികളൊക്കെ ഒന്ന് തന്നെ

   Delete
 12. ബ്ലോഗിലെ കമന്റ് കണ്ടു ബാക്ക് ലിങ്ക് തേടിയാണ് ഇവിടെയെത്തിയത്. വായിച്ചു എന്നുപറയുന്നതിനേക്കാൾ 'കണ്ടു' എന്നുപറയുന്നതാണ് സത്യം. കുപ്പിച്ചിക്കൊപ്പം നടക്കാൻ പ്രാപ്തമാക്കുന്ന മനോഹരമായ എഴുത്ത്. കുപ്പിച്ചിയെക്കുറിച്ച് വായിച്ചപ്പോൾ കുട്ടിക്കാലത്തെക്കുറിച്ചോർത്തു. ഇതുപോലെ എഴുതപ്പെടാത്ത ചരിത്രവുമായി എത്രയെത്ര നാടുകളിൽ എത്രയെത്ര കുപ്പിച്ചികൾ അല്ലേ......

  തുടർച്ചയായി അങ്ങ് എഴുതുക... വായിക്കാൻ എന്തായാലും വരുന്നുണ്ട്. ഫോളോ ചെയ്തിട്ടുണ്ട് അതുകൊണ്ട് പുതിയ പോസ്റ്റ് ഇട്ടാൽ അപ്പൊത്തന്നെ ഓടിവരാം....

  ReplyDelete
 13. മഹേഷ് കൂട്ടത്തിൽ കൂട്ടിയതിൽ ഒരുപാട് സന്തോഷം.
  കഥ കണ്ടതിൽ അതിലേറെ ..
  സലാം.ഞാനും ഫോളോ ചെയ്‌തിർട്ടുണ്ട് കേട്ടോ.

  ReplyDelete
 14. അമ്പോ... എന്തെ ഞാൻ ഈ ബ്ലോഗ് ഇത് വരെ വായിച്ചില്ല എന്ന് അത്ഭുതപ്പെടുന്നു. കിടിലൻ എഴുത്ത്

  ReplyDelete
 15. രൂപ്‌സ്... കൊല്ലാതിരുന്നൂടെ..
  ഇനിയും കാണാം..600 രൂപയും 2അര മണിക്കൂറും പോയതിന്റെ വിഷമം ഞാൻ കണ്ടു ട്ടോ

  ReplyDelete
 16. അമ്മയുടെ മരണം , നീട്ടി വെച്ച ചികിത്സ മുതൽ കാരണങ്ങളാൽ  രണ്ട് മാസമായി ബൂലോകത്ത് എത്തി നോക്കാറില്ലായിരുന്നു ...
  2012 ലണ്ടൻ ഒളിമ്പിക്സ് സമയത്തെ ചാരപ്പണി വേളകളിലാണ് ഇതിന് മുമ്പ് ഞാനൊരു മൂന്ന് മാസത്തെ ബ്ലോഗ് ബ്രെയ്ക്ക് എടുത്തിരുന്നത് ...!
  ഇന്ന് മുതൽ  ഈ മൂഷിക പുത്രൻ വീണ്ടും ബൂലോഗ മല പിന്നേയും ചുരുണ്ടു തുടങ്ങുവാൻ തുടങ്ങുകയാണ് കേട്ടോ കൂട്ടരെ

  ReplyDelete
  Replies
  1. മുരളിചേട്ടാ...വായോ ബ്ലോഗികൾ മൂകരായിക്കൊണ്ടിരിക്കുന്ന ഈ വേളയിൽ ബിലാതിയിൽനിന്നൊരാള് വരുമെന്നൊരു പ്രവചനമുണ്ടാർന്നു

   Delete
 17. ചളിപിടിച്ചൊരു മൂക്കുത്തിയിൽ
  അപ്പോൾ വീണ്ടും വെയിലുവീഴുന്നുണ്ടായിരുന്നു.
  മർമ്മം കണ്ടറിഞ്ഞ എഴുത്ത്!
  ആശംസകൾ

  ReplyDelete
  Replies
  1. തങ്കപ്പൻ ചേട്ടാ വന്നതിൽ,വായിച്ചതിൽ ഒരുപാട് സന്തോഷം കേട്ടോ

   Delete
 18. ഇന്ന് രാത്രി ഞാൻ സ്വപ്നം
  കാണാൻപോകുന്നതെന്തെന്നോ..ആടിയുലയുന്ന
  ചൂരൽപ്പുല്ലുകൾക്കിടയിൽ മിന്നിമറയുന്നൊരു
  മൂക്കുത്തി....നന്ദി സുഹൃത്തേ,
  കലർപ്പില്ലാത്തൊരാത്മാവിന്
  എന്റെ സ്വപ്നത്തിലേക്കുള്ള വഴിപറഞ്ഞു കൊടുത്തതിന്....

  ReplyDelete
  Replies
  1. സൂര്യ-എന്റെ എഴുത്തിന് താഴെ കമന്റിലൊരു കവിത തന്നതിന്
   ഞാനും കുപ്പിച്ചിയും സലാം വെക്കുന്നു.

   Delete
 19. ഇവിടെ ആദ്യമാണ്. ചെറിയ അക്ഷരങ്ങൾ വായിക്കാൻ കുറച്ച് പണിപ്പെട്ടു.നല്ലെഴുത്ത് .
  സ്നേഹത്തോടെ പ്രവാഹിനി

  ReplyDelete
  Replies
  1. ചേച്ചി ഞാൻ ടെംപ്ലേറ്റ് മാറ്റാം ട്ടോ.
   ഇനി സ്ഥിരമായി വരണം.സന്തോഷം.

   Delete
  2. സമയം പോലെ ഉറപ്പായും വരും

   Delete
 20. മ്മടെ സ്വന്തം ഭാഷേല് ഒരു കഥ വായിക്കുമ്പോൾ ഉളള സുഖം ഒന്നു വേറെ തന്നെയാണ് ട്ടോ....
  എനിക്കെന്റെ അമ്മമ്മയുടെ രൂപം ഓർമ വന്നു...
  അമ്മമ്മയ്ക്ക് മൂക്കുത്തി ഉണ്ടായിരുന്നു. സ്നേഹത്തിന്റെ നിറകുടം ആയിരുന്നു .
  കുപ്പിച്ചി കണ്ണുകൾ നനയിച്ചു...

  ReplyDelete
  Replies
  1. ഒരു സന്തോഷമാണ് ദിവ്യ.നമ്മളെഴുതുന്നതിന് താഴെ അതുൾക്കൊണ്ടു എന്ന് പറയുന്നത് കേൾക്കുമ്പോൾ.
   എഴുതിതുടങ്ങൂ ട്ടാ

   Delete
 21. ഒരു ഇടവേളയ്ക്ക് ശേഷം ഭായിയുടെ ഈ രചനാവൈഭവം കണ്ട് സന്തോഷിക്കുന്നു.തീർച്ചയായും താങ്കളുടെ എഴുത്തിൽ കിട്ടിയിട്ടുള്ള
  വരം തുടരെ തുടരെ ഉപയോഗിക്കണം കേട്ടോ ഭായ് .

  ReplyDelete
  Replies
  1. മുരളിച്ചേട്ടൻ വീണ്ടും വന്നോ.
   സന്തോഷമുണ്ട് ട്ടാ..ഈ പ്രോത്സാഹനത്തിൽ.

   Delete
 22. Replies
  1. മുകിലേയ്....... ഹൂ....
   പെരുത്ത് ഇഷ്ടം

   Delete
 23. നല്ല എഴുത്ത്. ആസ്വദിച്ച് വായിക്കാൻ കഴിഞ്ഞു. പിന്നെ ഒരു പ്രശ്നം ഉള്ളത് ലെറ്റർ ബോൾഡ് ചെയ്തതും unbold ആയിട്ടുള്ളതും ആണ്. കണ്ണിന് എന്തോ ഒരു മിസ്സിംഗ് പോലെ.

  തുടർന്നും ഒരുപാട് നല്ല കഥകൾ എഴുതുക.
  ഇഷ്ടം

  ആദി

  ReplyDelete
  Replies
  1. ടാ..ഞാൻ മനപ്പൂർവ്വം ബോൾഡിയതല്ല.
   പണിപ്പുരയിൽ വെച്ച് അതങ്ങനെ ആയിപ്പോയി.ക്ഷമിയ് നീ..

   Delete
 24. This comment has been removed by the author.

  ReplyDelete
 25. സവിശേഷമായ ഭാഷാ പ്രയോഗം, നന്നായ് എഴുതി, തുടരുക, എല്ലാ ഭാവുകങ്ങളും നേരുന്നു

  ReplyDelete
  Replies
  1. മൻസൂർ ..സന്തോഷമുണ്ട് കേട്ടോ.

   Delete
 26. നോക്കി നോക്കി ആ പുൽ വഴിയിൽ കുപ്പിച്ചിയെ തേടി.. ഒടുവിൽ ചോര കറ കണ്ടപ്പോൾ തരിച്ചു കയറിയത് എന്റെ കാലിൽ കൂടിയാണ്... ഈ ഒരു കഥപാത്രം മറ്റൊരു തരത്തിൽ എന്റെ കൈയിൽ ഉണ്ടായിരുന്നു.. പായിച്ചി.. പാട്ടു പാടുന്ന പായിച്ചി അമ്മമ്മ.. എന്റെ നാട്ടു വഴിയിൽ രാഗസല്ലാപമായി നടന്ന വൃദ്ധ...ഇനി ആ കഥ വേണ്ടല്ലോ..
  അവരെ ഓർമിപ്പിച്ചു.. അനുഭവിക്കാവുന്ന കഥ.. വായിച്ചറിഞ്ഞു..അല്ല അനുഭവിച്ചറിഞ്ഞു..

  ReplyDelete
  Replies
  1. ആനന്ദ് പറഞ്ഞത് ശരിയാണ്.എല്ലായിടത്തും ഉണ്ടാകും ഇതുപോലെ ചിലർ.
   ഇപ്പോൾ പക്ഷെ അന്യം നിന്നു തുടങ്ങി.
   നീ എത്തിയില്ലല്ലോ എന്ന് വിചാരിക്കയായിരുന്നു.അപ്പോഴേക്കും ദേ..

   Delete
 27. കുപ്പിച്ചിയിൽ എല്ലാം കണ്ടു - മഴയും വേനലും, വെയിലും, കാറ്റും... നാട്ടിൻപുറവും, അതിലെ ചില അസാധാരണ, സാധാരണ മനുഷ്യരും. ഭംഗിയായി എഴുതി.മനസ്സിൽ നിറഞ്ഞു നില്ക്കുന്നു കുപ്പിച്ചി. ഹൃദയപൂർവ്വം ആശംസകൾ.

  ReplyDelete
  Replies
  1. സർ...ചോർച്ചയുള്ള പകലുകളിൽ
   പിരിയാ സമ്പത്ത് നേടുന്ന വരികൾ
   അത്രയും ഇഷ്ടപ്പെട്ടവയാണ്..
   ഒരുപാട് സന്തോഷം ഇവിടെ സന്ദർശിച്ചതിൽ

   Delete
 28. സൂപ്പര്‍...നല്ല എഴുത്ത്.അക്ഷരങ്ങള്‍ പല വലിപ്പത്തിലായത് മാത്രം രസം കെടുത്തുന്നു.

  ReplyDelete
 29. ഹായ് മാഷേ..പെരുത്ത് ഇഷ്ടായി ട്ടാ
  ഇവിടെ കണ്ടത്.
  അറിയാതെ പറ്റിപ്പോയതാണ് അക്ഷരങ്ങൾ.
  ഇനി ഉറപ്പായും ശ്രദ്ധിക്കാം..

  ReplyDelete
 30. കാറ്റും മഴയും വേനലും എല്ലാമുള്ള കുപ്പിച്ചി! ശക്തമായ എഴുത്ത്... കുപ്പിച്ചി മനസ്സിലിടം പിടിച്ചു.

  ReplyDelete
  Replies
  1. കുപ്പിച്ചിയിൽ വന്നോ..പെരുത്ത് സന്തോഷം ചേച്ചീ..ഞാനൊക്കെ ചേച്ചീടെ ബ്ലോഗ്,ചേച്ചി ചെല്ലുന്ന ബ്ലോഗ് ഒക്കെ കണ്ട് കൊതിച്ചിട്ടുണ്ട്.എന്റെ ബ്ലോഗിലൊന്നും പ്രതീക്ഷിച്ചിട്ടെ ഇല്ല.
   സുധി(കോളാമ്പി)ആണ് എനിക്ക് പല നല്ല ബ്ലോഗേഴ്സിനെയും പരിചയപ്പെടുത്തി തന്നത്.എന്റെ ബ്ലോഗിലേക്ക് അവരെ ക്ഷണിച്ചത്.ഒരു പാട് സന്തോഷം ട്ടാ

   Delete
 31. ചില കഥാപാത്രങ്ങളങ്ങനെയാണ് , മനസ്സിൽ കയറിക്കൂടും. പിന്നെ ഇറങ്ങിപ്പോകില്ല. അപ്പരുവത്തിലേക്ക് എഴുതിപ്പിടിപ്പിക്കുന്നതിലുള്ള കഥാകാരന്റെ കഴിവ് ഉഗ്രൻ .

  ReplyDelete
  Replies
  1. സമൻ ചേട്ടാ സന്തോഷം ണ്ട് ട്ടാ കുപ്പിച്ചിയെ ഇഷ്ടമായതിൽ.

   Delete
 32. അതിമനോഹരം കഥ. ഇതുപോലെ എത്രയെത്ര അരികുജീവിതങ്ങൾ തങ്ങളുടെ കഥ ആരെങ്കിലും ഒക്കെ പറയും എന്നാശങ്കയോടെ കാത്തുനിൽക്കുന്നുണ്ടാവും.. കഥയുടെ ഇടയിൽ ബ്രേക്ക്‌ ഉള്ള പോലെ തോന്നി.. പാർട്ട്‌ 2 സമയത്തിന് മുന്നോട്ട് പോയി തിരിച്ചു വന്നപോലെ . പള്ളി " എന്നാലും ഞാനിന്നലേം കൂടെ എന്നതിന് ശേഷം തിരക്കഥയിൽ എന്നപോലെ കുപ്പിച്ചിയുടെ മരണാനന്തര ചടങ്ങുകൾ കാണിക്കുന്നത്.. little confusing there. പിന്നെ മൂക്കുത്തിയുടെ റഫറൻസ് മുൻപ് ഉണ്ടെങ്കിൽ അത് ഒന്നാം വായനയിൽ ശ്രദ്ധയിൽ പെട്ടില്ല .. നല്ല ഒരു കഥ വായനയ്ക്ക് നന്ദി. നമ്മുടെ ഗ്രൂപ്പിൽ ഏറ്റവും അവസാനം ഈ കഥ വായിക്കുന്നത് ഞാനായിരിക്കും അല്ലേ..

  ReplyDelete
 33. ഉട്ടോ വൈകിയാലെന്താ വന്നതിലും,വായനയിലും നന്നായി സന്തോഷിക്കുന്നു.മൂക്കുത്തി പ്രയോഗം പാതിയിൽ തന്നെ വരുന്നുണ്ട്,എന്നാലും ഉട്ടോയുടെ നിരീക്ഷണത്തെ പൂർണ്ണമായും ഉൾക്കൊള്ളുന്നു.ആവും വിധം റീ അറേഞ്ച് ചെയ്തിട്ടുണ്ട് ട്ടാ.സലാം 

  ReplyDelete

അഭിപ്രായമുണ്ടോ....?