കുപ്പിച്ചി ഒരു വെളിപാടായിരുന്നു.
ഇലയനങ്ങാനൊരു ചെറുകാറ്റുപോലും വീശാത്ത വേനലിൽ,
വെയിൽച്ചൂടിലാവിയാറ്റിക്കിടന്ന നാട്ടുവഴികളുടെ വിജന വ്യഥകളിൽ അവർ പൊടുന്നനെ മുളച്ചുപൊന്തും.
ഒറ്റക്കും തറ്റക്കും നടന്ന് കളിക്കുന്നതിനിടയിൽ കുപ്പിച്ചിക്ക് മുന്നിൽ ചെന്ന് പെടുന്ന കുട്ടികൾ അവർക്കുൾകൊള്ളാനാവാത്തതായ അനേകം കാരണങ്ങളാൽ
തറഞ്ഞ് നിന്നു.
"ഏവുടുക്കാറാ ഇയ്യ്"
...
മുറുക്കാൻചാറൊലിച്ച വായ്കോണുകൾ താഴേക്ക് വക്രിച്ച് പിടിച്ചാണ് ചോദിക്കുക.
കിലുക്കാം പെട്ടിചെടികളിൽ കാറ്റ് കൊണ്ടപോൽ കുട്ടികളുടെ ഉടൽ വിറക്കും.
മുഖത്ത് ,ചുളിവുകളുടെ ഗുണനചിഹ്നങ്ങളിൽ വീണുകിടക്കുന്ന കെടുകാലങ്ങളുടെ കാർക്കശ്ശ്യം.
ഭയത്തിന്റെ മിന്നലാട്ടങ്ങൾ തെളിയാൻ തുടങ്ങുന്നത് കണ്ട് കുപ്പിച്ചിചിരിക്കും,
കണ്ണും,കവിളും,
ഗുണനചിഹ്നങ്ങളും ചിരിക്കും.
അര നൊടിയിൽ വക്രിച്ച വായ്കൊണുകൾ വാത്സല്യത്തിന്റെ അമ്പിളിക്കലയാകും.
"ന്റെ കുട്ടി പേടിച്ച?
കുപ്പിച്ചി വെറുക്കന കാട്ടണതല്ലേ.."...
ചെളിപിടിച്ച മൂക്കുത്തിയുടെ നടുക്കെവിടെനിന്നോ അകപ്പെട്ടുപോയ ദുരാത്മാക്കളുടെ കൺതിളക്കങ്ങൾ.
അവയിൽ.
അൽപ സമയത്തെ ആർദ്ര ദൈന്യം
വെയിലിന്റെ ഉച്ഛതയിൽ മോഹലസ്യമുണ്ടാക്കുന്ന
ആ മൂക്കുത്തിതിളക്കത്തിലേക്ക് ആത്മാക്കൾ
വലിച്ചെടുക്കപ്പെടാറുണ്ട്.
നാട്ടിൽ കട്ടിലൊഴിയാതെ കിടപ്പായ മുത്തികളും മുത്തൻ മാരും
ശരീരം വെടിയാൻ മടിക്കാണിച്ച് എടങ്ങേറുണ്ടാക്കുമ്പോൾ
പുത്രാദികൾ കുപ്പിച്ചിയെ ചെന്ന് കാണും.
ചാണകം മെഴുകിയ ഇറയത്ത്
കറ്റ കെട്ടി വെച്ച ചൂൽ പുല്ലുകൾക്കരികെയിരുന്ന്
വിസ്തരിച്ചൊരു മുറുക്കുണ്ട്.
ആ സമയം കൊണ്ട് വന്നവർ കഥയത്രയും പറഞ്ഞു തീർത്തേക്കണം.
കണ്ണടച്ച്,
പറഞ്ഞതത്രയും കേട്ട് കുപ്പിച്ചി ആദ്യത്തെ തുപ്പ് തുപ്പും..
മുറുക്ക്
ചുവന്നില്ലെങ്കിൽ വന്നവർക്ക് നിരാശരായി മടങ്ങേണ്ടി വരും.
മുറുക്കിതുപ്പുന്ന ചോപ്പിൽ അവർ എടുക്കാനേൽക്കുന്ന ആത്മാവിനെയറിഞ്ഞു.
അരിയും പൂവുമിട്ട വെള്ളം എടുത്ത് വെച്ച് വീട്ടുകാർ തയ്യാറായി നിൽക്കണം.
അയഞ്ഞകാറ്റ് പോലെ കുപ്പിച്ചി വന്നു കയറിയാൽ
കിടപ്പുരോഗിയുടെ തലക്ക് പുറകിലായ് സ്ഥാനമേൽക്കും.
കൈപ്പടങ്ങൾ ഒരുങ്ങികിടക്കുന്ന
യാത്രികന്റെ നെറ്റിമേൽ വെച്ച് അല്പ നേരം കണ്ണടച്ച് നിന്നതിന് ശേഷം,
ചെവിയിൽ മുറുക്കാൻകറ പറ്റിയ ചിറി ചേർത്ത്
ദുരൂഹമായൊരു മൊഴിചൊല്ലലാണ്.
നിവർന്നു കഴിഞ്ഞാൽ
തയ്യാറാക്കി വെച്ച തീർത്ഥം
മൂന്നുരു
രോഗിയുടെ ചുണ്ടിൽ നനച്ചു കൊടുക്കും കുപ്പിച്ചി.
ഒരു കവിൾ സ്വയം കുടിക്കും.
പിന്നെ തിരിഞ്ഞു
നോക്കാതെയിറങ്ങിപ്പോകും.
അന്നത്തെ രാത്രി കടക്കാനാവാതെ
രോഗി കട്ടിലൊഴിയും.
മുതിർന്നവർ പോലും
മാട്ടും മാരണവുമറിയുന്ന കുപ്പിച്ചിക്കെതിര് നിന്നില്ല.
നിറം മങ്ങിപ്പോയൊരുകീറത്തോർത്ത് തലയിൽ വാരിചുറ്റി,
യൂക്കാലിയും ,
മുളയും,
പുല്ലാനിമൂർഖനും തിമർത്ത് വസിക്കുന്ന എട്ടാം മേടിൻറെ പാർശ്വങ്ങളിൽ കുപ്പിച്ചിയുടെ വഴിച്ചാലുകൾ തെളിഞ്ഞു കിടന്നു.
ആളൊപ്പം വളർന്ന് നിന്ന
പൊന്തകളിൽ ഒന്നിനെയും ഭയക്കാതെ അവർ ചൂൽപുല്ല് തിരഞ്ഞ് നടക്കുമ്പോൾ
കാട്ടിൽ മേയാൻ കേറുന്ന പൈക്കൾ കുപ്പിച്ചിയോടു തല വെട്ടിച്ച് കുശലം പറഞ്ഞുകൊണ്ട് കടന്നുപോയി .
വിളഞ്ഞു നിന്ന ചൂൽ പുല്ലുകൾക്കിടയിൽ കുപ്പിച്ചി മുങ്ങിനിവരുന്നത് കാണാത്ത കന്നാലി നോട്ടക്കാരുണ്ടാവില്ല.
അമ്പിളിക്കല പോലെ നേർത്ത വായ്ത്തലയുള്ള അരിവാൾകൊക്ക് ഉടുമുണ്ടിന്റെ പിറകിൽ ചന്തിച്ചാലിലേക്ക് കൊളുത്തിയിട്ട് കുപ്പിച്ചി ദേശത്തെങ്ങുമെത്തി.
താണ്ടിയത്തെ തറവാട്ടു പടിക്കൽ,
ബ്രിജീത്താൾച്ചമ്മയുടെ അടുക്കള വരാന്തയിൽ, പാണൻ കുട്ടാപ്പുവിന്റെ കിണറ്റുംതിണ്ണയിൽ
അങ്ങനെ,,
കുപ്പിച്ചിക്ക് 'അകവാശമില്ലാത്ത'
ഇടങ്ങൾ ദേശത്ത് കുറവായിരുന്നു.
"കുതരന കൊണ്ട് ചവിട്ടിപ്പിച്ച് പതം വെര്ത്ത്യെ പൊകല റെബ്ര്യ്യേന്റെ* പീട്യേന്ന് വെര്ത്തിച്ചത്, മുർക്കണേന്റെപ്പം ഇനിക്കും തെരും ന്റെ
നാണ്യേത്ത്യാര് ,.
അതാ ഞങ്ങടെ ഇരിപ്പ് വെശം".
നാട് മുഴുവൻ ഒരുപാട് ഇരിപ്പുവശ ങ്ങൾ ഉണ്ടായിരുന്നു കുപ്പിച്ചിക്ക് .
ഇരിപ്പുവശങ്ങൾക്കുള്ള പരിഗണനയെ കുപ്പിച്ചി ഇങ്ങനെ പറയും .
"പത്തുർപ്പ്യന്റെ ചൂലോന്ന്വല്ലാ
ങ്ങക്ക് ഞാൻ തെരണത്
ഇദ്പെശലാ...
പങ്കെച്ച് രണ്ടാക്ക്യെരാൻ ചേത്ത്യാരുട്ടി വരുമ്പോ പർഞ്ഞോളാ.
അടുപ്പക്കാരോട് മാത്രമുള്ള ഔദാര്യമാണത് ..
നിവർത്തിക്കാത്ത നാട്ടുനടപ്പുകളുടെ ,
മാനം മര്യാദകളുടെ, പൊറുക്കാനാവാത്ത ഇരിപ്പുവശങ്ങളോടും കുപ്പിച്ചിക്ക് കലഹമില്ലായിരുന്നു .
"ഒ!, ന്റെ ചേനാരെ,
ങ്ങക്ക് ഒര് പുതുമ കേക്കണാ"..
അങ്ങനെയാണ് തുടങ്ങുക.
മണ്ണാത്തി പാറൂന്റെ
മോൾട
മോൻ ഒര് പെങ്കുട്ടീനെം കൂട്ടീറ്റ്
വന്നേർക്കണ് !!
ചെമ്പുവളയമിട്ട ചൂണ്ടുവിരൽ
അമ്മം പിടിച്ച ചുണ്ടുകൾക്ക് മേലെ വെച്ച് ആശ്ചര്യം കാണിക്കും.,
പിന്നെ അടുത്ത പുരാണത്തിലേക്ക്.
ഓരോ
സംഭാഷണങ്ങളും *മുണ്ടനിൽ തട്ടിനിന്ന് ഇടക്കൊന്നു വിശ്രമിക്കാതെ,
നെടുവീർപ്പിടാതെ തുടർന്ന് പോകാറില്ല.
"ൻറെ മുണ്ടൻണ്ടാർന്നപ്പോ,
ഇനിക്ക് ന്ത് സുകാർന്നു,.."
കുപ്പിച്ചിയുടെ കുഴിക്കണ്ണ് നിറയും.
പുല്ലുചൂലും,
ഊർദ്ദംവലിക്കാരും പിന്നെ
കഞ്ഞിയും,കാവത്തുമൊക്കെയായി കുപ്പിച്ചിയുടെ ,,
ദിനച്ചെലവ് നീങ്ങിപ്പോയിരുന്നു .
ഇടക്ക് വല്ലപ്പോഴും
ച്ചുക്കിരിചെരട്ടേല് തൊണ്ട നനക്കാനിത്തിരി ചാരായം വേണം.
അവിടെ മാത്രം പക്ഷെ അവർക്ക് ഇരിപ്പുവശങ്ങളുണ്ടായിരുന്നില്ല.
ആരും അവർക്ക് അവകാശം കൊടുത്തതുമില്ല.
ഒരിക്കൽ,
കുപ്പിച്ചിയറിയാതെ
ഈട്ടംകൂട്ടി വെച്ച കാശ്കൊണ്ട്
മുണ്ടൻ അവർക്ക് സമ്മാനിച്ചതാണ്
പണത്തൂക്കം പോന്ന ആ മൂക്കുത്തി.
ഇടക്ക് ആ മൂക്കുത്തിതിളക്കത്തിൽ തടവിനോക്കി
അവർ കണ്ണ് നിറച്ചു...
"ൻറെ മുണ്ടൻണ്ടാർന്നെങ്ങെ"'
എന്ന്
പാതിയിൽ എന്തോ പറഞ്ഞു നിർത്തി..
ഭർത്താവിന്റെ പെട്ടന്നുള്ള മരണം കുപ്പിച്ചിയെ വേരോടെ പിഴുത് നിലത്തടിച്ചു കളഞ്ഞു.
പതിയെ പതിയെ
മുണ്ടന് മുൻപുള്ള കാലത്തിൽനിന്നും അവർ അടർന്നുവീണു..
നീരോട്ടം നിലച്ച ഒരു ചില്ലയില്നിന്ന് അവസാനത്തെ ഇലയും കൊഴിഞ്ഞു വീഴുമ്പോലെയായിരുന്നു അത്.
അവരെ കുറിച്ച് തിരക്കാൻ എങ്ങുനിന്നും ആരും വരാതായി.
മുത്തിയും, മുത്തൻ മാരും കട്ടിലൊഴിയാതെ മരണം കാത്ത് കിടന്നു.
കരിമ്പനപ്പട്ടയും വൈക്കോലും മേഞ്ഞ ചെറിയ വീട്ടിൽ
കുപ്പിച്ചി മുണ്ടൻറെ ആത്മാവിനോട് മിണ്ടിയും പറഞ്ഞും കഴിഞ്ഞു.
വൈകുന്നേരങ്ങളിൽ ഉമ്മറത്ത് കാൽ നീട്ടിയിരുന്ന് ചൂലുകൾ തട്ടിക്കെട്ടുമ്പോ,
അദൃശ്യനായ മുണ്ടനോട് കുപ്പിച്ചി കലഹിക്കും ,,,
"ആ വാഴന്റെ വള്ളി , ഇക്കൊന്നെട്ത്തെരേ റ്റെ ചീതോടെ ങ്ങക്ക്"..
അപ്പൊക്കാണാം..!
എങ്ങു നിന്നോ
കാറ്റിലൊരില പറന്ന് വീഴുന്നു!!
അല്ലെങ്കിൽ, തൊടിയതിരിലെ എട്ടിൽ അപ്പാടെ ഉണങ്ങി
ജഡപിടിച്ചു നിന്ന മുളംകൂടിന്റെ അസ്ഥിപഞ്ചരത്തിലിരുന്ന് ഒരു മൂങ്ങ മൂളുന്നു!!
കുപ്പിച്ചി ചിരിക്കും..
മുണ്ടന്റെ മറുപടിയാണ്.
"മുണ്ടൻ ചത്തേപിന്നെ തള്ളക്ക് ഇത്തിരി നൊസ്സാ" ..
ആളുകൾ കളിപറഞ്ഞു.
കുപ്പിച്ചിയിൽ എല്ലാമുണ്ടായിരുന്നു,
കാറ്റും,മഴയും,വേനലും വെയിലും എല്ലാം.
ഒരു താന്നിമരം പോലെ അവർ എല്ലാത്തിനും മേലെ പടർന്ന് നിന്നു.
അന്നും
ചാണകം തേച്ച വരാന്തയിലിരുന്ന്
മുണ്ടന്റെ അദൃശ്യ സാനിധ്യത്തോട് കലഹിച്ച്
കുപ്പിച്ചി
ചൂല് തട്ടി ക്കെട്ടികൊണ്ടിരിന്നു.
വേലിപ്പണി കഴിഞ്ഞു വരുന്ന പള്ളി,
ആ പടി കടന്നു പോകവേ കണ്ടതാണ്.
തലക്ക് മേലെ പിടിച്ച ഒരു തേക്കിലയാൽ ചാറ്റൽമഴയെ വകഞ്ഞ് കടന്നു പോകവേ..
"കുപ്പിച്ച്യേ..
മുണ്ടനെ ഞാൻ അന്നേഷിച്ചു ന്ന് പറഞ്ഞാളാ ട്ടാ."
എന്നൊരു വഴിച്ചൊല്ലെറിഞ്ഞു
തള്ളയെ ചൊടിപ്പിക്കാൻ മറന്നില്ല പള്ളി.
***
പിറ്റേന്ന്
കരിമ്പനകൾ കാവൽ നിൽക്കുന്ന തൊടിയിലേക്ക് ആധിപ്പെട്ട് കയറുമ്പോൾ അയാൾ അത്തന്നെ പറഞ്ഞോണ്ടിരുന്നു...
"ഇന്നലേം കൂടി..."
മുറ്റത്തെ എക്കുകളിൽ ,ഒഴുകിപ്പോകാൻ മടിച്ച് തലേന്ന് പെയ്ത മഴ.
ഒരു കല്യാണ വീട്ടിലെന്നപോലെ
സൊറ പറഞ്ഞ് നിക്കുന്ന ആൾക്കൂട്ടം.
അടച്ചിടാത്ത അകായിൽ കുപ്പിച്ചി മരിച്ചു കിടന്നു.
യാതൊരു പ്രതിഷേധവുമില്ലാതെ, തണുത്തു വിറങ്ങലിച്ച്,
നീണ്ടു നിവർന്ന്..
തീണ്ടാൻ മടിച്ചു നിന്ന മരണങ്ങളെ ആവാഹിച്ചു വരുത്തുന്ന മന്ത്രവാദിനി.
ചെകിടിൽ മരണമോതി ആത്മാക്കൾക്ക് വിടുതൽ
കൊടുത്തിരുന്നവൾ..
ഒരു ചെറു കൂരയുടെ ആകായിൽ
നിസാരമായി അണഞ്ഞു കിടക്കുന്നു.
വ്യർത്ഥ വാർദ്ധക്യം,
അനാഥത്വം,
അർത്ഥശൂന്യമായ ആപൽ സാധ്യതകൾ.
നാട്ട് നടപ്പിൽ അവരുടെ മരണം ഒരു സുകൃതമായി.!
അത് സത്യമുള്ള കുപ്പിച്ചിയുടെ തെളിവായി.!
സെൻ മേരിസിലെ
നേഴ്സ് നെ കൊണ്ട്
വന്ന് മിടിപ്പ്നോക്കിച്ചു.
മരണം
അങ്ങനെ ഔദ്യോദികമായി.
ഇനീപ്പോ എന്ത് നോക്കാനാ??,
ആരേ കാക്കാനാ ??
"എടുത്ത് കെടത്താൻ നോക്കാ"..
മുണ്ടന്റെ അകന്നൊരു ബന്ധുകൂടിയായ ചാത്ത സന്ദർഭത്തിനൊത്ത് കാരണവരായി ഉയർന്നു.
"കുളിപ്പിക്കാൻല്ലോര് അങ്ങട് മറേൽക്ക് പൊക്കാളാ".
മറപ്പെരേല് വെള്ളം വച്ചിട്ട് കാളിക്കുട്ടി വന്നു വിളിച്ചു.
ഇരിപ്പുവശത്തിന്റെ അവകാശം വച്ച് ,
ഇടവഴികൾ തേഞ്ഞു ചേർന്ന കുപ്പിച്ചിയുടെ കാലടികളെ ചേർത്തു പിടിച്ച് കരയാൻമാത്രം
ഉൾചൂടുള്ള ആരുമുണ്ടായിരുന്നില്ല.
കൂരയുടെ തെക്കേപ്പറത്ത് എല്ലാം കഴിയുമ്പോഴേക്കും വെയിലാറിയിരുന്നു.
തലേന്നത്തെ കാറ്റിലും മഴയിലുമാവണം,
കുപ്പിച്ചിയുടെ
അതിരിന്റെ എട്ടിൽനിന്ന, ഉണങ്ങി ചിലമ്പിച്ച ഒരു മുളംകൂട് അതിന്റെ ദുർബ്ബലമായ വേരുകളിൽ നിന്ന് വേർപ്പെട്ട് വീണ് കിടന്നു.
ഉണങ്ങിയതെങ്കിലും, നാലതിരിനുള്ള വേലിക്ക് വക കണ്ട പള്ളി
ചടങ്ങ്കൾ കഴിഞ്ഞതോടെ,
ഒരു കണ്ണളവിന്
അതിനടുത്തേക്ക് നടന്നു.
തൊടിയിലെ,
മാനം മുട്ടി നില്ക്കുന്ന
കരിമ്പനകളുടെ നിസ്സംഗതക്ക് മേൽ പോക്ക് വെയിൽ ചാഞ്ഞു.
ആളുകൾ പതിയെ പിരിയാൻ തുടങ്ങി.
വീണുകിടന്ന മുളംപട്ടിലിനിടയിൽനിന്ന്
നനമണ്ണിലേക്ക് ഒലിച്ചു കിടന്ന ചോരപടർപ്പ് കണ്ട് പള്ളി
''ചാത്തോ!!
ചങ്ങരോ
ഓടിവാണ്ടാ!!!"
ചാത്തയും ചങ്ങരനും മാത്രമല്ല,
കര മുഴുവൻ ഇളകിയ ആ വിളിയിൽ പിരിഞ്ഞുപോയവർ വരെ ആളിയെത്തി.
വീണുകിടന്ന മുളംപ്പട്ടിലിന്റെ പിണപ്പുകൾക്കിടയിൽ പെട്ട് വികൃതമായ ഒരു മനുഷ്യ ശരീരം..!
ഇല്ലിമുള്ളുകൾ
തറഞ്ഞു കോർത്ത്
ആസകലം വരഞ്ഞു കീറിയ അതിന്റെ
വലത് കരം മാത്രം പുറത്തേക്ക് നിവർന്ന് കിടന്നു.
പ്രാണൻ വിടുന്നേരമാവണം ചുരുട്ടയഞ്ഞ മുഷ്ടിയിൽ ദുർഗ്രാഹ്യമായൊരു മൂക്കുത്തി തിളക്കം കണ്ട് ദേശം ഞെട്ടി.
പള്ളിക്ക് കുളിര് പൊട്ടി.!!
തലേന്നാളത്തെ ചാറ്റൽ മഴയിൽ ആകാശത്തേക്ക് ദുർബ്ബലമായ
തരുണാസ്ഥികൾ കൊരുത്ത്
നിന്നിരുന്ന ആ മുളം കൂടിന്റെ
ബാഹ്യരൂപം കുപ്പിച്ചിയെപ്പോലെ അയാളിൽ നിറഞ്ഞു..
അതിന്റെ ഉള്ളിരുട്ടിൽ നിന്ന് മുണ്ടന്റെ മറുപടി മൂങ്ങ നീട്ടി മൂളി..
ങ്ങൂ...
ങ്ങൂങ്!
പള്ളി ഉറഞ്ഞു തുള്ളി..
"ന്റെ
ഓലും",
"ന്റെ
ഓലിന്റെ മൂക്കുത്തീം "..
ഹ് ഹ്.. ഹ്""
"മുണ്ടന്റെ കണ്ണ് വെട്ടിച്ചാ,, ച്ഛേദം വരും ട്ടാ..."
അത്രയും വെളിച്ചപ്പെട്ട് അയാൾ മൂർച്ഛിച്ച് വീണു.
സ്വയം പറിച്ചെടുക്കാനാവാത്ത വിധം
കുപ്പിച്ചിയുടെ സത്യത്തിൽ ആണ്ട്
ഒരു ദേശം മുഴുവൻ അന്താളിച്ചു നിൽക്കെ,
ചളിപിടിച്ചൊരു മൂക്കുത്തിയിൽ
വീണ് സഫല സന്ധ്യ തിളങ്ങി.
ശുഭം
*റെബ്ര്യ്യേന്റെ-ഗബ്രിയേലിന്റെ.