Saturday, 23 July 2016

ഉൾമുഖങ്ങൾ

കുട്ടുറുവനും,അരിപ്രാവും,അടുക്കളപ്പാത്രങ്ങളുമുൾപിരിഞ്ഞ സ്വരസ്രോതസ്സുകളിൽ നിന്ന് ,നിയതമായൊരു
ലക്ഷ്യവുമില്ലാതെ കാലത്തിന്റെ തോളിൽ കയ്യിട്ട്  നടന്ന് തുടങ്ങിയതാണ്‌ ഓർമ്മകൾ.

 യാത്രയിൽ ഇടക്ക് പലപ്പോഴായി മനസിന്റെ  പാർശ്വ ഗർത്തങ്ങളിലേക്ക് വലിച്ചെറിഞ്ഞ്കളഞ്ഞ നിരവധി നിരർത്ഥ ബോധ്യങ്ങളുണ്ട്.

ഏറെക്കാലങ്ങള്‍ക്ക് ശേഷവും വേദനയും വെറുപ്പും കലര്‍ന്ന വരണ്ട വേനല്‍കാറ്റായി  വന്ന്  ഉള്‍മുഖങ്ങളിൽ വേവേറ്റുന്നവ..

ഇറയത്തേക്കടിച്ച് കയറി കുളിരുപൊട്ടിച്ച് കടന്നുപോകുന്ന മഴക്കാറ്റുപോലെ നവോന്മേഷം പകരുന്നവ .


ഒരിക്കൽ ഒരു വേനലിൽ,,വെയിലിൽ,പൊടിയും,തിരക്കും നിറഞ്ഞ തെരുവിലൂടെ നടക്കുകയാണ്.

അഴുകിയ ചന്തച്ചാലിന്റെ മുകളിലായി നിരത്തിയിട്ട തട്ടുകൾക്ക്  മുകളിലിരുന്ന് പച്ചക്കറിയും,പഴങ്ങളും വില്ക്കുന്നവർ  അങ്ങാടിക്കാക്കളെപ്പോലെ കലഹിച്ച് കാല്നടക്കാരെ  വിളിക്കുന്നു..

മയപ്പെടുത്താത്ത തെറികള്,ചിരി,
കടന്നുപോയവരിലാരോ പൂശിയ വിലകുറഞ്ഞ അത്തറിന്റെ കുത്തിക്കയറുന്ന മണം.

സ്റ്റാന്റിലേക്ക് നിരങ്ങിയരിച്ച് പോകുന്ന ബസ്സുകൾക്കും തെരുവുകച്ചവടക്കാർക്കുമിടയിൽ  ആളുകൾ തിരക്കിട്ട്,കൂട്ടിത്തൊട്ട് പരസ്പരം കടന്നുപോകുന്നു.

ഓരങ്ങളിൽ  വളർന്ന്  പടർന്ന  വാകമരങ്ങളുടെ തണൽ 

രണ്ട്മണിക്ക് മീറ്റിങ്ങ് തുടങ്ങും.വലിഞ്ഞ് നടന്നാലെ സമയത്തിന് ഓഫീസിൽ  കയറാൻ  പറ്റൂ
പൊള്ളുന്ന ചൂടാണ് പകലുകൾക്ക്,വേഗത്തിൽ  നടന്നാൽ  വിയർത്തൊട്ടും.

.ഇയർ എന്റ് കഴിഞ്ഞ മാസമായതിനാൽ  ബിസിനസ്സ് നന്നേ കുറവാണ്.
ദിവസം രണ്ട് തവണ വീതം ബി എം ന്റെ പ്രസഗം കേൾക്കണം.

"ഗെറ്റ് റിഡൊഫ് ദ് പാസ്റ്റ് റിജെക്ഷന്സ്,, കീപ് ലുക്കിങ്ങ് റ്റുവാര്ഡ്സ് ദ് ഗോള്സ് യു വാണ്ട് റ്റു അചീവ്. "
" ഇന്ഷുറന്സ് ഇസ്  ഡിവൈൻ  ഇൻഡസ്ട്രി യു ഗൈസ് ആർ  ദ് ഗാഡിയൻസ് ഒഫ് ലൈവ്സ് ആൻഡ്  ഇറ്റ്സ് ഡ്രീംസ്."

മാസാവസാനമടുക്കുമ്പോൾ  മൊബൈലിൽ  അദ്ദേഹത്തിന്റെ വിളിവരും.
വിശുദ്ധി കൈമോശം വന്ന ഭാഷയിൽ  അലറും..

"വേര് ദ് ഹെൽ  ആർ  യു??
ഡോണ്ട് ട്രൈ റ്റു ഫക്ക് ഏറൗണ്ട് ദ് ഒഫ്ഫീസ്...

ഇന്ന് ഒരു ഫിഫ്റ്റി തൗസൻഡെങ്കിലും ക്ലോസ്സ് ചെയ്യാതെ  നേരത്തിന് വീട്ടില് പോകാമെന്ന് നീയൊന്നും കരുതണ്ട."

എക്സിക്യുറ്റിവ്  വസ്ത്രം ധരിച്ച തെരുവുതെണ്ടികള്.
വല്ലാത്ത അവജ്ഞ തോന്നി.

അക്കൗണ്ടില് മാസാമാസം വന്നു വീഴുന്ന ഇരുപതിനായിരം രൂപയുടെ ചിരസ്മരണയില് അടുത്ത നിമിഷം തന്നെ അവജ്ഞ ആവിയായി.!

തോളുരച്ചുക്കൊണ്ട് ധൃതിക്കാരനൊരലവലാതി കടന്നുപോയപ്പോൾ  ഇളം നീല സ്റ്റ്രൈപ്സുകൾ കാണാനാവാത്ത വിധം   ചെളിപ്പാട് പരന്നു ഷേര്ട്ടില്.

ഒരു ചുളിവുപോലും വീഴാതെ ദിവസം മുഴുവൻ  കാത്തുപോരുന്നതാണ്.
തിരികെ ചെന്ന് അയാളുടെ പിടലിക്ക് പിടിച്ചൊരു കുത്തുകുത്താനാണ് തോന്നിയത്.

ബൈക്ക് എടുക്കാമായിരുന്നു.

ടൗണിലെ തിരക്ക് പിടിച്ച നിരത്തുകളിൽ  ബൈക്കോടിച്ചുപോകുന്നതോർക്കുമ്പോൾ  ഇപ്പോഴും പേടിയാണ്ടൗണിലെവിടെയുമുള്ള ക്ലയന്റ് മീറ്റിംഗുകൾക്ക് പ്രേമിനെയോ,വിവേകിനെയോ ഒപ്പം കൂട്ടാറാണ് പതിവ്.

അവര് ഫ്രീയല്ലാത്തപ്പോൾ ഇതു പോലെ തനിച്ച്, ശപിച്ച് അങ്ങനെ.

എന്തായാലും വെറുതെയായില്ല.
മോശമല്ലാത്തൊരു ഡീല് കിട്ടി.
ഇരുപത്തയ്യായിരം ആന്വല് പ്രീമിയം...റെഡി ക്യാഷ്.
ഇനി രണ്ട് ദിവസത്തേക്ക് ബി എം മിണ്ടില്ല.

കവിളും,കാൽ  മടമ്പും ചുവന്ന ഒരു ഗൾഫുകാരൻ കസ്റ്റമർ.
കൗമാരക്കാരായ അയാളുടെ പെണ്മക്കളക്ക് ചേർന്ന   ഒരു പ്ലാൻ  പിച്ച് ചെയ്തുകഴിഞപ്പോൾ ,
പ്രശാന്തഹരിതമായ ഭാവിപ്രദേശങ്ങളിലെ താഴവരകളിലെവിടെയോ   
 സ്വപ്നങ്ങൾ  വാറ്റിയെടുത്ത് നുണഞ്ഞ് ഒരു വേള  നിശബ്ദ്ധനായിരുന്നതിനു ശേഷം എഴുന്നേറ്റ് പോയി  ആയിരത്തിന്റെ ഇരുപത്തഞ്ച് നോട്ടുകൾ  കൊണ്ടുവന്ന് തന്നു.

പാൽചുവയുള്ള സ്വീറ്റ്സും,റ്റാംഗ് കലക്കിയതും കഴിച്ചതിനു ശേഷം നന്ദി പറഞ്ഞ് തിരികെ പോരുമ്പോൾ  ആർക്കൊക്കെയോ  മുകളിലേക്ക് വളർന്ന്  പൊങ്ങുന്നതായൊരു തോന്നലുണ്ടായി.

സ്റ്റാൻഡ് റോഡില്നിന്ന് ഇടവഴിയിലേക്ക് കടന്ന്
പുരാതനങ്ങളായ മേല്പുരകളിൽ  നിറം കെട്ട എഴുത്തു ബോര്ഡുകൾ തൂങ്ങുന്ന ആളൊഴിഞ്ഞ കെട്ടിടങ്ങളുടെ നിഴലു പറ്റി നടന്നു.

എളുപ്പമെത്തും.

വീതികുറഞ്ഞ് ഇരുവശങ്ങളിലും ആഴമുള്ള ഓടകളോടുകൂടിയ വഴിയാണ്.

ചെറുതും വലുതുമായ തണൽമരങ്ങൾക്ക് കീഴെ ശാന്തമായി വിശ്രമിക്കുന്ന ഇതുപോലുള്ള നിരവധി ഇടവഴികളുണ്ട് നഗരത്തിൽ.ഉപേക്ഷിക്കപെട്ടവ.

എളുപ്പമെത്തേണ്ട ഏതെങ്കിലും ചിലർ ഗതകാലത്തിന്റെ ആരവസ്മൃതികളെക്കേൾക്കാതെ   വഴികളിലൂടെ കടന്നുപോയി.
അവരിലൊരാളായി നടന്നു.

ഒന്നു രണ്ട് കാക്കകൾ  വഴിയരികിലിരുന്നു പരാതി പറയുന്നുണ്ട്.

തന്റെ വടിത്തുമ്പിൽ  വഴിയറിഞ്ഞ് ഇരടിയിരടി വരുന്ന  അന്ധനായ ഒരു ലോട്ടറിക്കാരനും,
അയാൾക്ക് പുറകിൽ അല്പമകലെയായി കുടചൂടി നടന്നു വരുന്നൊരു ചുരിദാറുകാരിയുമല്ലാതെ ആവഴിയിൽ  എന്നെക്കൂടാതെ ആരുമില്ലായിരുന്നു.

ഷെയ്പ്പു ചെയ്തു തയിച്ച ചുരിദാറില് അവള് സുഭഗയാണെന്ന് കണ്ണു ചിന്നുന്ന വെയിൽ  വെട്ടത്തിലും  കണ്ടു.

നോട്ടം ലോട്ടറിക്കാരനിലേക്ക് മാറ്റി മാന്യതയുടെയൊരിടവേളയെടുത്തു.

അകാശത്തേക്കൽപ്പമുയര്ത്തിപ്പിടിച്ച കറുത്തു തിളങ്ങുന്ന മുഖത്ത് വറ്റിക്കിടക്കുന്ന വെയില്ക്കാലങ്ങള്.

വെളുത്ത ഷേര്ട്ടും പെട്ടന്നൊന്നും അഴിയാതിരിക്കാനെന്ന വണ്ണം മുറുക്കി മടക്കി കുത്തിയ വെളുത്ത മുണ്ടും


നാളത്തെ സൗഭാഗ്യത്തെ വിളമ്പരം ചെയ്ത് വടിത്തുമ്പിൽ വഴിയറിഞ്ഞ് നടക്കുന്ന ലോട്ടറിക്കാരൻ.

വിയർക്കാതിരിക്കാൻ ശ്രധിച്ച് സാവധാനം നടന്നു.

ആളനക്കമില്ലാത്ത  ഇടവഴിയിൽ  അയാളെങ്ങനെ വന്നുപെട്ടു എന്ന് ചിന്തിച്ചുകൊണ്ടിരിക്കെ അല്പം  മുന്നിലായി   ലോട്ടറിക്കാരൻ   വലതുവശത്തെഓടയിലേക്ക് കാല് തട്ടി മറിഞ്ഞ് അപ്രത്യക്ഷനായി.


ഓടയില്നിന്ന് പുറത്തേക്ക്ആ വെളുത്ത വടിത്തുമ്പു മാത്രം അല്പം നീണ്ട് നിന്നു വിറച്ചു.

കാറ്റനക്കാത്ത നേരത്ത്, തൊപ്പിയടർന്നൊരു തേങ്ങ വീഴുന്ന പോലെയാണ് അയാള് വീണത്.ഒരു നിലവിളിയോ ആന്തലോ പോലുമില്ലാതെ.

എതിരെ വന്നിരുന്ന ചുരിദാറുകാരിയെ നോക്കി.!

നിസ്സംഗയായി അവള് നടന്നു വരുന്നു.


അയാൾ വീണുപോയ ഓടയോട് ചേര്ന്ന് പതിയെ നടന്നു.


പതറിയെഴുനേല്ക്കാൻ തുനിയുകയാണ് അന്ധൻ.
വീഴ്ച്ചയിൽ അയാളുടെ കറുത്ത കണ്ണട നഷ്ട്പെട്ടിരുന്നു.

ഉള്ളിലേക്കു ചുരുണ്ട്ചുരുങ്ങിയ  കൺകുഴികളിലൊന്നിൽപറ്റിയ  കുറുകിയ ചെളി,, 

കറുത്തുമിന്നുന്ന മുഖത്ത് വിലാപം പോലൊരു ചിരി.,,
 ,വെളുത്ത വസ്ത്രങ്ങളിലാകെയും അഴുകിയ ഓടവെള്ളം .

എണ്ണതേച്ച് വശത്തേക്ക് ചീകിവച്ചിരുന്ന ചുരുളൻ  മുടി ചിതറിയിരിക്കുന്നു ഇടയിലെവിടെയോ ചുവപ്പ് പൊടിയുന്നുണ്ട്.
പരതി എഴുന്നേല്ക്കാൻ ശ്രമിക്കുന്നതിനിടയിലും 
ലോട്ടറിടിക്കറ്റുകൾ  ക്ലിപ്പുചെയ്തു വെച്ച ചെറിയ ബോഡ്   അയാള് തലക്കുമേലെ ഉയര്ത്തിപ്പിടിക്കാൻ  ശ്രമിക്കുന്നത് കണ്ടു.


ചുരിദാറുകാരി കടന്നുപോയി.ഇടം കണ്ണിലവളുടെ പിന്നഴകിന്റെ താളം.....


നടന്നു...