Monday, 16 November 2015

അമ്മമരം   Madavan.

പൂർത്തിയാവാത്ത നിഴൽ ചിത്രങ്ങൾ മാറി മാറി വരയ്ക്കുന്ന ഇലപ്പഴുതുകൾക്ക് താഴെ,
വെയിൽതുള്ളികൾ ചോരുന്ന
ഞാവൽ തണലിൽ..
നനയാൻ തുടങ്ങുന്ന അയാളോട്
മരം പറഞ്ഞു.
"കരയരുത്
എന്റെ മുറിവുകളുടെ
ഓർമ്മയിലിന്ന്
കിളികളുണ്ട് അടയിരിക്കുന്നു .
തളരാതെ നീയിക്കാലത്തെക്കടക്കുക"
മുരടുകൾ  നിറഞ്ഞ തായ്ത്തടിയുടെ
പരുക്കൻ ചേതനയിലേക്കു
കനംവെച്ച ശിരസ്സു താങ്ങി
കണ്ണടക്കുമ്പോൾ
തളിരിലകൾനിറഞ്ഞൊരു ചെറുചില്ലകൊണ്ട് മരമയാളുടെ മുഖം തന്നിലേക്ക്‌ ചേർത്തു.
അൽപ്പമുഴറിപ്പകച്ച്
കടന്നുപോകാനൊരുങ്ങിയൊരു കാറ്റിന്റെ
അരിക് കോതിയെടുത്ത്
മരമയാളെ ആറ്റി...
വരണ്ട നെറ്റിമേൽ ,,
കാട്ടുതീ പടർന്ന ശിരോ മേഖലകളിൽ
വാൽത്സല്ല്യം വിരലോടിക്കുകയാണ്.
കാതിൽ പറയുന്നുണ്ട് ,
കരയല്ലേ ...
ഒന്ന്  വീണുപോയതല്ലേ..
പൊട്ടിയ കാൽമുട്ടിൽ
അമ്മ ഊതിത്തരികയാണ്. 

Friday, 15 May 2015

ആമവേദം* എന്ന കൊസ്രാങ്കൊള്ളി

 

ഒറ്റ വലി,
 
പിന്നെ അതില്ല ..!!
 ഇതുമില്ല .
 
മുന്നും പിന്നുമില്ല ,
സർവ്വമേകം .
 
ബിഗ്‌ ബാങ്ങിനു മുന്പുള്ള 
അസ്പഷ്ട പിണ്ടം:)

മൊരത്ത 
പരം പൊരുൾ !!
 
പകലും പച്ചപ്പരമാർത്ഥങ്ങളുമില്ല 

രാവില്ല രാപ്പനിയില്ല
 
ആളുംമാളും 
ആരുമാരുമില്ലായ്മയുമില്ല.
 
സ്ഥലകാലങ്ങൾ 
"റാൻ" വെച്ച്  പിറന്ന പടി തൊഴുത് നിൽക്കും.
 
മോങ്ങാനിരുന്ന പട്ടിയോ 
പൊതിക്കാത്ത പരുവത്തിൽ 
കുരങ്ങച്ചനോ 
കുറച്ചെങ്ങാനുമറിഞ്ഞ് കാണും..

അത്രക്കത്രക്കഗാധനിഗൂഢ:നിശിതകൊനഷ്ഠാണു 

ആമവേദത്തിലെ അദ്വൈതം ...


*
ചതുർവേദങ്ങളുമായൊ,വേദാംഗങ്ങളും ഉപവേദങ്ങളും ഉപനിഷത്തുക്കളുമായൊ "ആമവേദം" അഥവാ "tortoise veda" എന്ന എന്റെ കൊസ്സ്രാങ്കൊള്ളിക്ക് യാതൊരു നൂൽബ്ന്ധവുമില്ലെന്ന് ഇതിനാൽ പ്രഖ്യാപനം ചെയ്തുകൊള്ളുന്നു .
 
മേൽ പ്പറഞ്ഞതിൻപേരിലുണ്ടാകാനിടയുള്ള രക്തരൂക്ഷിതമായ  ലഹളക്കും,തീവെട്ടിക്കൊള്ളക്കും,കർഫ്യൂവിനും,ലാത്തിയടിക്കും, ആകാശവെടിക്കും,പട്ടാളമാർച്ചിനും,അന്താരാഷ്ട്ര സമ്മർദ്ദത്തിനും ,ആണവായുധപ്രയോഗത്തിനും ,
ആണവമറുപ്രയോഗത്തിനും ,,,കൂട്ടാണവപ്രയോഗത്തിനും പിന്നീടുണ്ടാകാനിടയുള്ള സർവ്വനാശത്തിനും ഞാൻ ഉത്തരവാദിയായിരിക്കുന്നതല്ല എന്നും ഇതിനാൽ അറിയിച്ചുകൊള്ളുന്നു .


 

 
 

Monday, 13 April 2015

കാഷ്ട കൃത്യം,കർമ്മ ഫലം.


അവളെന്റെ പ്രണയം 
ചിറികോട്ടി നിരസിച്ച്
തിരികെത്തുളുമ്പി നടയന്നനട കൊള്ളുമ്പോൾതലയിൽ, അസ്സാമ്മാന്യസുഭഗമായ്
തൂറണം  ഉദരരോഗി
നാറു മങ്ങാടിക്കാക്ക.


.

Thursday, 2 April 2015

ഓണങ്ങളിൽ ചിലത്


.
ട്ട്തട്ടായി തിരിച്ച  ഞ്ഞാറ്റെട്ടിയിയുടെ ഏട്ടില്‍ ,തെറ്റിത്തെറിച്ച് കാവല്‍ നില്‍ക്കുന്ന അഞ്ചാറ് കരിമ്പനകളുണ്ട്.

കാക്കക്കിരിക്കാന്‍ തണലില്ലാത്ത വെയിലില്‍,
മഴത്തൂണുകള്‍ കുന്നിറങ്ങി കണ്ടംകടക്കുന്ന വര്‍ഷങ്ങളില്‍,
ഇടം വലം നോക്കാതെ തന്നിലേക്കാണ്ട്   പണിയെടുക്കുന്ന ചെറുമരെക്കണക്ക്  കാലങ്ങളായ് അവയവിടെ നില്ക്കുകയാണ് .പനമ്പട്ടകളില്‍ തൂങ്ങുന്ന തൂക്കണാം കുരുവികളുടെ  ആട്ടുകൊട്ടാരങ്ങളിലേക്ക്
നടവരമ്പില്‍ നിന്ന്  അടര്‍ത്തിയെടുത്ത മണ്‍കട്ടകളെറിഞ്ഞ് നടന്നു..

ഓണക്കളം നിറയ്ക്കാൻ പടിഞ്ഞാറെപ്പാടത്ത്, നിറമുള്ള ചാമപുല്ലിന്റെ കതിരു പറിക്കാനിറങ്ങിയതാണ്

പാടത്തിന്റെ അങ്ങേ അറ്റത്ത്,
നിത്യനിദാനത്തിനുവകയില്ലാത്ത തലമുറകളുടെ പ്രാര്‍ത്ഥനകളും,പരിഹാര  ശിലകളും കുന്നുകൂടിക്കിടന്ന  അന്ത്യാളന്‍കാവിനുമപ്പുറത്ത്,

നീലപ്പുക കുരുങ്ങിയ കുന്നിന്‍ ചെരിവുകളില്‍  അക്കേഷ്യകളെ പൊന്നണിയിച്ച് ഓണം കാടിറങ്ങി..

തലക്കുമുകളിലൂടെ അണഞ്ഞുമാളിയും കടന്നുപോകുന്ന ഇരമ്പം..

കണ്ണാടിവെയിലില്‍ തെളിഞ്ഞ് കിടന്ന കാറൊതുങ്ങിയ ആകാശത്തെ കോണോടുകോണ്‍ മുറിച്ച് നെറ്റിച്ചൂട്ടനോളം* പോന്ന ഒരു കൊച്ചു വിമാനം വടക്കോട്ട് പറന്നു..
വരമ്പിൽ നടക്കുമ്പോൾ  മാനം നോക്കാൻ പാടില്ലാത്തതാണ് .,
ചേമ്പിലക്കുമ്പിളില്‍  അറുത്ത് നിറച്ച പൂവത്രയും തൂവിപ്പോയ് .,,,

തലേന്നത്തെ മഴ കലക്കിയിട്ട വയല്‍ചെളിയിലും , ആനയടിയന്‍ പടര്‍ന്ന നടവരമ്പിലും വീണ പൂക്കളില്‍നിന്ന് മുഖമുയര്‍ത്താന്‍ ഭയന്നു ..

 അന്നോട് ഞ്ഞാന്‍ പറഞ്ഞാ??? ഇച്ചെക്കന്റെ കയ്യിലു പൂക്കൊടക്കണ്ടാന്ന്...

ചേട്ടൻ ..

"ഇയ്യെന്തിനാടാ ഇന്നെ ചാടിക്കടിക്ക്ണ് .അണ്‌ക്കാ

നോക്കാർന്നില്ല്യെ" ??
 ചേച്ചി.

................................ .......................................................................................................


ആളൊഴിഞ്ഞ അമ്പലപ്പറമ്പിലാണ്...തനിച്ചാണ്...

ഇരുട്ടു വീഴാറായിരിക്കുന്നു..

കൗമാരം കടന്നെങ്കിലും,,രാത്രിയും ഏകാന്തതയും ഭയപ്പെടുത്തുന്നുണ്ട് ഇപ്പൊഴും..

.മുതുകുയര്‍ത്തി, മുഖം പൂഴ്ത്തി, കമിഴ്ന്ന് കിടക്കുന്ന കൂനന്‍ പാറകള്‍ക്കിടക്ക് തീക്കൊടുത്തപോലെ പൂത്ത കൂത്താടിച്ചികള്‍**

മുരുകനാണ് പ്രതിഷ്ഠ ,
പാമ്പുണ്ടാകാൻ വഴിയില്ല ..

മുട്ടോളം വളര്‍ന്ന്,കുനുകുനാ നിറഞ്ഞ്  വിടര്‍ന്ന തുമ്പത്തലകള്‍.

വിശാലമായ വെളിസ്ഥലത്തെ വിജന സന്ധ്യ.

തനിച്ചേ ഉള്ളു.

ചേട്ടന്‍ എവിടെയാണ്??
ബാംഗ്ലൂരാവണം
എന്തായാലും നാട്ടിലില്ല..
ചേച്ചി കളമിടാന്‍ മാത്രം ഒപ്പം കൂടും..

കൂടണയാന്‍ മടിച്ച് ആലിന്‍കൊമ്പിലിരുന്ന ഒറ്റക്കാക്ക ,ചിറകുമിനുക്കുന്നതിനിടയില്‍ സംശയത്തോടെ ചെരിഞ്ഞ് നോക്കി ഒന്നു 'കാ'  പറഞ്ഞു.   ,

ഉത്രാടക്കളം നിറക്കാന്‍  തനിച്ച്, പരതിത്തിരക്കിട്ട് പൂവിറുക്കുന്നു//


...................................................................................................................................
നെഞ്ച് തുറന്നിട്ട  ചന്ദന കുര്‍ത്തക്കടിയിൽ ആലിലക്കണ്ണന്റെ ലോക്കറ്റുള്ള നൂല്‍ച്ചെയിനണിഞ്ഞ്,
കസവുമുണ്ടുടുത്ത്  ആതമഹര്‍ഷത്തോടെ ചിരിച്ച്, ചിരിപ്പിച്ച് അങ്ങനെ നടക്കുകയാണ് ..കോടിവസ്ത്രത്തിന്റെ ഗന്ധം,,,

കളിപറഞ്ഞ്, കടാക്ഷിച്ച് സുന്ദരികള്‍...

കൂമ്പിലപോലുള്ള   ഉടലരികുകളില്‍ സെറ്റുമുണ്ടിന്റെ കസവലിയുന്നു...

ഓഫിസിലെ ഓണാഘോഷം ..

മുടിപ്പൂവിന്റെ,,മത്ത് പിടിപ്പിക്കുന്ന സുഗന്ധം...മുല്ലയല്ല !!

എന്തൊരു മണാ  ഡീ  ത്??
  ,,ഇതെന്ത് പൂവാ ??
ന്തേ  ?? നിനക്ക് വേണോ  ??
.. ചിരി ..
പടവുകളിൽ  പളുങ്കുതിരുന്നു ..

അഹ്ലാദം നിറഞ്ഞ പൊട്ടിച്ചിരികള്‍

സൗഹൃദം നിറഞ്ഞ പരിഹാസങ്ങള്‍...
ഇടറിത്തെന്നി  ഹൃദയം വന്ന്  തൊടുന്ന നോട്ടങ്ങൾ .. 

ഓണങ്ങളാണ്..

ഇരട്ടവാലന്‍കരണ്ട്,,ചിതലരിച്ച് ,,
കാലവുമീര്‍പ്പവും,,,നിറഭേദം വരുത്തി..
തുരുമ്പിച്ച ആണിത്തലയില്‍ ചെരിഞ്ഞ് തൂങ്ങി ക്കിടക്കുന്ന  കാലങ്ങള്‍..

 
നാളെ  ഓണമാണ്..

വിവാഹശേഷം ഒരുമിച്ച്  ഓണമുണ്ടിട്ടില്ല..
ബങ്കർബെഡിന്റെ അച്ചടക്കത്തിൽ ഉറങ്ങാൻക്കിടക്കുമ്പോൾ ഓർമ്മകൾക്ക് ശിവരാത്രിയാണ്. 
അരികെപ്പതുങ്ങിക്കിടന്ന്
കവിളിലവൾ, കണ്‍പീലികളാൽ ഉറങ്ങിയില്ലെന്ന് പറയുന്നു ..
ഇത്തവണ ഒരുമിച്ചുണ്ടാകുമെന്ന് കരുതിയിരുന്നു..

നടന്നില്ല....

നാളെ  തിരുവോണമാണ്.....അവിട്ടത്തിനവളുടെ പിറന്നാളും .

മനസില്‍, ക്ഷോഭകാലത്തെ കടലിരിമ്പം ....
ചിന്തകളില്‍,,,ഹൃദയഭിത്തിക്കളെത്തകര്‍ത്ത്കയറുന്ന ക്രുദ്ധ നൈരാശ്യം... 

ജോലി കഴിഞ്ഞിറങ്ങുമ്പോൾ മ്പോള്‍ രാത്രി വൈകിയിരുന്നു .

അടുത്തുതന്നെയുള്ള ഹൈപ്പർ മാർകെറ്റിലേക്ക് നടന്നു .

ഫൂഡ്കൌണ്ട റിൽ ചെന്ന് ബീഫായിരുന്നു ചോദിച്ചത്..
തീർന്നുപോയിരുന്നു.

ഓണമല്ലെ ,പശുവിറച്ചി വരട്ടിയത് കിട്ടിയിരുന്നെങ്കില്‍ എന്ന് ആശതോന്നി .

ഇരുന്നൂറു ഗ്രാം പനീര്‍ ചിക്കന്‍,.രണ്ട് തന്തൂരി റൊട്ടി.,ഒരു സെവെന്‍ അപ് ആപ്പിള്‍..

മാളിന് പുറത്ത്  ആളൂകള്‍ സൊറ പറഞ്ഞിരിക്കുന്ന വിശാലമായ മുറ്റം.
മുറ്റത്തോട് ചേര്‍ന്നുള്ള  ഗ്രാനയിറ്റ് പതിച്ച വരാന്തയില്‍ ചെന്നിരുന്നു.

റ്റ്രോളികളില്‍ ഓണം നിറച്ച് തള്ളിക്കൊണ്ട് പോകുന്ന മലയാളിക്കുടുംബങ്ങള്‍...

പൊതിയഴിച്ച് കഴിച്ചു തുടങ്ങി.

കടന്നു പോകെ  ആരൊക്കെയോ നോക്കുന്നുണ്ട്..

ഒരു പെണ്‍ സ്വരം ഭര്‍ത്താവിനോടെന്തോ കുശുകുശുത്തു..

എന്നെക്കുറിച്ചാവണേ ...

പ്രതികാരത്തോടെ ആകാശത്തേക്ക് നോക്കി.

നല്ല സുഖം തോന്നി..

 ........
...