Monday, 10 December 2012

എംബാം ചെയ്യപ്പെടേണ്ട ചിലത്


മഴക്കാലം തവളപാറ്റിക്കിടന്ന ഇടവഴിക്കുഴികളില്‍

കല്ലെറിഞ്ഞോടിയൊരു ബാല്യമുണ്ടായിട്ടില്ല.

കളിമുറ്റമൂലയില്‍

പുളിമാന്തളിരുകളടര്‍ത്തിയിട്ട കാറ്റിനെച്ചൊല്ലി

കവിത തോന്നിയൊരു കൗമാരവുമില്ലായിരുന്നു

നിഴലുകളഴിഞ്ഞിറങ്ങുന്ന തിക്തസന്ധ്യകളില്‍

തനിച്ചിരുന്നെണ്ണാന്‍

അല്പനൊമ്പരസ്മരണകള്‍..

അമ്പിളിച്ചിരിയിലാകെക്കുളിര്‍ന്ന്

ഉറങ്ങാതിരിക്കാനൊരു മുഗ്ദപ്രണയം??

ഒന്നുമില്ലായിരുന്നല്ലൊ..


ഒന്നുറപ്പാണ്..


വിറളിവെളിച്ചങ്ങള്‍
കണ്ണുപൊത്തിക്കളിക്കും
നഗരവീഥികളില്‍  ,

ഒച്ചകള്‍
ഈണമിട്ടോക്കാനിക്കും
പാനോത്സവങ്ങളില്‍ ,

പരിഷ്കൃതയൌവ്വനം
മറുത നൃത്തച്ചുവടുപയറ്റും നിശാമാളങ്ങളില്‍

നീ ഒരുന്നാള്‍  നിന്‍പ്പെങ്ങളെക്കാമിക്കും,

അവള്‍  പെറ്റൊരുമതമുണ്ടാകും..

നീ ദൈവവുമാകും..

അന്ന് ,..

അന്നും മരിക്കാതിരുന്നെങ്കില്‍ 

എന്നെനീ എംബാം ചെയ്യും..

പ്രാകൃതഗൃഹാതുര  സംസ്കാര സ്മരണയായ്

കാഴ്ച്ചക്കുവെക്കുംപുരാവസ്തുമേടയില്‍ ...

 Thursday, 26 July 2012

സ്കേന്‍ഡല്‍.

                                      


                                                            

                                                        


                                                         
മുറ്റത്തെ മഴപച്ചയില്‍,

നിലാവ് പൊടിഞ്ഞിറങ്ങിയ ഒരു പാതിരക്ക്,

പ്രണയത്തിന്റെ  ശരമുനകളില്‍  പ്രാണനെ വിന്ന്യസിച്ച്‌

നീ മന്ത്രിച്ച കവിതകളില്‍ എന്റെ ഉടലിന്

കടുംകാപ്പിയുടെ നിറമായിരുന്നു.

പിന്‍കഴുത്തിന് കറുകനാമ്പിന്റെ ഗന്ധവും.

വന്ന്യകാമനകളുടെ  വാടാമല്ലികള്‍പൂത്ത 
താഴ് വരകളില്‍

പിന്നെയുമെത്രകവിതകൾ      എത്രയെത്ര ദിനരാത്രങ്ങള്‍...  

മഴയൊഴിഞ്ഞ പകലുകലുകളും

നിലാവണയാത്ത നെടുരാവുകളുമുള്ള
പേരറിയാത്തോരു
ഋതുമധ്യത്തില്‍

ജലഞരമ്പുകള്‍ളര്‍ന്ന മിഴിയുറവകളിലുഷ്ണം കിനിയവേ

നീ ,
കവിതയുടെ പുതിയ ദേശാ ന്തരങ്ങൾ ളന്നതറിഞ്ഞിട്ടും,
തിരികെ വരാഞ്ഞതെന്തെന്ന്  
ഞാൻ കരഞ്ഞിരന്നില്ല.

കവര്‍ന്നതും കടംകൊണ്ടതും തിരികെ ആരാഞ്ഞതുമില്ല.


എന്നിട്ടും പ്രിയനേ,
എന്നെ നെടുകെപ്പിളര്‍ന്ന്‍


നീ upload  ചെയ്തൊരു യുഗ്മകാവ്യത്തിന്റെദൃശ്യഭാഷ്യത്തില്‍


എനിക്കൊപ്പം നീ മുഖമില്ലാതെ രമിക്കുന്നല്ലോ  ..

Friday, 13 April 2012

വിഷുക്കാലത്തെ ചില കശുവണ്ടിക്കണക്കുകള്‍മീനവെയിലില്‍ മൊരിഞ്ഞുണങ്ങിയ ചമ്മലക്കിടയില്‍ വാവലു ചപ്പിയിട്ടകശുവണ്ടികള്  തിരഞ്ഞു പെറുക്കുകയാണ്.

മടിച്ചുവീശുന്ന ചൂടുകാറ്റില്‍ നെല്ല് പുഴുകുന്ന മണം.കുറുപ്പൂട്ട്ന്നാവും,മാദ്യമ്മാര് നെല്ല് പുഴുങ്ങാവണം.ചിലപ്പൊ നെല്ലില്‍ കാവത്ത്ട്ട് ട്ട്ണ്ടാവും.നെല്ലില്‍ പുഴുങ്ങിയ കാവത്തിന് നല്ല രുചിയാണ്.ഞങ്ങളുടെ പറമ്പിലും പലയിടത്തായി മാവിലും പ്ലാതെയ്യിലുമൊക്കെ കാവത്തിന്‍ വള്ളി പടര്‍ന്നുകിടന്നു,അതില്‍ പൂടപിടിച്ച കാവത്തിന്റെ വിത്തുകളും.പുഴുങ്ങാന്‍ നെല്ലില്ലാത്തതിനാല്‍ ചിലപ്പൊഴൊക്കെ തെക്കോറത്തെ മണ്ണടുപ്പിലെ തീയില്‍ അവവെന്ത് പൊട്ടി.കട്ടന്‍ കാപ്പിക്കൊപ്പവും അല്ലാതെയും,അതെല്ലാം തിന്ന് തീര്‍ന്നു.

കാലിനടിയില്‍ ഉണക്കച്ചമ്മല പരുപരുത്തു.

വിഷുവിനു പടക്കം വാങ്ങണം,പിന്നെ കഥപുസ്തകവും.അച്ഛന്‍ വാങ്ങുന്നതില്‍ അന്‍പത് പടക്കവും,കുറച്ച് കമ്പിത്തിരിയും കാണും.അച്ഛന്റെ കയ്യില്‍ കാശില്ല.അച്ഛമ്മക്ക് അരിഷ്ടവും,തൈലവും വാങ്ങണം,അമ്മക്കും വേണം ഇടക്ക് മരുന്നുകള്‍.പിന്നെ ഞ്ഞങ്ങളുടെ മൂന്നുപേരുടെയും പഠന ച്ചെലവും.ചായപ്പീടികയിലാണെങ്കില്‍ കച്ചോടവും കുറവാണ്.അച്ഛനുമമ്മയുമിടക്ക് പറയുന്നത്
കേള്‍ക്കാം "ഈ ഒരു കൊക്കുങ്കണീന്ന്യാള്ളേയ്,മര്ന്ന്നും
മന്ത്രത്തിനും,കല്ല്യാണത്തിനും കളിയാട്ടത്തിന്വൊക്ക്യായിട്ട്''

പുറകിലെന്തോ അറ്റുവീണു,ഞെട്ടിനോക്കുമ്പോള്‍ ഒരു മഞ്ഞകശുമാങ്ങ!.പാതി
തിന്നത്.അണ്ടിഎങ്ങോതെറിച്ച്പോയിരിക്കുന്നു.പിടിവിട്ടതിന്റെവെപ്രാളത്തില്‍ ചില്ലകളില്‍ ചാടിമറയുന്നുണ്ട്  ഒരണ്ണാന്‍.
 വീടിനുപുറകില്‍ തട്ട്തട്ടായ കുന്നിന്‍പുറമാണ്.അതില്‍ അഞ്ചോ,ആറോ കശുമാവുണ്ട്.അവക്കുമേല്‍ ആകാശംമൂടി മുടിയാട്ടംനടത്തുന്ന പെരുംമുളകളും.

നൂറ്റിഇരുപത്തഞ്ചണ്ടിയെങ്കിലും വേണം ഒരുകിലോ ആവാന്‍.മിലിട്രിക്കാരോടത്തെ സീമോന്‍ പറഞ്ഞതാണ്.അവന്റെ വളപ്പിലെയാണെങ്കില്‍ ഒരു നൂറെണ്ണംമതി.മുഴുവന്‍ ശീമക്കശുമാവാണ്,
വലിയ കശുവണ്ടികളുണ്ടാകുന്ന ഒരിനം.അവന്റപ്പന്‍
മിലിട്രിക്കാരന്‍ ജോസപ്പേട്ടന്‍ പണ്ട് ത്രിശ്ശൂര്ന്ന് വര്ത്തിച്ചതാ ആ കശുമാവിന്റെ തൈകളൊക്കെ.

പെറുക്കിയതെല്ലാം തേക്കിലയില്‍
പരത്തിയിട്ടെണ്ണി.അന്‍പത്തിയഞ്ചെണ്ണം.തലക്ക്മുകളിലെ ചില്ലകളിലേക്ക് നോക്കിയപ്പോള്‍ വെയിലില്‍ കണ്ണ്പുളിച്ചു.അവിടവിടെ കുറച്ച് വാടിയ പച്ചണ്ടിയും,കരിഞ്ഞ പൂങ്കുലകളുമല്ലാതെ കുലുക്കിയിടാന്‍ കാര്യമായൊന്നുമില്ല പിരിഞ്ഞുപടര്‍ന്ന ചില്ലകളില്‍.

അതിരിനപുറത്ത് കുന്നിന്റെ നിരവില്‍ കൊച്ചന്തോണ്യേട്ടന്റെ പറമ്പാണ്.അതില്‍ പലയിടത്തും കശുമാവുകളുണ്ട്,അവരാരും വരാറില്ല
അതില്‍.വാകയും വേങ്ങയും ഇടതിങ്ങി വളര്‍ന്ന്നില്‍ക്കുന്ന അവിടെ, അടിക്കാട്ടില്‍ എപ്പോഴും  ഇരുട്ട് പതിയിരുന്നു.പണ്ട് അവിടെവിടെയോ മാന്വാപ്ല് വീട് വെച്ച് താമസിച്ചിരുന്നത്രേ,ദുര്‍ഗ്രാഹ്യമായ പൊന്തകളുടെ ഗര്‍ഭങ്ങളിലന്ന് നരികള്‍ പാര്‍ത്തിരുന്നു.ആകാശം മുട്ടിയ വാകമരങ്ങളില്‍നിന്ന്ഞാന്ന  ചിറ്റമൃതിന്റെ തിടംവെച്ച വള്ളികളില്‍  പെരുമ്പാമ്പുകള്‍ പിണഞ്ഞുകിടന്നു.

ആ പറമ്പിലേക്ക് തനിച്ച്പോകാന്‍ പേടിയാണ്,പൊന്തകളിലിരുന്ന് നരികള്‍ നോക്കുന്നുണ്ടാകും. വൈകുന്നേരം ഏട്ടനേയുംകൂട്ടിപ്പോകാം.വിഷുവിന് ഇനിയുമുണ്ട് രണ്ട്നാള്‍.ചുറ്റും ഒന്നുകൂടി തിരഞ്ഞു,മഞ്ഞമാങ്ങയില്‍ നിന്ന് തെറിച്ചുപോയ ആ കശുവണ്ടി...

ചെന്നിയിലൊലിച്ച വിയര്‍പ്പ്  കുപ്പായകഴുത്തില്‍ തുടച്ച്,പെറുക്കിയ കശുവണ്ടികള്‍ തേക്കിലയില്പ്പൊതിഞ്ഞ് കുന്നിറങ്ങുമ്പോള്‍ വീടിന്റെ തെക്കേപ്പുറത്ത് അച്ഛമ്മയുണ്ടോന്ന് നോക്കി.കണ്ടാല്‍ കുഴപ്പമാണ്.പറമ്പിലെ കശുവണ്ടിയുടെയും,ചമ്മലകത്തിച്ചുണ്ടാകുന്ന വെണ്ണീറിന്റെയും
അവകാശം അച്ഛമ്മക്കാണ്.
വിഷുക്കൊതികള്‍ പെറുക്കിയിട്ടതേക്കിലപ്പൊതി വീടുനു പിന്‍പുറത്ത്,  ഗോമാവിന്‍ചോട്ടിലെ ചമ്മലയില്‍ പൂഴ്ത്തിവെച്ച് മുറ്റത്തേക്കിറങ്ങുമ്പോള്‍ കിണറ്റുകരയില്‍ ,അമ്മ തണ്ടരിഞ്ഞെടുത്ത് വീശിയിട്ട ചേമ്പിലകളില്‍ പശയുണങ്ങിപ്പിടിച്ചിരുന്നു.അടുക്കളയില്‍നിന്ന് പുളിങ്കറിയുടെ കൊതിമണം.

രണ്ട്നാളപ്പുറത്തെ വിഷുവിചാരങ്ങളില്‍നിന്നും, കശുവണ്ടിക്കണക്കുകളില്‍നിന്നുമിറങ്ങി നേരെ അടുക്കളയിലേക്ക് നടന്നു...നിരന്തര സ്മരണകളുടെ ചിത്രപരമ്പരകള്‍തൂങ്ങുന്ന
അകംചുമരുകളില്‍തൂക്കാന്‍ കാലം ഇനിയുമൊരുക്കട്ടെ നിരവധിവിഷുചിത്രങ്ങള്‍പ്രിയസുഹൃത്തുക്കള്‍ക്ക്,എന്റെ വിഷുദിനാശംസകള്‍...

സ്നേഹപൂര്വ്വം
വഴിമരങ്ങള്‍

Sunday, 15 January 2012

ജാലകപ്പടിയിലെ സ്വപ്നം

നിശപെയ്ത നിദ്രയുടെ ഇടനിലങ്ങളിലെവിടെയോ

മുറിഞ്ഞുപോയൊരു സ്വപ്നത്തിന്റെ മഞ്ഞു തൂവാല തുണ്ടില്‍

മറന്നുകളഞ്ഞിട്ടും

നിന്റെ കണ്ണീര്‍നിണമുദ്രകളെങ്ങനെ

പുലരിയില്‍,

ഞാനുണരുന്നതും കാത്ത് കാത്തെന്റെ ജാലകപ്പടിമേല്‍ !!??