ഒരു,താന്നിക്കുരു,
വെയില്വഴിയിലെന്നെക്കാത്ത് കിടക്കും,
ഇല്ലിവേലിയില്‍ ഞാന്‍
ഉറക്കത്തുമ്പികളുടെ തോരണങ്ങള്കാണും,
യുഗാന്തരങ്ങള്ത്താണ്ടി
നരവീണ് വിണ്ട മാവിന്കൊമ്പില്
കാക്കകളന്നെ വിരുന്നു വിളിക്കും,
ചീവീടുകള്നീട്ടിപ്പാടും...
കുന്നിന്മുകളില്ന്നിന്ന്,വേങ്ങമരത്തിന്റെ
തളരിലകള്‍ ഉലഞ്ഞ്പറക്കുന്നൊരു
കാറ്റ്,എന്റെപ്രാണനോട് ചേരും..
അപരാഹഹ്നങ്ങളില്
വാത്സല്യ മധുരമേറിയ
കടുംകാപ്പിനുണഞ്ഞ്
ഉമ്മറത്തിണ്ണയില്കാല്കയറ്റിയിരിക്കെ,
തേക്കിന് തലപ്പുകള്‍ക്ക് മീതെ
അകലെ
യൂക്കാലികള്‍ കാവടിയാടുന്ന
കാടിന്റെ നെറുകിലിറങ്ങാന്
മിഴികള്‍ക്ക് മുന്‍പെ പറക്കും,
കുന്നിന്പുറമേറിപ്പുണര്ന്ന് നില്ക്കുന്ന
ഈറമ്പനകളില് മയിലുകള്‍
ചേക്കേറുന്ന സന്ധ്യക്ക്,
വയലിലെ കാവല്മാടങ്ങളില്,
ശരറാന്തലുകള്‍ തെളിയാന്‍ തുടങ്ങന്നത്
ഞാന്‍ കാണും
നിലാവുമുക്കിയുടുത്ത്,മുട്ടോളം മുടിയഴിച്ചിട്ട്
എന്റെ മുറിക്കുപുറത്തെ പ്ലാവിന് ചോട്ടില്
കഥകളിറങ്ങിവന്നവര് കാത്തുനില്‍ക്കെ
പലവുരുചൊല്ലിനാവോടുചേര്ന്ന
സന്ധ്യാനാമങ്ങളും ഞാനും
ഒരേപുതപ്പിനടിയില് വീണ്ടുമുറങ്ങും....
പതിവുപോലെ.....