Friday, 11 March 2022

9-പരിഹാരം
കാവലാം ചിറയുടെ വടക്കും  പടിഞ്ഞാറും കുന്നുകളായിരുന്നു.
യൂക്കാലിയും അക്കേഷ്യയും ഉഷ്ണിച്ച് നിന്നിരുന്ന ആ  കുന്നുകളിൽനിന്ന് ഒരുകാലത്ത് പുനലൂർ പേപ്പർമില്ലിലേക്കാണ് തടികൾ പോയിരുന്നത്.

കുന്നിൻചെരിവുകൾക്കിടയിൽ 
മെലിഞ്ഞിടുങ്ങിയ ഒരു  ചതുപ്പ്നിലമുണ്ട്.
ആളുകൾ അതിനെ കെടയെന്ന് വിളിച്ചു.

തെക്ക് ,
തയ്യൂര് മല തൊട്ട്  ഇങ്ങ് കെട വരെ 
വയലുകൾ തീർത്ത  നിരന്തര വിശാലതയിലേക്ക് കണ്ണെറിഞ്ഞ് അവിടെ 
അന്ത്യാളൻറെ പൂവത്ത് നിന്നു.

അതിൻറെ വേരുകൾക്കിടയിൽ നിരാശ്രയരുടെ ആർത്തമായ തേടലുകൾക്ക്നേർസാക്ഷ്യമുരുവിട്ട്  ആണ്ടും ഉടഞ്ഞും കിടക്കുന്ന  പരിഹാര ശിലകൾ.

രൂപങ്ങളിൽ ആളും അവയവങ്ങളും,നായും  നാൽക്കാലികളുമുണ്ട്.

ദുര്യോഗങ്ങളെയാവാഹിച്ച്  മൂക്കുടഞ്ഞും വിരലറ്റും കിടന്ന അവക്ക് മേൽ 
തരിമൺ കൂനകളുയർത്തി  കുനിയനുറുമ്പുകളുടെ അപ്രമാദിത്വം.

ഉപ്പിനിയും വച്ചിരുന്നു ഒരാൾരൂപം.
ചുരുൾമുടിയും വലിയ ചിറി* യുമുള്ള  ഒന്ന് .

അന്ത്യാളൻറെ വേലയടുക്കെ ഒരുദിവസം,
അത്താഴം കഴിച്ച് ഇറയ്ത്തിരിക്കുമ്പോൾ   ഇയ്യാത്തുവാണത് പറഞ്ഞത്  

"അതേയ് '
ഇന്ന് വെറ* ചെട്ടിച്ചി വന്ന്ണ്ടാ ർന്ന്,
മീഞ്ചാറ് വെക്കണ മ്മ്‌ടെ  കലം ചിന്നീത്  മാറ്റി , "..

പാള വിശറികൊണ്ട് ഉഷ്ണമാറ്റുന്നതിനിടെ അയാൾ ഭാര്യയെ നോക്കി .

"അയിന്പ്പൊ, 
ഞാന്തലകുത്തി ന്ക്കണാ ??,,..

അരിശപ്പെടുകയാണ് ചെയ്തത് ..

"അന്ത്യാളന് ആള് നെ നേരാമ്പറഞ്ഞു ചെട്ടിച്ചി,
ഓരൊക്കെ  
മാര്യംമക്ക് നോൽക്കണോരല്ലേ,,,
സത്യണ്ടാവും  "..

വിശറി നിലത്ത് വച്ച് ഉപ്പിനി ഇരുട്ടിൽ നോക്കിയിരുന്നു.

"ഒന്നല്ലേള്ളോ ന്നാ ,
മ്മക്ക് ആണായിട്ട് " 

അതൊരു തേങ്ങലാണ്. ...

"ആള് രൂപം ഉഴിഞ്ഞെച്ചിട്ട്,
വേലട്ക്കെ  
നൊട്ടനെന്ന്  കണ്ടാതി ന്നാ ചെട്ടിച്ചി പർഞ്ഞ്"

ഇയ്യാത്തു ,  
തട്ടം വലിച്ച് ഒന്ന് മൂക്കുതിച്ചു.. 

ഉപ്പിനി മിണ്ടിയില്ല .
മീനത്തിലെ പുഴുക്കത്തിൽ നിക്കരാശിയില്ലാത്ത ഇരുട്ട് .

പറമ്പുകൾക്കും ഞാറ്റടികൾക്കും അപ്പുറം ,
യൂക്കാലി കാടിന്റെ ചെരുവിൽ ഒരു നെടിലാൻ കൂവി 
പു ഹ്ഹാ 
പു ഹ്ഹാ ..
പൂ.... പൂ ....

മകനെ കൊട്ടാടൻ ചാതിയായി പോകാൻ ശപിച്ച പിതാവാണ് ...
അയാൾ വിങ്ങി വിങ്ങി കരഞ്ഞു ,

ചുമലുകൾ കുലുങ്ങുന്നത് ഇയ്യാത്തു കണ്ടെങ്കിലും അവർ അകത്തേക്ക് തിരിയുകയാണുണ്ടായത്. 
 
ശൂന്യവിശാലതയുടെ ഇങ്ങേയറ്റത്ത് ആശ്രിതരുടെ  ദുര്യോഗങ്ങളെയേറ്റ് ഏകാന്തമായൊരു തുരുത്ത്.

അവിടെ പൂവത്തിൻറെ  തണലിൽ  വക്രശാഖിയായൊരു കാഞ്ഞിരവും,
നിതാന്ത ബാല്യം സിദ്ധിച്ച ഒന്ന് രണ്ട് കരിമ്പനകളും കാറ്റ് നുണയുന്നു.

പതിയാരം മണ്ടം പറമ്പ് ദേശങ്ങളിൽ നിന്ന് അകിലാണത്തേക്ക് പോകാൻ  എളുപ്പം നോക്കിയവർ,
കെടയിലെ ജടകെട്ടിയ നിഴല്  താണ്ടും മുൻപ് അന്ത്യാളന് തിരി കത്തിച്ചു.

നിഴലുകളിൽ നിന്ന് നെടിലാൻ കരയാതെയും ,
ചതുപ്പിലെത്തുന്ന കന്നുകളെ കാത്തിരുന്നു വെറിച്ച നരികളുടെ കണ്ണ് മൂടിയും  
അന്ത്യാളൻ കെട കടക്കുന്നവരെ കാത്തു 

 ദേശങ്ങളിൽ നിന്നുള്ള സൂക്ഷ്മ സംസ്കാരങ്ങൾ കാലങ്ങളോളം   ആ വഴി പരസ്പരം തോളുരുമി കടന്നുപോയി.

മടിച്ചും മദിച്ചുമെത്തിയ മഴക്കാലങ്ങൾ 
അന്ത്യാളനെ വെച്ചു തൊഴുത് കെട നിറച്ചു . 

കാല വർഷങ്ങളുടെ ആ കമാനത്തിനരികെ 
വിളവും,വയലാളരെയും കാത്ത് അന്ത്യാളനിരുന്നു.

അവിടെ 
കാഞ്ഞിരത്തോട് ചേർന്ന് കിടന്നൊരു വിരിപ്പാറയിൽ,
പരിക്ഷീണിതർ ഇളവേറ്റു.

ആണ്ടിലൊരിക്കൽ വേലക്ക് മാത്രം ആ സന്നിധിയിൽ ആള് കൂടും.
കൂടുതലും കീഴാർന്നർ.

കീഴാർന്ന വാദ്യങ്ങളും വസ്ത്രങ്ങളും.
കള്ളും തവിടും, തേങ്ങാക്കൊത്തിട്ട  മലർ നിവേദ്യവും.

വേലദിവസം,
രാവേറെ ചെന്നാലും  കുറ്റികല്ലിലെ തിരിക്കുഴിയിൽ അണയാതെ നിൽക്കുന്നനാളം ചിറക്കരയിലെ വീടുകളിലേക്ക് കാണാം .
കാലങ്ങളായി 
നൊട്ടനാണ് അന്ത്യാളൻറെ  കോമരം.

രണ്ടാം  പ്രസവം കഴിഞ്ഞ ഭാര്യയെ ഉപേഷിച്ച്
നൊട്ടന്റെ മകൻ പോയപ്പോൾ,
മരുമകളെ പൊന്ന് പോലെ നോക്കിക്കോളാന്ന് 
നൊട്ടനും തേയീം വാക്ക് കൊടുത്തിരുന്നതാണ്.

കുട്ടി മുട്ടിലിഴയും മുൻപേ
മലയകത്ത് പാറമടയിൽ പണിക്ക് വന്നൊരു തെക്കന്റെ കൂടെ 
മരുമകളും പോയി.

"തൊപ്പേം തൂലും മൊളക്കേണേനും നുമ്പ്,
ഇത്തിരീശ്ശെ  ള്ള  ഇവ്റ്റ്ങ്ങളെ ട്ട്ട്ട് പോയോര് 
കള്യഞ്ചും കളിക്കും 
നോക്കിക്കൊണ്ടോ  "

എണ്ണമിനുക്കം പറ്റിയ നെഞ്ചിൻ കൂട് തട്ടി നൊട്ടൻ ശപിക്കാറുണ്ട്.

കല്ല് വെട്ടണ നൊട്ടനും,
കര കാക്കണ  അന്ത്യാളനും 
ആണ്ടോടാണ്ട് പൂവത്തിൻ ചോട്ടിൽ സന്ധിച്ചു.

ചിരട്ടയിൽ  ആവിച്ചാരായം കുടിച്ച് രണ്ടുപേരും കരടുതുപ്പി,
സമാന ഹൃദയർ പരസ്‌പരം പകർന്നു.

ആകാരംകൊണ്ട്  ആട്ടിൻ കുട്ടികളോളം മാത്രമുള്ള മരക്കാളകൾ  
ആകാശത്തേക്കെറിഞ്ഞ് ആളുകൾ ആർപ്പിട്ടു 

'ധണ്ടുണ്ടും ,പണ്ടുണ്ടും'
പണ്ടുണ്ടും
ധണ്ടുണ്ടും,

സ്വരസ്ഥാനങ്ങളുടെ ശരിതെറ്റുകളില്ലാത്ത വാദ്യവും വാദ്യക്കാരും 

തൊഴുതുനിന്ന ആൾകൂട്ടത്തിൽ 
ഉപ്പിനിയും ,ചന്നരൻ നായരും ,
വെളക്കത്തല ഗോപാലനും ഉണ്ടായിരുന്നു .
 ജന്മകർമ്മാദികളാൽ  കീഴാർന്നവർ.

ചെമ്പട്ട്  കൂട്ടി വാളും ചിലമ്പും തൊഴുതുപിടിച്ച് 
അന്ത്യാളന് മുന്നിൽ നൊട്ടൻ നിന്നു.  

ഉപ്പൂറ്റിയുയർത്തി ഊന്നിവച്ച വലം കാലിലൂടെ വിറ കയറി ,
മരവും മരച്ചോട്ടിലെ കല്ലും വെടിഞ്ഞ  അന്ത്യാളൻ 
വേല കൊള്ളാനിറങ്ങി .

അരമണിയൊന്ന് കുടഞ്ഞുണർന്നു 
വാളും ചിലമ്പും ഉടലും വിറച്ചു,,

ഹിയ്‌യ്യോ.... ,,
ഹിയ്‌ യ്‌  യ്യോ....ഹ് ഹ് 

കാത്തുനിൽക്കുന്ന  ഭക്തരുടെ  
ആകുലശങ്കകൾക്ക് അറുതി അനുഗ്രഹിച്ച്,
വ്യാധികൾക്ക് രൂപങ്ങൾ  നേരാൻ നിഷ്കർഷിച്ച് 
ഭാവം കൊണ്ട കോമരം കല്പന തുടർന്നു    ...

ഊഴമായപ്പോൾ 
ചൈതന്ന്യം  ഉപ്പിനിക്ക് മുന്നിലെത്തി 
നിറഞ്ഞ കണ്ണുകൾക്കും തൊഴുത കൈകൾക്കും മുന്നിൽ 
കാറ്റ്‌ കൊണ്ട പൂവത്ത് പോലെ പ്രതിരൂപമുലഞ്ഞു..

"ങ്ങക്ക്  ദെണ്ണം വേണ്ട ഉപ്പിന്യേളാരെ,,,ഹ് ഹ് 

ഈശ്വരനും അടിയാളവിനയം .

"ഹ്‌ഞാനും,,,
"ഹ്ൻറെ പത്യേമൂക്കനും ണ്ട്".

ഒര് കലശം പത്യേമൂക്കനും കൊട്ക്കാ" ..

മഹന് ഒരാടിനേം കൊട്ക്കാ..... 

കോമരം  മരച്ചോട്ടിലേക്ക് മടങ്ങി 


തുടരും 


*ചിറി -വായ 
*-വെറ ചെട്ടിച്ചി -ചുമന്ന അതിഭാരങ്ങളാലാവണം  സദാ വിറക്കുന്ന കഴുത്തുള്ള ആ വൃദ്ധവെറചെട്ടിച്ചിയായത്
.മറ്റൊരു കഥയാത് .
Thursday, 24 February 2022

6-നേർച്ച

 മാക്കപോശക്കും, കുട്ടാണിക്കും ശേഷം

തലമുറകളുടെ ഇങ്ങേ അറ്റത്ത് നിന്ന് 
ആളുകൾ കുഞ്ഞാപ്ൻറെ  പേര് 
കാവലാം ചിറയോട് കൊളുത്തിയിടുകയായിരുന്നു.

നട്ടുച്ചക്കും  ഇരുട്ടേറിയ സന്ധ്യകളിലും ചിറയിൽ തനിച്ചി റങ്ങാൻ ആളുകൾക്ക്  ഭയമുണ്ടായിരുന്നു.

മൃതിയടഞ്ഞദുർവൃത്തരുടെ  പുനരാഗമനങ്ങൾക്കായി 
കവാടങ്ങൾ തുറന്ന് വെക്കപ്പെടുന്ന കെടുനേരങ്ങളുണ്ട്.,

അവയിലെപ്പോഴെങ്കിലും  കാവലാം ചിറയുടെ ഉൾപ്പടവുകൾ ചവിട്ടി മാക്കപോശയോ,കുട്ടാണിയോ,തങ്ങളിലേക്ക് കയറിവന്നേക്കാമെന്ന് കരക്കാർ ആധിപ്പെട്ടിരിക്കണം.

കുഞ്ഞാപ്ന് പക്ഷേ   ,
ഏത്  വിഭ്രമവിജനതയിലും ആ  ജലസന്നിധി  സുസ്വാഗതമേകി .


''അതിൻറെ ഉള്ളഅള്ളി ന്താന്നാ പിടീല്ല്യാത്ത്',

ചെക്കന് ഒരു സാനത്തിനേം പേടീല്ല്യാന്നേയ് "

ആളുകൾ അതിശയിച്ചു.

ചൂട് പാങ്ങില്ലാതെ, 
നീറ്റിലിറങ്ങികിടന്ന ഈർച്ചപോത്തുകളുടെ വാലിൽ തൂങ്ങി ,
അവൻ കാവലാം ചിറയുടെ ആഴങ്ങൾക്ക് മേലെ കപ്പലോട്ടി കളിച്ചു.

കോതടെ നായ 
'ഡൈഗര്' ഉച്ചമയങ്ങുമ്പോൾ  

ചെവിയിൽ ആരോ  കടുക് കൊണ്ടിട്ടു 

ലാസ്‌റാപ്ളേടെ വീട്ടിലെ മൂരിക്കുട്ടീടെ വാലുമ്മെ 
മറ്റാരോ, 
കരിമ്പനപ്പട്ട കെട്ടി..

കണ്ണാന്തളികൾ പൂത്ത് നിൽക്കുന്ന  ഏട്ടിന്മേലേക്ക് 
ശരണമില്ലാതെ  ഓടിക്കയറിയ നായ  ,
അവിടെയുള്ള പൊട്ടകിണറ്റിൽ വീണ് തലതല്ലിച്ചത്തു  

മൂരിക്കുട്ടിയാവട്ടെ  ഇടംവലം നോക്കാതെ  ഓടി കാട് കേറി 

"ചില്ലറ  അഹമ്മത്യാ ദ്" ,,
''അഹാ,',, 
"ഏറും മോന്തേം ഒക്കണ ഒരീസം,,,,
ൻറെ കൊട്ട്ളാം വട്യവൻറെ പൊറത്ത് മയക്ക് ണ്ട്  ഞാൻ"  

സാമാനം പൊതിയുന്നതിനിടയ്ക്ക് ഇട്ടീശൻ  പൊതുവായൊന്നമറി.
അയാൾക്കവനെ കാണുന്നതേ കലിയായിരുന്നു.


വയൽകിണറുകൾ വരമ്പ് കോർത്ത്  നീലച്ചു കിടന്ന  പടിഞ്ഞാപ്പാടത്തും  ,കാവലാം ചിറയുടെ അതിർ പറമ്പുകളിലും,
 ഒന്നിനെയും കൂസാതെ കാറോടി നടന്ന് ക്ഷീണിക്കുമ്പോൾ , 

"പണ്ടാറക്കാലൻ" കുഞ്ഞാപ്പുവും കന്നാലി പിള്ളേരും 'ചെറ' കലക്കി.

ചിറയിലെ  ചേറ്റിറമ്പുകളിൽ 
പൂത്തടർന്ന പൂണ്ടങ്ങ*  പങ്കു വെച്ച് തിന്നു 

 മുടിയൻ കോൽ അവനുമേൽ ഒരു ചടങ്ങു പോലെ ആചരിക്കപെട്ടുകൊണ്ടിരുന്നെങ്കിലും ,
കാലം ചെല്ലെ അതിൻറെ ഇടവേളകൾക്ക് 
ദൈർഘ്യം കൂടിവന്നത്   
ഉമ്മക്കും മകൾക്കും ആശ്വാസം നൽകി.

ഉപ്പിനിക്കും മടുത്ത് തുടങ്ങിയിരുന്നു..


എത്രതന്നെയോങ്ങിയടിച്ചിട്ടും  മരക്കുറ്റി പോലെ തറഞ്ഞുപോവുന്ന
മകനെ പെർത്തെടുക്കാൻ തനിക്ക്  കഴിയുന്നില്ലല്ലോ എന്ന ദണ്ണം  ,
കണക്ക് തെറ്റിയ കരാറ് പോലെ  ഉപ്പിനിയുൾകൊള്ളാൻ തുടങ്ങിയിരുന്നു.

അക്കൊല്ലം വേലയടുക്കെ,
അന്ത്യാളൻറെ കോമരം നൊട്ടൻ പണിമാറ്റിവരുമ്പോൾ  ചെറവരമ്പത്ത്  വെച്ച്  ഉപ്പിനി ഗദ്ഗദപ്പെട്ടു.

പരിചിതൻറെ ദുഃഖമേറ്റ് ,കോമരം കണ്ണടച്ചു.

എഴുപതിലും നരപറ്റാത്ത ചുരുൾമുടി പടിഞ്ഞാറൻ കാറ്റിലേക്ക്   വിരൽ കോതി  വിട്ട്, 
ചെങ്കല്ല് ചെത്തുന്ന മഴുവൊന്ന് ചുമല്മാറ്റി,
നൊട്ടൻ പറഞ്ഞു..
 
"ക്കെ ശെര്യാവും., 
വ്ഷ്മിക്കണ്ട.,,
വെര്ണ  വേലക്ക് മ്മക്ക് വഴി കാണാ" ...

വേലക്ക് 
മണ്ടം പറമ്പ് കുന്നിറിങ്ങി, കടും നിറങ്ങളുള്ള ഉടുപുടവകൾ ചുറ്റി ,
ആളുകൾ വരിവെച്ചു.

അരളിപ്പൂവിന്റെ മാലയണിഞ്ഞ്  ചെമ്പട്ട് ചുറ്റി 
പ്രതിപുരുഷൻ  ഒരുങ്ങിയിരിക്കുന്നു.

പനമ്പ് കൊണ്ട് പാതിമറച്ച മുളം തേരിൽ ,
അന്തിച്ചോപ് വീണ  മുടി പറത്തി
പള്ളി വാള് വിറപ്പിച്ച് കൃശരൂപനായ അന്ത്യാളൻ  എഴുന്നള്ളി --

തുടരും 


പൂണ്ടങ്ങ*  (ആമ്പൽ പൂ വിരിഞ്ഞു തീരുമ്പോൾ അവശേഷിക്കുന്ന ഭാഗം)

Friday, 4 February 2022

നബീസു

 നബീസു എട്ടാമത്തേതായിരുന്നു.

ജനിച്ചും പാതി ഉരുവം കൊണ്ടും പലപ്പോഴായി നഷ്ടപ്പെട്ട ജീവൻറെ  ഏഴു പൊടിപ്പുകൾ ഇയ്യാത്തുവിനെയും ഉപ്പിനിയെയും ആശയറ്റവരാക്കി.
'ജമ്മം' പാഴായല്ലോയെന്ന് വറ്റി തീരാൻ വെമ്പി നിന്ന സമയത്താണ്  പടച്ചവൻ ഒരമ്പിളിത്തുണ്ടിനെ അവർക്ക് നൽകിയത്.

കൊഴിഞ്ഞ  ഏഴിനും  തികച്ചൂട്ടാനാവാതെ കല്ലിച്ച സ്തന്യവാൽത്സല്യം  മായാത്ത ഓർമ്മകളുടെ ഉറവുകൾ തുറന്ന് സ്വതന്ത്രമായപ്പോൾ ,
നബീസുവിനെ നിറച്ചിട്ടുമത് ബാക്കിയായി.

ഈടെത്താതെപോയ മക്കൾക്കായ് ചായ്പ്പിന്റെ പുറം ചുമരിൽ അവർ  മുലപ്പാൽ പാറ്റി.

ഉമ്മയുടെ കാച്ചിയിൽ മുഖം ചേർത്ത് ഉറങ്ങാൻ കിടന്നിരുന്ന അനവധി രാത്രികളിൽ അമ്പിളിതുണ്ടിന്റെ കഥാഭേദങ്ങൾ മകളിൽ നിലാവിറ്റിച്ചു.

കെടുതികളുടെ കയ്പ് കൊണ്ട് കറച്ച  ജീവിതത്തിലേക്കാണ്  നബീസു വെളിച്ചമായി പിറന്നു വീണത്.

ഉപ്പിനിയുടെ കച്ചവടങ്ങൾ ഒന്നൊന്നായി നേട്ടംകൊയ്തു.
അന്ന് വരെ പൂക്കാത്ത മച്ചിമാവുകൾ വരെ ആക്കൊല്ലങ്ങളിൽ അറഞ്ഞ് പൂത്തു.

കുരുമുളകും, പൂളയും, പുളിയും എല്ലാം അയാളുടെ നേട്ടങ്ങൾക്ക് ഈട്ടം ക്കൂട്ടി.
കാലവർഷം പോലും അച്ചട്ടായ കൊല്ലങ്ങൾ.

നബീസുവിന് 5 തികഞ്ഞു അധികം കഴിയും മുൻപാണ് അതിരിലെ വെന്തേക്ക് പിളർത്തി, കുഞ്ഞാപിന്റെ ജനനം.
ഉമ്മയോട് ചേർന്ന് അണ്ണാൻ കുഞ്ഞു പോലെ ഒരു ജീവൻ
ചുണ്ട് നുണയുന്നത് കണ്ടു.
എല്ലാരും വിവരിച്ച മട്ടുള്ള ബഹളങ്ങൾ ഒന്നുമില്ല.

കടുകുമണി പോലുള്ള പിടുക്കാണ്!!,
മുള്ളിയപ്പോ മൂന്നടിയപ്പറം പോയില്ലത്രേ..

മന്നയാണ്.

ജീവിതത്തിന്റെ വെളിമാനത്ത് നിന്ന്  പ്രതീക്ഷയുടെ  മിന്നാമിനുങ്ങുകൾ പതിയെ  അപ്രത്യക്ഷമായിതുടങ്ങിയിരുന്നു.

കൊണ്ടാട്ടങ്ങളും,ഉണക്കമീനും,പൂളക്കായും ഒരുമിച്ചു വെയിൽ കാഞ്ഞു കിടന്ന മുറ്റം.
വെണ്ണീറ്റ് കുന്നൻ ഇട്ട് വെച്ച ഏട്ടതലകറി.
ഐരാണിക്കാവിലെ പൂരം ,
ആറാം നമ്പറ് ,കറുത്തലുവ..

എതൊക്കെ കാലങ്ങളിൽ നിന്നാണ്,
ഓർമ്മകളുടെ ഊഞ്ഞാല്കയറു പൊട്ടി താൻ വീണുകൊണ്ടിരിക്കുന്നത്.??,,

 ചെവിയിലേക്ക്  തട്ടത്തോടെ വിരൽ തിരുകിയിട്ടും കടന്ന് കയറുന്ന  അടിയൂക്കിന്റെ  ചൂളം.

എന്തിനാണ് കുഞ്ഞാപിനെ ഉപ്പ മുട്യേൻ കോല് കൊണ്ട് തല്ലുന്നത്.

പുളി വാർലൊ, ചെമ്പരത്തി കോലോ പൊട്ടിച്ചു മിനുസം വരുത്തി ഇറയത് തിരുകി വെച്ച് ഉമ്മ ആവും വിധമൊക്കെ ശ്രമിച്ചു നോക്കും.
എന്നാലും ഉപ്പാക്ക് കന്നാലി കോല് വേണം.

ചുമരിൽ 
ചുണ്ണാമ്പ് ചൂതൻ പുതുതായുണ്ടാക്കിയ കൂടിന്  അലങ്കാരപ്പണി ചെയ്യുന്നു.
ഇനിയത് പലയിനം  പുഴുക്കളെ കൊണ്ട് വന്ന് വെച്ച് ഊതിയൂതി സ്വന്തം കുഞ്ഞുങ്ങളാക്കി മാറ്റും.

 അടികഴിഞ്ഞിരിക്കുന്നു .
''കുരുത്തം കെട്ട നേരത്ത് പൊട്ടിമൊൾച്ച കുമ്പളങ്ങേ ',,
"ന്റെ കുടുമ്മത്തോടെ ഇല്ലറാ, അന്നേ പോലൊരു സാനം.''""
"" കൊട്ടോടഞ്ചാത്യായി പോവാൻള്ളതാഡാ നശൂലം പിടിച്ചതേ അൻറെക്കെ പോക്ക്  ""
 
അടിക്ക് ശേഷം ഉപ്പിനിയുടെ  പ്രാക്ക് നിറഞ്ഞ അമർച്ചകളിൽ 
ഉമ്മയുടെ തേങ്ങലുകൾ അടിപ്പെട്ട് പോകുന്നത് നബീസു അറിഞ്ഞിരുന്നു 

"കുഞ്ഞാപിന്റെ ശരിക്ള്ള പ്പ മ്മടുപ്പല്ലേ" ??

ഒരിക്കൽ സംശയം  ഉമ്മയോട് ചോദിച്ചപ്പോ, ചേർത്ത് പിടിച്ച് മൂന്നാം മൂർത്തിയിൽ ഒരു  ഉമ്മ വെച്ചു പറഞ്ഞതിങ്ങനെയാണ്.

'ഉപ്പാക്കിഷ്ട്ല്ല്യാഞ്ഞിട്ടല്ല ൻറെ പോന്നോ,,
സങ്കടംകൊണ്ടാ ' 

"ശരിക്കും ള്ള ഉപ്പമാര് ആരെങ്കിലും ങ്ങനെ കുട്ട്യോളെ തക്കോ"  ??
ആരും മറുപടി പറഞ്ഞില്ല..കാവലാം ചിറയുടെ 
ചരൽ ചെരിവുകളിലൂടെ  ഉമ്മക്കൊപ്പം കടവിലേക്ക് അലക്കാൻ പോകുമ്പോ കുഞ്ഞാപിനെ ഒക്കത്ത് വച്ച്  നടന്നിരുന്നത് നബീസുവായിരുന്നു. 

ചെകിടിമണ്ണിൽ കൊടുംവേരിരക്കി പൊതളിച്ച് നിന്ന കൂത്താടിച്ചിചെടികളിലെ  കറുത്ത പഴങ്ങൾ പൊട്ടിച്ചു തിന്ന്,
 അവളും അനിയനും പരസ്പരം ചിരിച്ചു കാട്ടി.
പല്ലുകളും മോണയും ചിരിയും കറുത്തിരുന്നു.

കാരവെള്ളത്തിൽ പുഴുങ്ങിയിട്ടും 
തെളിയാത്ത  അഴുക്കുതുണികൾ ഉമ്മ  അലക്കുകല്ലിലേക്ക് വീശിയടിക്കുമ്പോൾ നബീസുവിന് ഉപ്പയെ ഓർമ്മവന്നു...

പിളർന്ന പോയ വെന്തേക്കിനേം,  ഉമ്മയുടെ ചേരെ പറ്റികിടന്ന അണ്ണാൻ കുഞ്ഞിനേം മാറി മാറി  അവൾ ഓർത്തെടുത്തു.  

മഞ്ഞപൈറ്റടി നേരത്ത് ,,
കാവലാംചിറയുടെയൊരു  കടവിൽ
മടിയിൽ കുഞ്ഞാപിനെയുമിരുത്തി നബീസു  അന്ത്യാളൻ മുക്കിലേക്ക് നോക്കി.

തുടരും 

 

Saturday, 22 January 2022

3 -ഇയ്യാത്തു3-  ഇയ്യാത്തു 


ഒൻപത് പെറ്റ ഇയ്യാത്തൂന്ന് വെള്ളം തോർന്ന് കിട്ടിയത് ഈ രണ്ട് മക്കളെ മാത്രമായിരുന്നു.


അതിലെയാന്തരിയാണ് മുറ്റെത്തും മുൻപ്  കുളിക്കടവ് തെണ്ടുന്നത്.


നടക്കുമ്പോൾ കാറ്റ് കൊണ്ട

കവുങ്ങുപോലെ ഇയ്യാത്തു ഉലഞ്ഞു.


ഈറനുണങ്ങാത്ത   ഓർമ്മകൾ കുതിർന്നിറങ്ങി അവർ അത്രക്ക് പൂതലിച്ചുപോയിരുന്നു.


കെട്ട്യോന്റെ കോപവും,മകന്റെ നേരത്തേ ഉറച്ചുപോയ സ്വഭാവവും നന്നായി മനസിലാക്കിയ ഇയ്യാത്തു തിരുത്താനാകാത്ത പിഴവുകൾക്ക് മേലെ കണ്ണീരോടെ തമ്പുരാന്റെ കൃപ തേടി.


''പടച്ച റബ്ബേ ,ൻറെ കുഞ്ഞിന്റെ ഉടലിൽ നീയെന്ത് നരകത്തീയാണ് നിറച്ചത്??,,


കുളിക്കടവുകളും,കുളിപ്പുരകളും തേടി അവനെ നടത്തിക്കുന്നത് ഏത് "ചേക്കുട്ടിയാണ്''??,,


ദണ്ണപ്പെട്ടും നേർച്ച നേർന്നും 

വിലാപങ്ങളിൽ  കുതിർന്ന തട്ടം മറഞ്ഞ് അവർ നടന്നു.


അമ്മയും മകളും ഉപ്പിനിയോട്

മറച്ചതെല്ലാം 

ഇട്ടീശൻറെ പീടികത്തിണ്ണയോ,

മണിയൻ നായരടെ ക്ഷൗരക്കടയോ  സഹതാപപൂർവ്വം അയോളെ അറിയിക്കാറുണ്ട്.


"മക്കളെല്ലരും മ്മടെ മാരിക്കാവൂംന്ന്

മ്മക്ക് ങ്ങനെ ഒർപ്പിക്കാൻ പറ്റോ ന്റു പ്പിന്യേ ,??,,,


"കരീടെ കെട്ട്യോള് കുളിക്കുമ്പഴാ ത്രെ, സമ്പവം,".....


ഇത്രയും പറഞ്ഞ് വെച്ച്


കുഞ്ഞാപ്നെ  ഒന്ന്

പരിഗണിക്കാനും മറക്കാറില്ല

തിണ്ണ നെരങ്ങികൾ.,


"ഒന്ന് കര്തിക്കാൾണ്ടാ  ന്ന് ച്ച് പറഞ്ഞൂന്നള്ളോ,ട്രാ"...,,


ഇയ്യ്‌ അയിനെ *തക്കാനൊന്നും പോണ്ട "


ആ വൈകുന്നേരങ്ങളിലാണ്

കുഞ്ഞാപിന്റെ പുറത്തും,മുതുകിലും ഇറയത്ത് തിരുകി വെച്ച  മുട്യേൻ കോല്, ചോരപുരണ്ട  ഗണിതചിഹ്നങ്ങൾ വരച്ചു വെക്കാറുള്ളത്.


നാഥനില്ലാത്ത നടുനേരങ്ങളിൽ പോലും

ഊർച്ചകന്നുകളെ  ചൊല്ലുവിളിക്ക് നടത്തിക്കുന്ന മുട്യേൻ കോലിന്റെ പ്രഹര മുദ്രകൾ,


കുഞ്ഞാപ്പിൻ്റെ മനസിലേക്ക് മാത്രം കഴയും,പഴുതും കാണാതെ തൊലിപ്പുറമേ വിശ്രമം കൊണ്ടു.


"ന്റേഴടക്ക് തൊല്യാ,

ഇരിഞെറങ്ങീത്.. ",,


അറാം പെറന്നതേ"


ക്രുദ്ധ നൈരാശ്യത്തിന്റെ ഒടുങ്ങാത്ത  വർഷകാലം, ഉപ്പിനിയിൽ നിന്ന് കുഞ്ഞാപ്പുവിലേക്ക് നിർത്താതെയലച്ചു.


"ഇന്നൻറെർച്ചീമെ

ഞ്ഞാ

ഇല്ലട്ടങ്കരി തേക്കുറാ, പണ്ടാറകുരിപ്പെ ""..


ആകാശച്ചുഴിയിറങ്ങിവന്ന ഓരോ അടിയിലും   പിതാവിന്റെ  വേരിറക്കങ്ങൾ പിണഞ്ഞു പൊട്ടി.


മുന്നടയാളങ്ങളുടെ പരിചിത പ്രദേശങ്ങളിൽ പുതിയ അടിപ്പാടുകൾ പതികൊള്ളുമ്പോൾ ,


വരണ്ട ചുണ്ടുകൾ പിളർത്തി,

സംവേദനക്ഷമമല്ലാത്തൊരു ചിരിയിലേക്ക് കുഞ്ഞാപ്പു മരക്കുറ്റി പോലെ ഇറുകിനിന്നു.


കളിമണ്ണ് തേച്ചു മിനുപ്പിച്ച ചുമരിൽ 

ചുണ്ണാമ്പ് ചൂതൻ കൂട് കൂട്ടുന്ന തുളകളിലേക്ക് ദൃഷ്ടിയുറപ്പിച്ച് 

നബീസു തട്ടതോടെ വിരല് തിരുകി ചെവിയടച്ചു. 

 

അടിയുടെ കനവും ഊക്കും അളന്ന്,

കുഞ്ഞാപ്പുവിന്റെ വരട്ടുചിരിയുടെ സഹനപരിധിയിലേക്ക്,


ഇയ്യാത്തു


'ൻറെ പൊന്നേ'

എന്ന് ഉള്ളടർന്ന് കയറിനിൽക്കുnന്നത് അപ്പോഴാണ്.


"ന്നാ ങ്ങള് അയിനങ്ങട് കൊന്നാളന്നാ"..


ആർത്തമായൊരു ചീറ്റലിൽ,


ഏകാഗ്രമായവെറുപ്പിന്റെ കേന്ദ്രബിന്ദുവിൽനിന്ന് സ്ഥലകാലത്തിലേക്ക് ഉപ്പിനിയുടെ മുടിയൻകോല് പതറും ,


മകനെ പ്രതി തെറ്റിപ്പോയ പിതാവിന്റെ  കണക്കുകൾ  

അങ്ങനെ അവരുടെ കയ്യിന്റെ പൊറടിയിലും തീരാപറ്റെഴുതിവെച്ചു.


കാലം ചെല്ലെ,

അവയിൽ ചിലത് മാത്രം മാഞ്ഞ് പോയി...


തൊട്ടുള്ള ദിവസങ്ങളിലെങ്ങാനും, സാമാനം വാങ്ങാൻ  ഇട്ടീശൻറെ പീടികയിലേക്ക്  പോകേണ്ടി വന്നാൽ   ഇയ്യാത്തുമ്മ അടിപ്പാട്  പറ്റിയ  കൈകൾ മറച്ച് പിടിക്കാൻ ശ്രമിക്കാറുണ്ട്.


ത്ലാസിന്റെ സൂചിത്തുമ്പിൽ നോക്കി , 

പല്ലിളിച്ചാണ് , തന്ത ചോദിക്കുക,,


"ന്താൻഡ്രീ ഇയ്യാത്തോ ഇന്നലേം ഉപ്പിനി ചെക്കനെ പൊതുക്യോ??"


ഇയ്യാത്തു വേവും,


 

അപ്പുറമിപ്പുറം

പ്രതീക്ഷപൂണ്ടു  നിന്നവരെ നിരാശരാക്കി,

കടയുടെ തട്ടുകളുടെയിലെങ്ങാനും  മിഴിയുറപ്പിച്ചു നിൽക്കേ 


ഒരു കുപ്പായക്കീറിൻറെ തടപോലുമില്ലാത്ത മകന്റെ ദേഹത്ത്

കന്നാലിക്കോല് പറ്റിയടരുന്നത് അവരിലാവർത്തിക്കുന്നുണ്ടായിരുന്നു.


നീറിപ്പൊട്ടുമ്പോൾ


സഹനസീമയിലറഞ്ഞു നിന്ന മകന്റെ വരട്ടു ചിരിയിലെ പരമാർത്ഥം  അവരെ ന്നനച്ചു.

Sunday, 16 January 2022

2-ഉപ്പിനി

 


പൂവ്‌  ഊനിക്കുമ്പോഴേ ഉപ്പിനിമാപ്പള മാവായ മാവൊക്കെയും കരാറെടുത്തു.
കുരുമുളക് ,അടക്ക, പുളി ,പൂളപ്പഞ്ഞി അങ്ങനെ ഒരു പാടുണ്ടായിരുന്നു കരാറ്  വകകൾ.

മനക്കണക്കാണ്.
മാനത്ത് നിക്കണ മൊതലിന് മണ്ണില് നിന്ന് വില പറയണം.
കാറ്റും കാറും ചതിക്കാതിരിക്കണം, വിളവുകളിലേക്ക് പിഞ്ചിലേ കീടങ്ങൾ കയറാതിരിക്കണം.

ജീവിതത്തിന്റെ വഴുക്കലുള്ള വരമ്പുകളിലൂടെ ഏറെ  നടന്നിട്ടുള്ള ഉപ്പിനിക്ക്,
കൈവച്ച കച്ചവടങ്ങളിലെല്ലാം  വെച്ചടി വെച്ചടി കയറ്റമായിരുന്നു അവിടെ അയാൾ ഒരിക്കൽ പോലും ഇടറിയില്ല.

'സത്യം വിട്ട്ള്ള കളിയില്ല ഉപ്പിനി, എന്ന് നാട്ടിൽ ഒരു പുറംപേച്ച് തന്നെ ഉണ്ടായിരുന്നു. 

"തന്നെന്നെ ഓനിക്ക് കണക്ക് തെറ്റാതെ  പടച്ചോൻ നോക്കിണ്ട്"..
ആളുകൾ സാക്ഷ്യം പറഞ്ഞു.

ഉപ്പിനിമാപ്ലക്കും ഇയ്യാത്തുമ്മക്കും കൂടി രണ്ട് മക്കൾ.
ഒരാണും ഒരു പെണ്ണും.
മൂത്തത് നബീസ, പിന്നുള്ളതാണ്കു ഞ്ഞാപ്.

മയ്യത്തും കാല് താങ്ങാൻ 'ഒരാന്തരി',ഉപ്പിനിയുടെ സ്വപ്നമായിരുന്നു .

ഊനിക്കുമ്പോഴേ ഉൾകണ്ണിൽ കായ്ഫലം കണക്കാക്കി കരാറെടുത്തിരുന്ന ഉപ്പിനിമാപ്ലക്ക്,പക്ഷേ പിഴച്ചുപോയ ഏറ്റവും വലിയ കണക്കായിരുന്നു മകൻ.
പടച്ച തമ്പുരാൻ തെറ്റിച്ച ഒരേ ഒരു കരാറിന്റെ ശിഷ്ടമില്ലാത്ത കണക്കുകളിൽ വിഖ്യാതനായ ആ കരാറ് കാരൻ  അന്തിച്ച് നിന്നു.

മകന്റെ കെടുപിറവിയെക്കുറിച്ച് വിവരിക്കുമ്പോ ഇയ്യാത്തുവിന്റെ വലിയ കണ്ണുകളിൽനിന്ന് വരോട്ടിച്ചാല് ഒഴുകും.

നട്ടുച്ച നേരത്ത്,
അതിരിൽ നിന്ന വെന്തേക്ക് പച്ചക്ക് ഒടിഞ്ഞുവീഴുന്നത് കേട്ട പേടിയിലാണ് ഇയ്യാത്തുന് നോവ് തുടങ്ങിയത്.

കുഞ്ഞാപ്പിന്റെ പ്രസവം കഴിഞ്ഞ്  തളർന്നു കിടന്ന അവരുടെ ചെവിയിൽ ആരോ മന്ത്രിച്ചു.

"ആണാൺണ്ടറിബ്ലെ!!!

പൊട്ടിവീണിരിക്കുന്നത് പൊള്ളത്തേക്കാണ് എന്നും, ലക്ഷണക്കേടാണ് എന്നും പലരും പറഞ്ഞത് ഇയ്യാത്തു പിന്നീടറിഞ്ഞു.

'കുഞ്ഞാപ്പ്  ഇത്തിരി മന്നയാണ്! '
എന്നതായിരുന്നു നാടിന്റെ പ്രഖ്യാപനം.
അവൻ വളരും തോറും അത്‌ തെളിഞ്ഞു വന്നു.

തോറ്റ് തോറ്റ് അഞ്ചാം തരം എത്തിയപ്പോഴേക്കും അവന് 13 വയസ്സ് തികഞ്ഞു.

തൻറെ മനക്കണക്കിന്റെ സത്യവും, ഉയർച്ചയുടെ ഗതിയും നഷ്ടമായത് മുതൽ
മകനെ അയാൾ  കഠിനമായി വെറുക്കാൻ തുടങ്ങിയിരുന്നു.

അവനെ പെറ്റ ഇയാത്തുവിനെയും ,അവന് മുന്നേ പിറന്ന മകളെയും ഉപ്പിനി വെറുത്തു.

കുഞ്ഞാപ്പാവട്ടെ വയറു നിറയെ തിന്നിട്ട്,സ്‌കൂളിൽ പോവാതെ  മണ്ടമ്പറമ്പിലെ  കന്നാലി പിള്ളേർക്കൊപ്പം കാറോടി നടന്നു
.
മോന്തിക്ക് കാവലാം ചേറേല് കണ്ണ് ചൊമക്കും  വരെ ഊരാടി.,,

"എന്നിട്ട്  ഉപ്പിനി മാപ്ളേടെ കയ്യീന്ന് നാല് പൊതുക്കു കൂടി കിട്ടിയേ ചെക്കൻ കുടി  മൊളയാറുള്ളു" എന്ന് നാട്ടുകാർ കിസ പറഞ്ഞു.

അയൽപക്കത്തെ കുട്ടികളൊക്കെയും എരുമപ്പെട്ടിയിലുള്ള സർക്കാർ സ്കൂളിലേക്ക് വഴിതെറ്റാതെ നടന്നപ്പോൾ 
കുഞ്ഞാപ്പിന്റെ സ്‌കൂൾ യാത്രകൾ മിക്കപ്പോഴും വഴിപ്പാതിയിലെ പുഞ്ചപ്പാടങ്ങളിലും, അവയോട്ചേർന്നുള്ള കശുമാവിൻ തോപ്പുകളിലും അവസാനിച്ചു..

അവിടെ കന്നാലിപിള്ളേരുടെ കൂട്ടത്തിൽ ചേർന്ന് ചൂണ്ടയിട്ടും ,ഓരത്തെ തെങ്ങുകളിലെ ഇളനീരും ,തേങ്ങയും പങ്കുവെച്ചും അവൻ അവന്റെ സാമ്യങ്ങളും സമാന്തരങ്ങളും ആഘോഷിച്ചു.

തോട്ടിൽ അലക്കിക്കുളിക്കുന്ന പെണ്ണുങ്ങളുടെ നനഞ്ഞ രഹസ്യങ്ങളിലെ നിഗൂഢതകളിൽ നഷ്ടപ്പെട്ട്
കശുമാവിൻ തോട്ടത്തിന്റെ വരണ്ട നിഴലുകളിൽ അവർ പതുങ്ങിയിരുന്നു.

ഉല്പത്തിയുടെ  ദുർഗ്രാഹ്യമായ ആദ്യപാഠങ്ങളിൽ വെയില് ചാഞ്ഞു.

തുടരും 

Tuesday, 11 January 2022

കുഞ്ഞാപ് 1 -മുലക്കടവ് 


 പരുവം വെച്ച  നെൽചെടികളെ ചായ്ച്ചുകോതി വന്ന കാറ്റ് ,കുളക്കരയിലെ  ഉങ്ങുമരങ്ങളിലും  ഈറമ്പനയിലും
ഊഹ് ഊ ഹ് ഹ് ...എന്ന്
വട്ടം ചുറ്റി.

കാലങ്ങളുടെ ചെളിയും വിയർപ്പും രേതസ്സും പുരണ്ട് വടിപോലെ വെറുങ്ങലിച്ച തോർത്ത് തോള് മാറ്റിയിട്ട്
കുഞ്ഞാപ് ഒന്ന് കിഴക്കോറം  നോക്കി.

നേരം കേറിയിരിക്കുന്നു.

വർഷം നിറച്ച കാവലാം ചിറയുടെ സമൃദ്ധിക്ക് മേൽ വെയിൽ വീണ് തെറിച്ചു.
ഓവുചാലിന്റെ മൂലക്കുള്ള കടവിൽ  പെണ്ണുങ്ങൾ തുണിയലക്കുന്ന ശബ്ദം.
എതിർകരയിൽ  ഇരട്ടപൊട്ടി അത്‌ പ്രധിധ്വനിക്കുന്നു.

വൈകിയിട്ടില്ല!,
അവന് കുളിർത്തുകയറി.

എരിക്കിൻ ചെടികളെ മാടി  കന്നാലിക്കുളമ്പ് പറ്റി കിടക്കുന്ന ചെരിവിലൂടെ കുഞ്ഞാപ്പ് പാറക്കടവിലേക്ക് നടന്നു.

ആളനക്കമില്ലാതെ ഒഴിഞ്ഞു കിടക്കുന്ന  കടവ്.

ജലപ്പരപ്പിൽ തിണർത്തു കിടക്കുന്ന  മുള്ളം ചണ്ടിക്ക് മേൽ ,
ഒന്നുരണ്ട് ഈർക്കിലിക്കാലൻ പക്ഷികൾ തുമ്പിപ്പുഴുക്കളെ കൊത്തിപ്പെറുക്കി   നടക്കുന്നു .

എത്രകാലമായിക്കാണും,കുഞ്ഞാപിന്റെ ഈ നേരം തെറ്റിയ  കുളി?!

ആർക്കും ഓർമ്മയില്ല !
അല്ലെങ്കിൽത്തന്നെ അതിലെന്തിരിക്കുന്നു..

മുല്ലന്റെ ഭാര്യ കൊച്ചേയി,
ആട് നോക്കാൻ പോണ ഓമല,ബീഡി തെരപ്പ് കാരി  സുമ,,,എല്ലാവരുടെയും  മുലവ്യതിയാനങ്ങളെ ക്കുറിച്ച് തിട്ടമുള്ളവനാണ് അവൻ.

കുഞ്ഞാപിന്റെ ഉള്ളിൽ ഓരോരുത്തരുടേയും മുലകൾക്ക് ഒന്നിലേറേ  പ്രതീകങ്ങളുണ്ടായിരുന്നു.

ആട് നോക്കാൻ പോണ ഓമലയുടെ 
മുലകൾ ആനപ്പാറ തന്നെ.

കോഴിമുക്കിലെ മലഞ്ചെരിവിലേക്ക് തലകീഴായി ഞാന്നുകിടക്കുന്ന ആനപ്പാറ.

സുമേച്ചീടേത് ,
ലാസ്‌റാപ്പ്ളെടെ വീട്ടിലെ വാഴകൊടപ്പൻ,
ഉത്തരത്തിൽ  വിത്തിന് തൂക്കിയിട്ട  കുമ്പളങ്ങയാണ് ലീലേൻറെ.
കണ്ട മുലകളെല്ലാം
അങ്ങനെ, പ്രതീകങ്ങളായി  അവനെ അനുധാവനം ചെയ്തു.

കുംഭാരക്കോളനിയിലെ പെണ്ണുങ്ങൾ,ഉമിക്കുന്നിലെ പെണ്ണുങ്ങൾ,മണ്ടം പറമ്പിലെ പെണ്ണുങ്ങൾ...
കുളിക്കടവിലെ ഓരോ പെണ്ണുടലും കുഞ്ഞാപിന് 
പൂവും  കായും കനിയും നിറഞ്ഞ  തരുക്കളായി.
അതിൽ അവന് മാത്രം കാണാവുന്ന  ഋതുക്കളുണ്ടായിരുന്നു,
അവയിൽ അവൻ കാണാത്തതായ  ഋതുക്കൾ അപൂർവ്വവുമായിരുന്നു.

തുടരും 


Wednesday, 5 May 2021

ശരിയാവാത്ത ചിലത്
സ്വന്തമായൊരു വീടുണ്ട്.

പഴയതാണ്.
ഓടുമേഞ്ഞത്.
അയല്പക്കം പാര്‍പ്പിടങ്ങള്‍ വാര്‍ത്തുവെച്ചു തുടങ്ങിയപ്പോഴും,
ഒന്നും തോന്നിയില്ല.  

എന്റെ വീട് ,അതിലെ വേനല്‍ത്തണുപ്പ്, മഴത്താളം,,
ഒന്നും പൊളിച്ചുപണിയാന്‍ തോന്നിയില്ല..
പക്ഷെ 
അവധിയെടുത്തുനാട്ടില്പോയി 
വിവാഹശ്രമങ്ങൾ തുടങ്ങിയപ്പോൾ,,
ഓടുവീടിനു മോടിപോരത്രെ.

നിഴലുടുത്ത എന്റ നാട്ടുവഴിയെ പോയാല്‍ കാടെത്തുമോ എന്നാണ്‌ ചോദ്യം,,

18 കെട്ടിയ പടിയുയരം കയറി വേനൽവീട്ടിലെങ്ങനെ വെള്ളമെത്തുമെന്നാണ്  ചർച്ച ..

മഴക്കാറ്റിൽ അരികെയാണ്ട കൊന്നത്തെങ്ങുകൾ വീടുതകർത്ത് വീണാലെന്തെന്നാണ് കുശുകുശുപ്പ്   ..

ശരിതന്നെ.!
പൊളിച്ചൊന്ന് മാന്തി വഴിക്കൊപ്പം താഴ്ത്തി
വാർത്തു വെച്ച് പാർപ്പുതുടങ്ങി. 
എല്ലാം ശരിയായി.!

രാപാതിയിലിന്നും തുറക്കുന്നൊരു  ജനൽകീറൊഴികെ .