വിഷുക്കാലത്തെ ചില കശുവണ്ടിക്കണക്കുകള്‍മീനവെയിലില്‍ മൊരിഞ്ഞുണങ്ങിയ ചമ്മലക്കിടയില്‍ വാവലു ചപ്പിയിട്ടകശുവണ്ടികള്  തിരഞ്ഞു പെറുക്കുകയാണ്.

മടിച്ചുവീശുന്ന ചൂടുകാറ്റില്‍ നെല്ല് പുഴുകുന്ന മണം.കുറുപ്പൂട്ട്ന്നാവും,മാദ്യമ്മാര് നെല്ല് പുഴുങ്ങാവണം.ചിലപ്പൊ നെല്ലില്‍ കാവത്ത്ട്ട് ട്ട്ണ്ടാവും.നെല്ലില്‍ പുഴുങ്ങിയ കാവത്തിന് നല്ല രുചിയാണ്.ഞങ്ങളുടെ പറമ്പിലും പലയിടത്തായി മാവിലും പ്ലാതെയ്യിലുമൊക്കെ കാവത്തിന്‍ വള്ളി പടര്‍ന്നുകിടന്നു,അതില്‍ പൂടപിടിച്ച കാവത്തിന്റെ വിത്തുകളും.പുഴുങ്ങാന്‍ നെല്ലില്ലാത്തതിനാല്‍ ചിലപ്പൊഴൊക്കെ തെക്കോറത്തെ മണ്ണടുപ്പിലെ തീയില്‍ അവവെന്ത് പൊട്ടി.കട്ടന്‍ കാപ്പിക്കൊപ്പവും അല്ലാതെയും,അതെല്ലാം തിന്ന് തീര്‍ന്നു.

കാലിനടിയില്‍ ഉണക്കച്ചമ്മല പരുപരുത്തു.

വിഷുവിനു പടക്കം വാങ്ങണം,പിന്നെ കഥപുസ്തകവും.അച്ഛന്‍ വാങ്ങുന്നതില്‍ അന്‍പത് പടക്കവും,കുറച്ച് കമ്പിത്തിരിയും കാണും.അച്ഛന്റെ കയ്യില്‍ കാശില്ല.അച്ഛമ്മക്ക് അരിഷ്ടവും,തൈലവും വാങ്ങണം,അമ്മക്കും വേണം ഇടക്ക് മരുന്നുകള്‍.പിന്നെ ഞ്ഞങ്ങളുടെ മൂന്നുപേരുടെയും പഠന ച്ചെലവും.ചായപ്പീടികയിലാണെങ്കില്‍ കച്ചോടവും കുറവാണ്.അച്ഛനുമമ്മയുമിടക്ക് പറയുന്നത്
കേള്‍ക്കാം "ഈ ഒരു കൊക്കുങ്കണീന്ന്യാള്ളേയ്,മര്ന്ന്നും
മന്ത്രത്തിനും,കല്ല്യാണത്തിനും കളിയാട്ടത്തിന്വൊക്ക്യായിട്ട്''

പുറകിലെന്തോ അറ്റുവീണു,ഞെട്ടിനോക്കുമ്പോള്‍ ഒരു മഞ്ഞകശുമാങ്ങ!.പാതി
തിന്നത്.അണ്ടിഎങ്ങോതെറിച്ച്പോയിരിക്കുന്നു.പിടിവിട്ടതിന്റെവെപ്രാളത്തില്‍ ചില്ലകളില്‍ ചാടിമറയുന്നുണ്ട്  ഒരണ്ണാന്‍.
 വീടിനുപുറകില്‍ തട്ട്തട്ടായ കുന്നിന്‍പുറമാണ്.അതില്‍ അഞ്ചോ,ആറോ കശുമാവുണ്ട്.അവക്കുമേല്‍ ആകാശംമൂടി മുടിയാട്ടംനടത്തുന്ന പെരുംമുളകളും.

നൂറ്റിഇരുപത്തഞ്ചണ്ടിയെങ്കിലും വേണം ഒരുകിലോ ആവാന്‍.മിലിട്രിക്കാരോടത്തെ സീമോന്‍ പറഞ്ഞതാണ്.അവന്റെ വളപ്പിലെയാണെങ്കില്‍ ഒരു നൂറെണ്ണംമതി.മുഴുവന്‍ ശീമക്കശുമാവാണ്,
വലിയ കശുവണ്ടികളുണ്ടാകുന്ന ഒരിനം.അവന്റപ്പന്‍
മിലിട്രിക്കാരന്‍ ജോസപ്പേട്ടന്‍ പണ്ട് ത്രിശ്ശൂര്ന്ന് വര്ത്തിച്ചതാ ആ കശുമാവിന്റെ തൈകളൊക്കെ.

പെറുക്കിയതെല്ലാം തേക്കിലയില്‍
പരത്തിയിട്ടെണ്ണി.അന്‍പത്തിയഞ്ചെണ്ണം.തലക്ക്മുകളിലെ ചില്ലകളിലേക്ക് നോക്കിയപ്പോള്‍ വെയിലില്‍ കണ്ണ്പുളിച്ചു.അവിടവിടെ കുറച്ച് വാടിയ പച്ചണ്ടിയും,കരിഞ്ഞ പൂങ്കുലകളുമല്ലാതെ കുലുക്കിയിടാന്‍ കാര്യമായൊന്നുമില്ല പിരിഞ്ഞുപടര്‍ന്ന ചില്ലകളില്‍.

അതിരിനപുറത്ത് കുന്നിന്റെ നിരവില്‍ കൊച്ചന്തോണ്യേട്ടന്റെ പറമ്പാണ്.അതില്‍ പലയിടത്തും കശുമാവുകളുണ്ട്,അവരാരും വരാറില്ല
അതില്‍.വാകയും വേങ്ങയും ഇടതിങ്ങി വളര്‍ന്ന്നില്‍ക്കുന്ന അവിടെ, അടിക്കാട്ടില്‍ എപ്പോഴും  ഇരുട്ട് പതിയിരുന്നു.പണ്ട് അവിടെവിടെയോ മാന്വാപ്ല് വീട് വെച്ച് താമസിച്ചിരുന്നത്രേ,ദുര്‍ഗ്രാഹ്യമായ പൊന്തകളുടെ ഗര്‍ഭങ്ങളിലന്ന് നരികള്‍ പാര്‍ത്തിരുന്നു.ആകാശം മുട്ടിയ വാകമരങ്ങളില്‍നിന്ന്ഞാന്ന  ചിറ്റമൃതിന്റെ തിടംവെച്ച വള്ളികളില്‍  പെരുമ്പാമ്പുകള്‍ പിണഞ്ഞുകിടന്നു.

ആ പറമ്പിലേക്ക് തനിച്ച്പോകാന്‍ പേടിയാണ്,പൊന്തകളിലിരുന്ന് നരികള്‍ നോക്കുന്നുണ്ടാകും. വൈകുന്നേരം ഏട്ടനേയുംകൂട്ടിപ്പോകാം.വിഷുവിന് ഇനിയുമുണ്ട് രണ്ട്നാള്‍.ചുറ്റും ഒന്നുകൂടി തിരഞ്ഞു,മഞ്ഞമാങ്ങയില്‍ നിന്ന് തെറിച്ചുപോയ ആ കശുവണ്ടി...

ചെന്നിയിലൊലിച്ച വിയര്‍പ്പ്  കുപ്പായകഴുത്തില്‍ തുടച്ച്,പെറുക്കിയ കശുവണ്ടികള്‍ തേക്കിലയില്പ്പൊതിഞ്ഞ് കുന്നിറങ്ങുമ്പോള്‍ വീടിന്റെ തെക്കേപ്പുറത്ത് അച്ഛമ്മയുണ്ടോന്ന് നോക്കി.കണ്ടാല്‍ കുഴപ്പമാണ്.പറമ്പിലെ കശുവണ്ടിയുടെയും,ചമ്മലകത്തിച്ചുണ്ടാകുന്ന വെണ്ണീറിന്റെയും
അവകാശം അച്ഛമ്മക്കാണ്.
വിഷുക്കൊതികള്‍ പെറുക്കിയിട്ടതേക്കിലപ്പൊതി വീടുനു പിന്‍പുറത്ത്,  ഗോമാവിന്‍ചോട്ടിലെ ചമ്മലയില്‍ പൂഴ്ത്തിവെച്ച് മുറ്റത്തേക്കിറങ്ങുമ്പോള്‍ കിണറ്റുകരയില്‍ ,അമ്മ തണ്ടരിഞ്ഞെടുത്ത് വീശിയിട്ട ചേമ്പിലകളില്‍ പശയുണങ്ങിപ്പിടിച്ചിരുന്നു.അടുക്കളയില്‍നിന്ന് പുളിങ്കറിയുടെ കൊതിമണം.

രണ്ട്നാളപ്പുറത്തെ വിഷുവിചാരങ്ങളില്‍നിന്നും, കശുവണ്ടിക്കണക്കുകളില്‍നിന്നുമിറങ്ങി നേരെ അടുക്കളയിലേക്ക് നടന്നു...നിരന്തര സ്മരണകളുടെ ചിത്രപരമ്പരകള്‍തൂങ്ങുന്ന
അകംചുമരുകളില്‍തൂക്കാന്‍ കാലം ഇനിയുമൊരുക്കട്ടെ നിരവധിവിഷുചിത്രങ്ങള്‍പ്രിയസുഹൃത്തുക്കള്‍ക്ക്,എന്റെ വിഷുദിനാശംസകള്‍...

സ്നേഹപൂര്വ്വം
വഴിമരങ്ങള്‍

Comments

 1. അഭിപ്രായമുണ്ടല്ലോ....!! ദരിദ്രബാല്യത്തെ ഓര്‍മ്മിപ്പിക്കുന്ന ഈ കഥ ഇഷ്ടമായി. കശുവണ്ടി പെറുക്കിക്കൂട്ടിയും ഇടയ്ക്കിടെ എണ്ണിനോക്കിയും കൊച്ചുവലിയ സ്വപ്നങ്ങള്‍ കണ്ടിരുന്ന നാളുകളും അയല്പക്കത്തെ എസ് ഐ യുടെ പുരയിടത്തില്‍ നിന്ന് സാഹസികതയോടെ മോഷ്ടിച്ച് എണ്ണം കൂട്ടിയതുമൊക്കെ ഓര്‍ത്തു. (കാവത്തും ചമ്മലയുമെന്തെന്ന് മനസ്സിലായില്ല. കോട്ടയം ഭാഗത്തെങ്ങും കേട്ടിട്ടില്ല ഈ വാക്കുകള്‍)

  ReplyDelete
 2. നന്നായിരിക്കുന്നു നിങ്ങളുടെ ഓര്‍മകള്‍. പറങ്ക്യണ്ടി വിറ്റ് പടക്കം വാങ്ങിയ ബാല്യകാലം മിക്കവര്‍ക്കും ഒരു നൊസ്റ്റാള്‍ജിയയാണ്.

  ഓഫ്:
  കാവത്ത് - ഒരു കിഴങ്ങ്
  ചമ്മല - ചപ്പില, ഉണക്കില

  ReplyDelete
 3. യാതൊരു ഗിമ്മിക്കുമില്ലാത്ത തെളിഞ്ഞ എഴുത്ത്. ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്നതിനാല്‍ ഹൃദ്യമായി.

  ReplyDelete
 4. nalloru ezhuthu, vazhimarangale..
  ethra thelinjozhukiyirikkunnu...

  snehathode aduppichu pidicha baalyam!

  ReplyDelete
 5. മുകിലാണു വഴി കാണിച്ചത്. വളരെ നന്നായി എഴുതി കേട്ടൊ. അഭിനന്ദനങ്ങൾ.

  ReplyDelete
 6. ഓര്‍മ്മയിലെ മായാത്ത വിഷുചിത്രങ്ങള്‍ തെളിമയോടെ ഹൃദ്യമായി അവതരിപ്പിച്ചു. അഭിനന്ദനങ്ങള്‍.

  നല്ല വായനയിലേക്ക് ക്ഷണിച്ച മുകിലിനും നന്ദി.

  ReplyDelete
 7. @ അജിത്‌,അരുണ്‍ഭാസ്കര്‍,പൊട്ടന്‍ .. സന്തോഷമുണ്ട് കേട്ടോ വായന രസിച്ചു എന്നറിഞ്ഞതില്‍..
  @അക്ബര്‍,എച്ചുമുകുട്ടി...പ്രിയ സുഹൃത്ത് മുകിലിന്റെ ക്ഷണം സ്വീകരിച്ച് ഇവിടെ വന്നതില്‍ ഒരുപാടുസന്തോഷം
  @മുകില്‍ ...............................................................................................

  ReplyDelete
 8. കാവലാന്‍28 April 2012 at 09:54

  ഇനീം...........

  ReplyDelete
 9. ഗൃഹാതുരത്വമുണര്‍ത്തുന്ന രചന.കാവത്ത് പുഴുങ്ങാന്‍ ഇപ്പോള്‍ നെല്ലില്ല...എല്ലാം അന്യംനിന്നുപോകുന്ന കാഴ്ചകള്‍ .നല്ല എഴുത്ത്.ആശംസകള്‍ !

  ReplyDelete
 10. പ്രിയ സുഹൃത്തേ,

  ഞാനും താങ്കളെപ്പോലെ വളര്‍ന്നു വരുന്ന ഒരു എളിയ എഴുത്തുകാരനാണ്‌. മുപ്പതോളം ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. ഒരു പുതിയ സംരംഭത്തിന് നാന്ദി കുറിക്കുവാന്‍ എനിക്ക് താങ്കളുടെ സഹായം ആവശ്യപ്പെടാനാണ് ഈ കുറിപ്പെഴുതുന്നത്.

  ഞാന്‍ ഈയിടെ ഒരു നോവല്‍ എഴുതി പൂര്‍ത്തിയാക്കി അതുമായി ഒരു പ്രമുഖ വാരികയുടെ പത്രാധിപരെ കാണുവാന്‍ പോയി. പക്ഷെ അദ്ദേഹം അത് വായിച്ച് നോക്കുന്നത് പോയിട്ട് ഒന്ന് വാങ്ങി നോക്കുവാന്‍ പോലും തയ്യാറായില്ല. പുതിയ എഴുത്തുകാരുടെ സൃഷ്ടികള്‍ ആവശ്യമില്ലെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഒന്ന് വായിച്ച് നോക്കിയിട്ട് തിരികെ തന്നോളൂ എന്ന് പറഞ്ഞപ്പോള്‍ വായിച്ച് നോക്കേണ്ട കാര്യമൊന്നുമില്ലെന്നും പുതിയ എഴുത്തുകാര്‍ എഴുതുന്നതൊന്നും ഇനി അത് എത്ര നല്ലതാണെങ്കിലും വായനക്കാര്‍ക്ക് വേണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. പുതിയ ആളുകളുടെയൊക്കെ കഥകള്‍ ആര്‍ക്കു വേണം? എന്നാണ് അദ്ദേഹം ചോദിച്ചത്.

  വലിയ എഴുത്തുകാര്‍ കുത്തിക്കുറിച്ചു വിടുന്ന ഏത് ചവറുകളും അവരുടെ വീട്ടുപടിക്കല്‍ കാത്തു കെട്ടിക്കിടന്ന് വാങ്ങിക്കൊണ്ടുപോയി പ്രസിദ്ധീകരിക്കുന്ന ഈ പത്രാധിപന്മാര്‍ നമ്മെപ്പോലുള്ള പുതിയ എഴുത്തുകാര്‍ എത്ര നല്ല സൃഷ്ടികള്‍ എഴുതി അയച്ചാലും ഒന്ന് വായിച്ച് നോക്കുക പോലും ചെയ്യാതെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയുകയാണ്‌ പതിവ്.

  ഈ സ്ഥിതിക്ക് ഒരു മാറ്റം വരേണ്ടത് അത്യാവശ്യമല്ലേ? ഇവിടെ ഒരു എം.ടിയും മുകുന്ദനും പുനത്തിലും മാത്രം മതിയോ? അവരുടെ കാലശേഷവും ഇവിടെ സാഹിത്യവും വായനയും നില നില്‍ക്കേണ്ടേ?

  മേല്‍ പറഞ്ഞ പത്രാധിപരുടെ മുന്നില്‍ നിന്ന് ഇറങ്ങിവന്ന ശേഷം ഞാനൊരു കാര്യം മനസ്സിലുറപ്പിച്ചിരിക്കുകയാണ്. ഇനി ഒരു കാരണവശാലും ഞാന്‍ ആ നോവലും കൊണ്ട് മറ്റൊരു പത്രാധിപരെ കാണാന്‍ പോകില്ല . ഇന്ന് മുതല്‍ ഞാനതെന്‍റെ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യാന്‍ പോകുകയാണ്. 'മുഖം' എന്ന് പേരിട്ടിരിക്കുന്ന ഈ നോവല്‍ ആദ്യന്തം ഉദ്വേഗഭരിതമായ, സസ്പെന്‍സ് നിറഞ്ഞ ഒരു കുറ്റാന്വേഷണ കഥയാണ്.വായനക്കാര്‍ക്ക് മടുപ്പ് തോന്നാതിരിക്കാന്‍ ഓരോ വരിയിലും, ഓരോ സംഭാഷണത്തിലും ഞാന്‍ വളരെയധികം ശ്രദ്ധ കൊടുത്തിട്ടുണ്ട്‌.

  ഇന്ന് മുതല്‍ ഞാന്‍ ഇതിന്‍റെ ഓരോ അദ്ധ്യായങ്ങളായി പോസ്റ്റ്‌ ചെയ്യാന്‍ തുടങ്ങുകയാണ്. താങ്കള്‍ ഇത് മുടങ്ങാതെ വായിച്ച് താങ്കളുടെ മൂല്യവത്തായ അഭിപ്രായ നിര്‍ദേശങ്ങള്‍ നല്‍കി എന്നിലെ എളിയ കലാകാരനെ പ്രോത്സാഹിപ്പിക്കണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു. താങ്കള്‍ പറയുന്ന നല്ല അഭിപ്രായങ്ങളെ സ്വീകരിക്കുന്ന അതേ ഹൃദയവിശാലതയോടെ താങ്കളുടെ വിമര്‍ശനങ്ങളെയും ഞാന്‍ സ്വീകരിക്കുമെന്നും തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ അവ യഥാസമയം തിരുത്തി മുന്നോട്ട് പോകുമെന്നും ഞാന്‍ ഇതിനാല്‍ ഉറപ്പു നല്‍കുന്നു. നോവല്‍ നല്ലതല്ല എന്ന് വായനക്കാര്‍ക്ക് തോന്നുന്ന പക്ഷം അത് എന്നെ അറിയിച്ചാല്‍ അന്ന് തൊട്ട് ഈ നോവല്‍ പോസ്റ്റ്‌ ചെയ്യുന്നത് ഞാന്‍ നിര്‍ത്തിവെക്കുന്നതാണെന്നും നിങ്ങളെ അറിയിക്കുന്നു. ഇതിന്‍റെ ലിങ്ക് താങ്കളുടെ സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കണമെന്നും അപേക്ഷിക്കുന്നു.

  എനിക്ക് എന്‍റെ നോവല്‍ നല്ലതാണെന്ന് വിശ്വാസമുണ്ട്‌. അത് മറ്റുള്ളവര്‍ക്കും കൂടി കാണിച്ചു കൊടുക്കുന്നതിനു വേണ്ടിയാണ് ഞാന്‍ ഇങ്ങനെ ഒരു തീരുമാനവുമായി ഇറങ്ങിയത്‌. പുതിയ എഴുത്തുകാരുടെ രചനകളെല്ലാം മോശമാണെന്ന ധാരണ തിരുത്തിക്കുറിക്കുവാനുള്ള ഒരു എളിയ ശ്രമം കൂടിയാണിത് . ഇതിലേക്ക് താങ്കളുടെ നിസ്വാര്‍ത്ഥമായ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു.

  എന്ന്,
  വിനീതന്‍
  കെ. പി നജീമുദ്ദീന്‍

  ReplyDelete
 11. നന്നായിട്ടുണ്ട്?

  ReplyDelete
 12. മാഷിന്,ജയരാജിന് നന്ദി വായനക്കും,അഭിപ്രായത്തിനും.നജീമുദ്ദീന്‍ അഭിവാദ്യങ്ങള്‍,എല്ലാ ഭാവുകങ്ങളും..
  യുധിഷ്ടരന്‍ നന്ദി വരവിനും വായനക്കും

  ReplyDelete
 13. :)

  അതെ, ഈ ഓമ്മകള്‍ മറക്കാനാവാത്തത് തന്നെ. അതിനാല്‍ത്തന്നെയാവണം ഓണത്തിനേക്കാളും ഇഷ്ടം വിഷുക്കാലം തന്നെയെനിക്ക്.

  ReplyDelete
 14. വായിച്ചു.. ഇനിയും വായിക്കാം. ഗൃഹാതുരം ഈ സ്മൃതികള്‍ ...

  ReplyDelete
 15. ഈ പോസ്റ്റ് പ്രസിദ്ധീകരിച്ച് നാളുകള്‍ക്കു ശേഷമാണ് ഞാനിവിടെ വരുന്നത്. ആത്മാര്‍ത്ഥത തുളുമ്പുന്ന വരികള്‍... ഇത്തരമൊരു ഇല്ലായ്മയുടെ ബാല്യം കിട്ടാത്തതുകൊണ്ടാവാം ഇന്നത്തെ കുട്ടികള്‍ക്ക് ഉത്തരവാദിത്തമില്ലാതെ പോകുന്നത്... ഇനിയും എഴുതൂ... കാത്തിരിക്കുന്നു... അജിത്ജിയുടെ സംശയം എനിയ്ക്കുമുണ്ട്... കാവത്തും ചമ്മലയുമെന്താ? ഞാനൊരു മധ്യതിരുവിതാംകൂറുകാരനായതിന്റെ പ്രശ്‌നമാവാം.

  ReplyDelete
 16. നൈർമ്മല്യമുള്ള ഭാഷയും അവതരണവും ഇഷ്ടമായി. ആശംസകൾ.

  ReplyDelete
 17. വഴിമരങ്ങള്‍ക്കിടയിലൂടെ വഴിതെറ്റി വന്നതാണ്.
  അതുകൊണ്ടെന്താ
  നല്ലൊരു വായന തരായി.
  കുട്ടിക്കാലത്തിലെക്കൊന്നു എത്തി നോക്കാനും പറ്റി.സന്തോഷം.
  ആശംസകള്‍...

  ReplyDelete
 18. ബാല്യത്തെ ഓര്‍പ്പിച്ച ഒരു പോസ്റ്റ്‌ ...

  കശുവണ്ടികള്‍ നമ്മുടെ നാട്ടില്‍ സാധരണമല്ലാതിരുന്നത് കൊണ്ട് നമ്മുടെ ആശ്രയം ജാതിക്കാകള്‍ ആയിരുന്നു!

  ഇന്നത്തെ തല മുറയില്‍ ഭൂരിഭാഗം പേര്‍ക്കും കിട്ടാതിരിക്കുന്ന ഈ സൌഭാഗ്യങ്ങള്‍ ഒരിക്കല്‍ ഉണ്ടായിരുന്നു എന്ന ഓര്‍മ്മതന്നെ എത്ര സന്തോഷം തരുന്നു .

  നല്ല പോസ്റ്റ്‌... എല്ലാ അഭിനന്ദനങ്ങളും

  ( വൈകിയെത്തിയതിന് ക്ഷമാപണം )

  ReplyDelete

Post a Comment

അഭിപ്രായമുണ്ടോ....?