Sunday, 5 February 2012

വെയില്‍ക്കാലങ്ങളില്‍ന്നിന്ന്യാത്രകളുടെ പ്രഭവങ്ങളില്‍

വെയിലിഴനെയ്ത തണലൊരുക്കിയവര്‍

ആസന്നമായൊരുജലപാതത്തിലേക്കെന്നപോല്‍

ഒഴുകിമറയുമ്പോള്‍

വിരക്തിയുടെ പായല്‍മുഖങ്ങളില്‍ക്കണ്ടു

അരാലും വായിക്കപ്പെടാതെ

അനാദികാലമനാഘൃതമായിക്കിടന്ന

വൃക്ഷഭാഷയുടെ മന്ത്രാക്ഷരികള്‍,

പ്രയാണപ്രവേഗത്തിന്റെ വശ്യസീമയില്‍

അവയിലൊന്നും തിരിയാതെപോയി.

ഒടുവിലെപ്പൊഴോ,

കാഴ്ച്ചകള്‍ ശൂന്യപ്പെട്ട അനന്താകാശത്തിന്റെ അപാരതകള്‍ക്ക് കീഴെ

വെയില്‍ക്കാലങ്ങള്‍ തരിശിട്ട  തീവഴികളില്‍ വെച്ച്

തീവ്രസാധനയുടെ ഉപ്പുകല്ലില്‍ മുട്ടുകുത്തി സ്വായത്തമാക്കി,

അതുവരെയും വായിക്കപ്പെടാതെക്കിടന്ന

ആ പൂര്‍വികത്തരുലിപികളിലെ മൗനസൂക്തങ്ങള്‍.

കാലപാതത്തിലേക്കൊഴുകിമറഞ്ഞ

തണല്‍തലപ്പുള്ള പായല്‍ മുഖങ്ങളില്‍നിന്നും

പുതിയ കാലത്തിന്റെ  പ്രതലപ്രകാശങ്ങളിലേക്ക്

ഞാനതു പകര്‍ത്തുന്നു,

നമ്രശിരസ്കനായ് സമര്‍പ്പിക്കുന്നു..

വെയിലിഴപാവിയ തണല്‍ വിരിച്ച്,

കാലപ്രയാണത്തിന്റെ പൊരുള്‍വഴികളിലെനിക്ക് വഴിമരങ്ങളായവര്‍ക്ക് ....

നന്ദിപൂര്‍വ്വം.

12 comments:

 1. കവിതയുടെ പേരിനേക്കാള്‍ ഗൗരവം കവിതയ്ക്കുള്ളിലുണ്ട്.

  വിരക്തിയുടെ പായല്‍മുഖം :)
  പ്രയോഗം ഇഷ്ടമായി!

  ReplyDelete
 2. -കവിത സുന്ദരം :)
  ചില അക്ഷരപ്പിശകുകള്‍ ഉണ്ടോ?

  ..ലേക്കൊഴുകി മറയുമ്പോള്‍
  ആസന്ന ജലപാതത്തിലേക്കെന്ന പോല്‍ (ഇത്ര പോരേ?)
  വശ്യസീമ (ഒറ്റവാക്കാണ്, പല പ്രമുഖ ബ്ലോഗിലും ബ്ലോഗ് വിലയിരുത്തലുകാരിലെ റിപ്പോര്‍ട്ടുകളിലും കാണാം ഇത്തരം ഇഴയടുപ്പമില്ലായ്മ)
  തിരിയാതെ പോയി എന്നത് മലബാര്‍ അല്ലേ? :))
  വെയിലിഴപാവിയ (വെയിലിഴ പാകിയ?)

  ReplyDelete
 3. valare nannayittundu..... aashmasakal........

  ReplyDelete
 4. പ്രിയ സുഹൃത്തെ സുരഭീ,
  എന്റെ കവിതയുടെ നെഞ്ചത്ത് കുത്തിയിരുന്ന്‍ പൊങ്കാലയിട്ടത് നമ്മള്‍ പൊറുക്കില്ല ഒരുകാലത്തും,മൂന്നു തരം.താങ്കളുടെ അടുത്ത സര്‍ഗ്ഗസൃഷ്ടിയെ ഖണ്ടാനുഖണ്ടം താറുമാറാക്കി കാറ്റില്‍ കലക്കുന്നതായിരിക്കും ..ജാഗ്രതൈ

  പിന്നെ കവിതയുടെ പേരിനെയും മറ്റും പറ്റി.
  കടല്‍ കടന്നുവന്ന് ഇവിടെ മരുപ്പെട്ട പ്രവാസികളുടെ ജീവിതങ്ങളില്‍ നിന്നാണ് ഞാനീ വരികളെഴുതിയത്. അതുകൊണ്ടാണ് വെയില്കാലങ്ങളില്‍നിന്ന് എന്ന പേര് നല്‍കിയത്.

  വശ്യസീമക്കിടയിലെ വിടവ് ഞാന്‍ എപ്പോഴേ നികത്തി,"പാവിയ" എന്ന വാക്കിനെക്കുറിച്ചും , മലബാര്‍ പ്രയോഗത്തെക്കുറിച്ചും എനിക്കും കാര്യമായ പിടിയില്ലാത്തതിനാല്‍ വെറുതെ വിടുന്നു(തല്കാലത്തേക്ക്)

  ഗൌരവമായ വായനക്കും വിലപെട്ട നിര്‍ദ്ദേശങ്ങള്‍ക്കും ആത്മാര്‍ത്ഥമായി നന്ദി പറയുന്നു.

  ReplyDelete
 5. നന്നായി ഈ പ്രഭവപ്രഭാവം.വെയില്‍ തിന്ന് തണലൊരുക്കി പുറകില്‍ മറയുമ്പോള്‍ ആരാലും വായിക്കപ്പെടാതെ കിടക്കുന്ന വൃക്ഷഭാഷ,മനോഹരം.അവസാന വരികള്‍ വരെ,കവിത ആശയ ഗാംഭീര്യത്തിന്റെ നിരശോഭയില്‍ ...!

  ReplyDelete
 6. കവിത നന്നായി.

  ReplyDelete
 7. കവിത നന്നായി.. നല്ല പ്രയോഗങ്ങള്‍....

  ReplyDelete
 8. വെയിലേറ്റുവാങ്ങി തണല്‍ കോരിച്ചൊരിഞ്ഞ വഴിമരങ്ങളേ.......


  നന്നായിട്ടുണ്ട്, ഭാവുകങ്ങള്‍.

  ReplyDelete
 9. മദ്ധ്യാഹ്ന തീന്‍ മേശയെ വെയില്‍ നക്കുന്നു. രതിയെയും. !

  ReplyDelete
 10. നന്ദി മാഷിന്,മുകിലിന്,ഇലഞ്ഞിപൂകള്‍ക്ക്,ജയകുമാറിന്,നാമൂസിന്,കാവലാന്,നിശാസുരഭിക്ക്... വായനക്കും അഭിപ്രായങ്ങള്‍ക്കും

  ReplyDelete
 11. വൃക്ഷഭാഷ സുന്ദരം......

  ReplyDelete

അഭിപ്രായമുണ്ടോ....?

പെണ്ണ്

ഒറ്റനോട്ടത്തിലവരെങ്ങനെയാണ് നമ്മളെ പൂമരങ്ങളാക്കുന്നത് ?