വീട്ടിലേക്കുള്ള വഴി...........
വേനലില്‍,
വീട്ടിലേക്കുള്ള വഴിയിലന്ന് നിറയെ
മുളയിലകള്‍ വീണ് കിടന്നിരുന്നു.
ഋതുമതിയായ പൂമരങ്ങള്‍
ആ വഴിനീളെ രക്തദളങ്ങള്‍ പൊഴിച്ചിരുന്നു
എന്റെ ബാല്യ കുതൂഹലങ്ങളിലേക്കാ
വഴിയോരത്തെ കുന്നിയും,മഞ്ചാടിയും
ചെമ്മുത്തുമണികളുതിര്‍ത്തിരുന്നു

അന്ന് കാലവര്‍ഷത്തില്‍
ഒരുമഴയോളം പറഞ്ഞും തീരാതെ
മാമരപെയ്ത്തായെന്നോട് പറയാന്‍
ദലാഗ്രങ്ങളില്‍, കഥകളേറെ
കരുതിവച്ചിരുന്നിതേ കുന്നി,മഞ്ചാടി,പീലിമുളകളും .
അന്നാവഴിയോരത്ത് നീളെ
 കുറുന്തോട്ടികള്‍പൂക്കാറുണ്ടായിരുന്നു .

പിന്നീടെന്നൊ,
ഒരുമഞ്ഞുകാലത്തിന്റെ
തനിയാവര്‍ത്തനങ്ങളിലൊന്നുറങ്ങിയുണര്‍ന്നപ്പോള്‍..
വീട്ടിലേക്കുള്ള വഴിയരികില്‍,
അറുത്തെടുത്തവശേഷിച്ച 
മുളംകുറ്റികളില്‍നിന്ന്
വാര്‍ന്നൊഴുകുന്നു,മൗനം..
അന്നാ വഴിനീളെ ചിതറിയിരുന്നു പൂമൊട്ടുകള്‍,,
ഇനിയൊരുവേനലിലാകാശത്തിന്‍
മാദകപുഷ്കലദിനങ്ങളിലേക്ക് 
രക്തദളങ്ങളവശേഷിക്കാത്ത
പൂമരപൂമൊട്ടുകള്‍..
ചിമിഴിലൊടുങ്ങയൊരായിരം
കുന്നിമഞ്ചാടി മണികളും..

വാതരോഗം മൂത്ത്
കുറുന്തോട്ടികള്‍ മുച്ചൂടും മുടിഞ്ഞ
അതേ മഞ്ഞുകാലത്തായിരുന്നു.
വീട്ടിലേക്കുള്ള വഴി,
എന്റെ വഴികളില്‍നിന്ന്
മറവിയിലേക്ക്
മായാന്‍ തുടങ്ങിയതും..

ഇനി നീ പറയുക കാലമേ....
ഞാന്‍ വന്ന വഴിയേത്?,
എന്റെ വഴിയേത്?
ഇനിയെന്ന് തിരികെത്തരുംനീയെനിക്കെന്റെ
വീട്ടിലേക്കുള്ളൊരാ വഴിയുമെന്‍ വീടും?????...

....

Comments

 1. പ്രവാസജീവിതത്തിന്റെ ബാക്കി പത്രമാണ്‌ നോവും നൊമ്പരവും പകര്‍ന്ന വീട്.ആ വീട് മനസ്സില്‍ പോലും ബാക്കിയില്ലെന്നു അറിയുമ്പോള്‍ നെഞ്ചില്‍ ഒരു കനല്‍ കയറ്റിവെക്കുന്ന പൊള്ളല്‍.ഓര്‍മകളില്‍ ഓണപൂകളെ വിരിയിച്ച് വീട് എന്നും കാത്തു നില്‍ക്കും.ഓര്‍മ്മകള്‍ അവശേഷിപിച്ച പാതയോരവും.തിരക്കിനിടയില്‍ നാം പിഴുതെറിയുന്നു...കുറുന്തോട്ടിക്കു വാതം പിടിച്ചെന്നു പരാതി പറഞ്ഞു സ്വന്തം വാതം മറച്ചു വെക്കും...ഋതുമതി പൂക്കള്‍ക്ക് വര്‍ണശോഭ യില്ലെന്ന് തിമിരകണ്ണ് കൊണ്ട് പറയും...ആധുനികതയെ പുല്‍കി നാം വീടിനെ തച്ചുടക്കും.എങ്കിലും മണ്ണ് മാന്തികള്‍ക്കെന്നല്ല കൊടുങ്കാറ്റിനു പോലും തകര്‍ക്കാനോ തരിപ്പിണമാക്കാനോ കഴിയില്ല നമ്മള്‍ ഓരോരുത്തരുടെയും അസ്ഥിത്വം ആയ ആ വീടിനെ.വാസ്തു ശില്പ ചാരുതയോടെ ആ വീടിനെ സ്രെഷ്ടിച്ച നെഞ്ചില്‍ തട്ടുന്ന നേരിന്‍റെ തച്ചു ശാസ്ത്രം പകര്‍ന്നു നല്‍കിയ ചരിത്രവും..സംസ്കാരവും ഇന്നും ആ പൌരാണിക മന്ദിരം കാത്തു സൂക്ഷിക്കുന്നുണ്ട്.തന്മൂലം തന്നെ ആ വീട് നെഞ്ചേറ്റുന്നവര്‍ക്ക് വീടിനെ ഉപേക്ഷിച്ചു പോകാന്‍ കഴിയില്ല.വീടും അവരെ മാടിവിളിച്ചുകൊണ്ടിരിക്കും.ഒരു സംസ്കാരത്തിന്‍റെ സമന്വയത്തിനായി.അത് കാലത്തിന്‍റെ അനിവാര്യതയാണ്.പുഴ കടത്തിയാലും അത് പൂച്ചകുട്ടിയെപോലെ പിന്നാലെ വരും....ഓര്‍മകളുടെ കാല്‍ച്ചുവട്ടില്‍ സ്നേഹത്തോടെ മുട്ടിയുരുമ്മി.പുറംകാലുകൊണ്ട് തൊഴിച്ചാലും നക്കി വരും...കാരണം കറ തീര്‍ന്ന സ്നേഹത്തിനും...ഒളിമങ്ങാത്ത ഓര്‍മകള്‍ക്കും ഒരിക്കലും മരണമില്ല.ഒരിടത്തും പോയിട്ടില്ല...ഓര്‍മകളില്‍ ആ സൌധം ഒരു പോറലും ഏല്‍ക്കാതെ ഇന്നും നില നില്‍ക്കുന്നുണ്ട്...ഒരു വിളിപ്പാടകലെ.ഇനിയും വൈകിയിട്ടില്ല.പുനരുദ്ധാരണം വേണ്ടത് ആ പഴ വീടിനെ കാലമിത്രയും അവഗണിച്ച് .. ആ പഴമയുടെ ഗന്ധം തിരിച്ചറിയാതെ...അതു നല്‍കിയ തനിമ മനസിലാകാതെ...പുറത്തു നിന്നു നോക്കി വിലയിട്ട...നാലാള് 'മോഹ വില'പറഞ്ഞത് കേട്ട് "വില്‍ക്കാന്‍ ഉണ്ട് "എന്ന് ബോര്‍ഡ്‌ വെച്ചവരുടെ ഇടുങ്ങിയ മനസുകള്‍ക്ക് ആണ്.പുത്തന്‍ ഫ്ലാറ്റുകളും...മണി മന്ദിരങ്ങളും അന്വേഷിച്ചു നടക്കുന്നവരുടെ മനസുകള്‍ക്കാണ്.

  ReplyDelete
 2. പ്രിയ സുഹൃത്ത് വെള്ളരിപ്രാവിന്,

  ജീവിതത്തിലെ പകലുകളെ,കരാറെഴുതി വിറ്റുപോയതിനാല്‍,എഴുത്ത് രാത്രിയിലാണ്.അതു കൊണ്ടു തന്നെ താങ്കളുടെ ആദ്യ കമന്റ് പ്രത്യക്ഷമായ പോസ്റ്റിന് ലേബലടിക്കാന്‍ മറന്നുപോയിരുന്നു,ഈലോകത്ത് സിറ്റിസന്‍ ഷിപ്പ്ലഭിക്കാനുള്ള ടെസ്റ്റിനിയും പാസ്സാവാത്തതിനാല്‍ എടിറ്റാന്‍ ശ്രമിക്കുന്നതിനിയില്‍ താങ്കളുടെ കമന്റിനൊപ്പം എന്റെ പോസ്റ്റുംഅപ്രത്യക്ഷമായി,രണ്ടാമതു പോസ്റ്റുമ്പോള്‍ താങ്കളോട് ഖേദം പ്രകടിപ്പിക്കണം എന്നു കരുതിയിരുന്നു അതിനു മുന്‍പെ വീണ്ടും,എന്റെ പതിര് നിറഞ്ഞ അക്ഷര സാഹസങ്ങള്‍ക്ക് മേല്‍(ഔപചാരികതയുടെ അതിവിനയമായ് എടുക്കാതിരിക്കുക) ആഗ്രഹിച്ചതിലുമേറെ,അഭിനന്ദനത്തിന്റെ അമൃത വര്‍ഷം നടത്തിയതിന്..

  സമാധാനത്തിന്റെ,സൗഹൃദത്തിന്റെ,സദൃശ ചിന്തകളുടെ പങ്കുവെക്കലിന് നന്ദി പറയന്നു.

  ReplyDelete
 3. valare ishtamaya kavitha. (praavinte commentum ishtamayi.)
  abhinandanagal.

  ReplyDelete
 4. നന്ദി മുകില്‍.സന്തോഷമുണ്ട് താങ്കളുടെ വരവിലും,അഭിപ്രായത്തിലും

  ReplyDelete

Post a Comment

അഭിപ്രായമുണ്ടോ....?