Sunday, 11 December 2011

വെളിപാടിന്റെ മൂന്നാം നാള്‍


വെളിപാടിന്റെ മൂന്നാം നാള്‍

അര്‍ജ്ജുനവിഷാദയോഗം

നൂറ്റൊന്നാവര്‍ത്തിച്ച്

കമണ്ഠലു കമഴ്ത്തി

വസനങ്ങളിലവസാനത്തേതുമഴിച്ചുമാറ്റി

ആചാര്യന്‍

ചമതമേഞ്ഞ പൂര്‍വ്വാശ്രമവാതിലടച്ചു.

ബ്രഹ്മചര്യത്തിലര്‍ധവിരാമിയായ

ജ്ഞാനതൃഷ്ണയുടെ ശമനതാളങ്ങള്‍ക്ക്

സന്നിപകരാന്‍

അകത്ത്,

വിരിച്ച ദര്‍ഭമേല്‍

അനാവൃതയായി അധരം വിയര്‍ത്ത്,

അറിവിന്റെ ആ രതിയൊരുക്കി

അവള്‍

അനുയായിയായിരുന്നവള്‍ക്ക്ശിഷ്യപ്പെട്ട്

ആചാര്യന്റെ അനുധാവനം

പൂര്‍ണ്ണജ്ഞാനത്തിലേക്ക്...


Sunday, 20 November 2011

പതിവുപോലെ.....

വര-മാധവൻ 

 ഒരു,താന്നിക്കുരു,

വെയില്‍വഴിയിലെന്നെക്കാത്ത്  കിടക്കും,

ഇല്ലിവേലിയില്‍ ഞാന്‍

ഉറക്കത്തുമ്പികളുടെ തോരണങ്ങള്‍കാണും,

യുഗാന്തരങ്ങള്‍ത്താണ്ടി

നരവീണ് വിണ്ട മാവിന്‍കൊമ്പില്‍

കാക്കകളന്നെ വിരുന്നു വിളിക്കും,

ചീവീടുകള്‍നീട്ടിപ്പാടും...

കുന്നിന്മുകളില്‍ന്നിന്ന്,വേങ്ങമരത്തിന്റെ

തളരിലകള്‍ ഉലഞ്ഞ്പറക്കുന്നൊരു

കാറ്റ്,എന്റെപ്രാണനോട് ചേരും..

അപരാഹഹ്നങ്ങളില്‍

 വാത്സല്യ മധുരമേറിയ

കടുംകാപ്പിനുണഞ്ഞ്

ഉമ്മറത്തിണ്ണയില്‍കാല്‍കയറ്റിയിരിക്കെ,

തേക്കിന്‍ തലപ്പുകള്‍ക്ക് മീതെ

അകലെ

യൂക്കാലികള്‍ കാവടിയാടുന്ന

കാടിന്റെ നെറുകിലിറങ്ങാന്‍

മിഴികള്‍ക്ക് മുന്‍പെ പറക്കും,

കുന്നിന്‍പുറമേറിപ്പുണര്‍ന്ന് നില്‍ക്കുന്ന

ഈറമ്പനകളില്‍ മയിലുകള്‍

ചേക്കേറുന്ന സന്ധ്യക്ക്,

വയലിലെ കാവല്‍മാടങ്ങളില്‍,

ശരറാന്തലുകള്‍ തെളിയാന്‍ തുടങ്ങന്നത്

ഞാന്‍ കാണും

നിലാവുമുക്കിയുടുത്ത്,മുട്ടോളം മുടിയഴിച്ചിട്ട്

എന്റെ മുറിക്കുപുറത്തെ പ്ലാവിന്‍ ചോട്ടില്‍

കഥകളിറങ്ങിവന്നവര്‍ കാത്തുനില്‍ക്കെ

പലവുരുചൊല്ലിനാവോടുചേര്‍ന്ന

സന്ധ്യാനാമങ്ങളും ഞാനും

ഒരേപുതപ്പിനടിയില്‍ വീണ്ടുമുറങ്ങും....

പതിവുപോലെ.....


Sunday, 4 September 2011

മണ്ണ് തിന്നുന്നവര്‍ക്ക്


എനിക്ക് വെറുപ്പാണ്

ഇനി വിശക്കും വരെ,

രുജിയടക്കുകളില്‍ മേദസ്സൊളിപ്പിച്ച

ബര്‍ഗ്ഗറിന്‍ മൃദുത്വം...അവസാനതുള്ളിക്കുശേഷവും

അകംനുരഞ്ഞേംമ്പക്കച്ചോദ്യമെറിയുന്ന

പെപ്സിതന്‍ കുളിര്‍..

നിറവയറിലിടം തേടിത്തോറ്റ്

തണുത്തുതളരുന്ന

ഫ്രഞ്ച് വറവിന്‍

ഒഴിയാത്ത കൂടിനെ..

കാരണമെന്തെന്നൊ?ദൂരെ

ഏതൊ നാട്ടില്‍ ആരൊ

മണ്ണ്തിന്നുന്നത്രെ!!ക്ഷീരധമനികളുണങ്ങിയ

ശുഷ്കമാറിടങ്ങളില്‍

വിശപ്പുചപ്പുന്നത്രെ

ശപ്ത ശൈശവങ്ങളന്നാട്ടില്‍

ശ്ശരി,നേരുക

ഒരായിരം ഇമെയില്‍ വഴിപാട്,


ഇടനേരമൃഷ്ടാനമേശയി-

ലുറക്കെ,ഉല്‍ക്കണ്ഠിക്ക,

ദൂരെ ഏതൊ നാട്ടില്‍

ആരൊ മണ്ണ് തിന്നുന്നത്രെ ,കഷ്ട്ം !!ചിത്രങ്ങള്‍ മെയിലില്‍ ലഭിച്ചത്Thursday, 25 August 2011

....പാറാവുകാരന്‍വേനല്‍മഴയില്‍,

കതിരാകും മുന്‍പെ

വീണടിഞ്ഞ

സ്വപനങ്ങളുടെ

വയല്‍ വരമ്പില്‍

കാവലായാഴന്ന്,

മോക്ഷത്തിലേക്ക്

ചിതലരിക്കാന്‍

ഒരു നോക്കുകുത്തി...

,

പൊറുതിക്കൊരു

മുറിമൂലപോലും

മോഹിക്കാതിരുന്നിട്ടും

കുടിയിരിപ്പിനു തലേന്ന്

പുരക്കും,
പുരയിടത്തിനും  പുറത്ത്

പെരുവഴിച്ചാലില്‍

ഒലിച്ചുപോകാനൊരു

പെരുമഴമോഹിച്ച

കരിങ്കണ്ണേറിന്റെ

പാറാവുകാരന്‍...

 ഇനിയുമാടാന്‍

തിരശ്ശീലക്കു പുറകില്‍

അവതാരങ്ങള്‍

ഏറെ ബാക്കിയുള്ളവന്‍

വീട്ടിലേക്കുള്ള വഴി...........
വേനലില്‍,
വീട്ടിലേക്കുള്ള വഴിയിലന്ന് നിറയെ
മുളയിലകള്‍ വീണ് കിടന്നിരുന്നു.
ഋതുമതിയായ പൂമരങ്ങള്‍
ആ വഴിനീളെ രക്തദളങ്ങള്‍ പൊഴിച്ചിരുന്നു
എന്റെ ബാല്യ കുതൂഹലങ്ങളിലേക്കാ
വഴിയോരത്തെ കുന്നിയും,മഞ്ചാടിയും
ചെമ്മുത്തുമണികളുതിര്‍ത്തിരുന്നു

അന്ന് കാലവര്‍ഷത്തില്‍
ഒരുമഴയോളം പറഞ്ഞും തീരാതെ
മാമരപെയ്ത്തായെന്നോട് പറയാന്‍
ദലാഗ്രങ്ങളില്‍, കഥകളേറെ
കരുതിവച്ചിരുന്നിതേ കുന്നി,മഞ്ചാടി,പീലിമുളകളും .
അന്നാവഴിയോരത്ത് നീളെ
 കുറുന്തോട്ടികള്‍പൂക്കാറുണ്ടായിരുന്നു .

പിന്നീടെന്നൊ,
ഒരുമഞ്ഞുകാലത്തിന്റെ
തനിയാവര്‍ത്തനങ്ങളിലൊന്നുറങ്ങിയുണര്‍ന്നപ്പോള്‍..
വീട്ടിലേക്കുള്ള വഴിയരികില്‍,
അറുത്തെടുത്തവശേഷിച്ച 
മുളംകുറ്റികളില്‍നിന്ന്
വാര്‍ന്നൊഴുകുന്നു,മൗനം..
അന്നാ വഴിനീളെ ചിതറിയിരുന്നു പൂമൊട്ടുകള്‍,,
ഇനിയൊരുവേനലിലാകാശത്തിന്‍
മാദകപുഷ്കലദിനങ്ങളിലേക്ക് 
രക്തദളങ്ങളവശേഷിക്കാത്ത
പൂമരപൂമൊട്ടുകള്‍..
ചിമിഴിലൊടുങ്ങയൊരായിരം
കുന്നിമഞ്ചാടി മണികളും..

വാതരോഗം മൂത്ത്
കുറുന്തോട്ടികള്‍ മുച്ചൂടും മുടിഞ്ഞ
അതേ മഞ്ഞുകാലത്തായിരുന്നു.
വീട്ടിലേക്കുള്ള വഴി,
എന്റെ വഴികളില്‍നിന്ന്
മറവിയിലേക്ക്
മായാന്‍ തുടങ്ങിയതും..

ഇനി നീ പറയുക കാലമേ....
ഞാന്‍ വന്ന വഴിയേത്?,
എന്റെ വഴിയേത്?
ഇനിയെന്ന് തിരികെത്തരുംനീയെനിക്കെന്റെ
വീട്ടിലേക്കുള്ളൊരാ വഴിയുമെന്‍ വീടും?????...

....

Tuesday, 14 June 2011

എന്നും എന്റെ മനസ്സ്

കാലം കരിഞ്ഞടങ്ങിയകുഴിതൊണ്ടി
അടരുകളിലടഞ്ഞമര്‍ന്ന
നിലവിളികള്‍ക്ക് തീ കൊളുത്തി
ഉഷ്ണമുനമേല്‍
ഉള്ളെരിയെ തീ കാഞ്ഞിരിക്കും ചിലപ്പൊള്‍.
നിലവിട്ടുനില്‍ക്കും നേരംനോക്കി
മരണമൗനം പൂണ്ട്
തലകീഴായിത്തൂങ്ങിയുറങ്ങാന്‍
ഇരുള്‍മാളങ്ങള്‍ തേടും മറ്റൊരിക്കല്‍,
ഇരവിനൊടുവിലും നടുനിവര്‍ക്കാതെ
പകലൊടുങ്ങാത്തയിടങ്ങളി-
ലാടുമേക്കാന്‍വിളിച്ചെന്റെ
ദിക്കുകളില്‍നിന്ന് അടയാളങ്ങള്‍ മായ്ച്ചുകളയും...
എനിക്കുപുറത്തെന്നെ തഴുതിട്ടടക്കും
എന്നും എന്റെ മനസ്സ്.....


Sunday, 24 April 2011

പകല്‍പ്പുരോഹിതനും പാതിരാ നായ്ക്കളും

കൊല്ലുക..
കാലനു കപ്പം കൊടുത്ത്
മരണത്തിന്റെ ചുങ്കം
പിരിക്കാനിറങ്ങിയ
പാതിരാ നായ്ക്കളെ.
പതിയിരുന്നല്ല,
പകല്‍ക്കാണെകൊല്ലൂ..
വിഷംതെറിച്ച്ചിറകുരുകിയ
നമ്മുടെ നാളെകള്‍
മണ്ണിലിഴയുന്നൂ,
നമ്മുടെ സ്വപ്നങ്ങള്‍
ഒഴുകാക്കണ്ണുനീര്‍ കെട്ടി
മൂര്‍ധ്ദാവ് വിങ്ങി
അലറിക്കരയുന്നൂ..
നാവരിയൂ,
വിഷംമൊഴിയുന്ന
നാവിനുടയോന്റെ
വേതാളശിരസ്സുമരിയൂ..
നമ്മുടെ പ്രതീക്ഷകളുടെ
പൊടിപ്പിലാണവര്‍
മരണം തുപ്പുന്നത്
നമ്മുടെ വെന്തടര്‍ന്ന
ഹ്റ്ദയത്തിലാണവര്
ചാവ്പടിപ്പിന്റെ
പുതു പള്ളികൂടത്തിന്
വീണ്ടും
തറവാങ്ങുന്നത്
നാളിതുവരെ അര്‍പ്പിച്ച
ബലി മതി,ബലിക്കല്ലില്‍
മൂര്‍ത്തിത്തലയിലെ
ചുടുനിണമൊഴുക്കാറായ്
കൊല്ലുക നമ്മുടെ
മക്കളെ കൊന്നോരെ
കൊല്ലുക നമ്മുടെ
കണ്ണുനീര്‍കാണാ
പകല്‍ പുരോഹിതരെയും.


എന്‍ഡോസള്‍ഫാന്‍ ഉരിഞ്ഞെടുത്ത ഉടലുമായ് മരിച്ചു ജീവിക്കുന്ന എന്റെ സഹജര്‍ക്ക്,   അമ്മമാര്‍ക്ക്  അക്ഷരസ്നേഹത്തോടെ.........


Saturday, 23 April 2011

ചക്കിക്ക്


ചത്ത മുണ്ടനെ തലച്ചൂടായി കൂട്ടി
വെയിലില്‍ കുളിരുപൊട്ടി
ചൂലരിയാനിറങ്ങുന്ന ചക്കിക്ക്    
ഒരു വാവിനുച്ചിയില്‍      
മുണ്ടന്റെ വിളി വന്നു
യൗവ്വനം കടഞ്ഞ്
വാര്‍ദ്ധക്ക്യത്തിലെത്തിയ
വൈധവ്യം, നീട്ടി ത്തുപ്പിയ
ഒരു  നിശ്വാസത്തിലൊടുക്കി
ചക്കി കണ്ണടച്ചു.
ഇടവഴികള്‍ തേഞ്ഞ് ചേര്‍ന്ന പാദങ്ങളെ
പെരുവിരലില്‍ കൂട്ടിക്കെട്ടി,
വാസനപ്പൊകല പുരണ്ട
കത്തുന്ന തെറികളെ
താടി ചേര്‍ത്തടച്ച്
കാലന് അമ്മളി പറ്റാതെ കാത്തു..
കാത്തിരുന്നവര്‍.അടിക്കുറിപ്പ്

അച്ചമ്മയുടെ സമ്പന്നമായ മുറുക്കാന്‍ ചെല്ലം മോഹിച്ചു ചക്കി വന്നിരുന്ന വേനല്‍ മധ്യാഹ്നങ്ങളില്‍, എന്റെ പകലുറക്കങ്ങളെയാണ് ഇരുവരും  നാലും കൂട്ടി മുറിക്കി തുപ്പിയിരുന്നതെങ്കിലും അവരുടെ പഴമ്പുരാണങ്ങളില്‍  കഥയും കാലവും ജീവതവുമായി രമിക്കുന്നത്    ഏറെ    കണ്ടിരുന്നിട്ടുണ്ട് ഞ്ഞാന്‍

Monday, 18 April 2011

കടലോര്‍മകള്‍
കാലടികളില്‍ കടല്‍ നിറച്ച്
തിരികെപ്പോയൊരു തിരയോട്
ഞാനെന്റെ ഓര്‍മകളെ
തിരികെ ചോദിക്കവെ
ഉപ്പളങളിലെവിടെയൊ
വെള്ളപുതച്ചുകിടന്ന
കടലിന്റെ മാറിലെ
ഉറയാത്ത ഒരു തുള്ളി
കണ്ണുനീര്‍ നീട്ടി
തിരയെന്റെ കനവിലും
കടല്‍ നിറക്കുന്നു

Sunday, 17 April 2011

അരയാലിലയിലെ പ്രണയം

ഉറിയിലൊളിപ്പിച്ച പ്രണവം
കുടമുടച്ച്പകുത്ത്നല്‍കാന്‍,
ധര്‍മസംസ്ഥാപനതിന്റെ ഒളിയമ്പേറ്റവന്
തുല്ല്യനീതിയിലേക്കു
തിരികെ തൊടുക്കാനായ്
അസ്ത്രവും ലക്ഷ്യവുമാവാന്‍
പ്രണയമുടലാര്‍ന്നവന്‍.
നിത്യതയിലേക്ക്തുറന്ന
മയില്‍പീലിക്കണ്ണിലെ...
പ്രളയജലധിയില്‍
പ്രണയം പേറി
ഒരരയാലില.

പെണ്ണ്

ഒറ്റനോട്ടത്തിലവരെങ്ങനെയാണ് നമ്മളെ പൂമരങ്ങളാക്കുന്നത് ?