Thursday, 6 February 2020

പ്രാന്ത്

വര-മാധവൻ

കാലം കരിഞ്ഞടങ്ങിയ കുഴിതോണ്ടി
അടരുകളിലടഞ്ഞമര്‍ന്ന
നിലവിളികള്‍ക്ക് തീക്കൊളുത്തി
ഉഷ്ണമുനമേല്‍ 
ഉള്ളെരിയെ തീ കാഞ്ഞിരിക്കും ചിലപ്പോള്‍.
നിലവിട്ടുനില്‍ക്കും നേരംനോക്കി
മരണമൗനം പൂണ്ട്
തലകീഴായിത്തൂങ്ങിയുറങ്ങാന്‍ 
ഇരുള്‍മാളങ്ങള്‍ തേടും മറ്റൊരിക്കല്‍,
ഇരവിനൊടുവിലും നടുനിവര്‍ക്കാതെ
പകലൊടുങ്ങാത്തയിടങ്ങളിൽ
ആടുമേക്കാന്‍ വിളിച്ചെന്റെ
ദിക്കുകളില്‍നിന്ന് അടയാളങ്ങള്‍ മായ്ച്ചുകളയും...
എനിക്കുപുറത്തെന്നെ തഴുതിട്ടടക്കും
എന്നും എന്റെ മനസ്സ്.....

Sunday, 29 December 2019

തെറിപ്പാട്ട്പാഴായ യാത്രകളോരോന്നും എണ്ണി പറഞ്ഞ്
കലഹിക്കുന്ന കാൽപാദങ്ങളോട്

ദൂരങ്ങളിൽ ഒളിഞ്ഞിരിക്കുന്ന
കളവുകളെക്കുറിച്ച് പിറുപിറുത്ത്
മുഷ്‌ടി ചുരുട്ടുന്നു
താളം തെറ്റി വീശുന്ന കൈകൾ.

വഴിക്കാറ്റ് കടന്നു പോകുന്ന തുള വീണ നെഞ്ചിലേക്ക്
കുനിഞ്ഞു തൂങ്ങുന്ന ശിരസ്സുണ്ട്,
തനിക്കൊന്ന് ചായണമെന്ന് ചിണുങ്ങുന്നു..

വേപഥു പൂണ്ട മനസ്സു പരതുന്നു
ആരും തീണ്ടി ഈണം ചോരാത്ത തെറിപ്പാട്ടിലൊന്നിനെ.

പിന്നിട്ട വഴികളത്രയും ചുരുട്ടിയെടുത്തത്
ചുമടായി കനക്കുമ്പോൾ,
എടുത്ത് നിവർത്തി ഒന്നുറങ്ങാം'
എന്നൊരു ക്ഷണമുണ്ട്
കരിമ്പനച്ചോട്ടിൽ
നിലാവുടുത്ത്
നൂറും തേച്ച് വിളിക്കുന്നു...

Friday, 13 December 2019

ഗുരു മൊരിഞ്ഞത്

"ഗുരോ"???...

പിൻകാലുകളിൽ ചുരമാന്തി
കുതിക്കാനായുന്ന..
ചൊറിപിടിച്ചൊരു തെരുവ്  നായോട്

"ആഹാ" 

എന്നൊരു കൊതിയുണ്ടെനിക്ക്..


"ഉം".. .....
എന്നൊരു മൗനത്തിന് തുടക്കമിട്ട്

താരനിളക്കി ത്താടി ചൊറിഞ്ഞ്

ഗുരു മൊരിഞ്ഞു*...


കൗപീനം കെട്ടാത്തവന്റ 
മൂടുകീറിയ മുണ്ടാവണം
മനസ്സ്.........

കവലപ്രസംഗിയുടെ വായിൽ  പിഴച്ച് പെറ്റ തെറിയാവണം
വാക്ക്...... ....


"നോക്ക്",
പരാസനത്തിലേക്ക്  അറിയാതെ
തെറിച്ചു കുത്തുന്ന
കോങ്കണ്ണും"...


ചൊറിപിടിച്ചൊരു തെരുവ്  നായുണ്ട്...

"ആഹാ" 
എന്നൊരു കുതി കുതിക്കുന്നു!!!

Sunday, 27 October 2019

കുപ്പിച്ചി


കുപ്പിച്ചി ഒരു വെളിപാടായിരുന്നു.ഇലയനങ്ങാനൊരു ചെറുകാറ്റുപോലും വീശാത്ത വേനലിൽ, വെയിൽച്ചൂടിലാവിയാറ്റിക്കിടന്ന നാട്ടുവഴികളുടെ വിജന വ്യഥകളിൽ അവർ പൊടുന്നനെ മുളച്ചുപൊന്തും.

ഒറ്റക്കും തറ്റക്കും നടന്ന് കളിക്കുന്നതിനിടയിൽ

മുന്നിൽ ചെന്ന്‌ പെടുന്ന പിള്ളേര് കുപ്പിച്ചിക്ക് മുന്നിൽ തറഞ്ഞ് നിന്നു.

ഏവുടുക്കാറാ ഇയ്യ്‌ ...

മുറുക്കാൻചാറൊലിച്ച വായ്കോണുകൾ  താഴേക്ക് വക്രിച്ച് പിടിച്ചാണ് ചോദിക്കുക 

ചെളിപിടിച്ച മൂക്കുത്തിയുടെ നടുക്കെവിടെനിന്നോ അകപ്പെട്ടുപോയ ദുരാത്മാക്കളുടെ കൺതിളക്കങ്ങൾ. 


മുഖത്ത് ,ചുളിവുകളുടെ ഗുണനചിഹ്നങ്ങളിൽ വീണുകിടക്കുന്ന കെടുകാലങ്ങളുടെ കാർക്കശ്ശ്യം.


ഭയത്തിന്റെ മിന്നലാട്ടങ്ങൾ  തെളിയാൻ തുടങ്ങുന്നത് കണ്ട് കുപ്പിച്ചിചിരിക്കും,

കണ്ണും,കവിളും,ഗുണനചിഹ്നങ്ങളും ചിരിക്കും.വക്രിച്ച വായ്കൊണുകൾ വാത്സല്യത്തിന്റെ അമ്പിളിക്കലയാകും.
ന്റെ കുട്ടി പേടിച്ച?
കുപ്പിച്ചി വെറുക്കന കാട്ടണതല്ലേ..


നിറം മങ്ങിപ്പോയൊരുകീറത്തോർത്ത്  തലയിൽ വാരിചുറ്റി,

യൂക്കാലിയും ,മുളയും, പുല്ലാനിമൂർഖനും തിമർത്ത് വളരുന്ന എട്ടാം മേടിൻറെ     പാർശ്വങ്ങളിൽ കുപ്പിച്ചി പുതിയ വഴിച്ചാലുകൾ തെളിച്ചു.

ആളൊപ്പം വളർന്ന് നിന്ന 
പൊന്തകളിൽ ഒന്നിനെയും ഭയക്കാതെ അവർ ചൂൽപുല്ല് തിരഞ്ഞ് നടന്നു.
കാട്ടിൽ മേയാൻ കേറുന്ന പൈക്കൾ കുപ്പിച്ചിയോടു തല വെട്ടിച്ച്  കുശലം പറഞ്ഞുകൊണ്ട് കടന്നുപോയി .

 വിളഞ്ഞു നിന്ന ചൂൽ പുല്ലുകൾക്കിടയിൽ
അവർ മുങ്ങിനിവരുന്നത് കാണാത്ത കന്നാലി നോട്ടക്കാരുണ്ടാവില്ല.

അമ്പിളിക്കല പോലെ നേർത്ത വായ്ത്തലയുള്ള അരിവാൾകൊക്ക്  ഉടുമുണ്ടിന്റെ പിറകിൽ ചന്തിച്ചാലിലേക്ക് കൊളുത്തിയിട്ട് കുപ്പിച്ചി  ദേശമളന്നു.


താണ്ടിയത്തെ തറവാട്ടു പടിക്കൽ,

ബ്രിജീത്താൾച്ചമ്മയുടെ  അടുക്കള വരാന്തയിൽ,  പാണൻ കുട്ടാപ്പുവിന്റെ  കിണറ്റുംതിണ്ണയിൽ

അങ്ങനെ,,

കുപ്പിച്ചിക്ക് അകവാശമില്ലാത്ത ഇടങ്ങൾ ദേശത്ത്  കുറവായിരുന്നു."കുതരന കൊണ്ട് ചവിട്ടിപ്പിച്ച്  പതം വെര്ത്ത്യെ പൊകല റെബ്ര്യ്യേന്റെ* പീട്യേന്ന് വെര്ത്തിച്ചത്, മുർക്കണേന്റെപ്പം ഇനിക്കും തേരും ന്റെ

നാണ്യേത്ത്യാര് ,.അതാ ഞങ്ങടെ ഇരിപ്പ് വെശം".

നാട് മുഴുവൻ ഒരുപാട് ഇരിപ്പുവശ ങ്ങൾ ഉണ്ടായിരുന്നു കുപ്പിച്ചിക്ക് .

ഇരിപ്പുവശങ്ങൾക്കുള്ള പരിഗണനയെ കുപ്പിച്ചി ഇങ്ങനെ പറയും .


"10 ഉർപ്പ്യ്യേന്റെ  ചൂലോന്ന്വല്ലാ  ങ്ങക്ക് ഞാൻ തെരണത്


ഇത് പെശലാ...പങ്കെച്ച് രണ്ടാക്ക്യെരാൻ ചേത്ത്യാരുട്ടി വരുമ്പോ പർഞ്ഞോളുണ്ടൊ".


അടുപ്പക്കാരോട് മാത്രമുള്ള  ഔദാര്യമാണത് ..


നിവർത്തിക്കാത്ത നാട്ടുനടപ്പുകളുടെ ,മാനം മര്യാദകളുടെ, പൊറുക്കാനാവാത്ത  ഇരിപ്പുവശങ്ങളോടും കുപ്പിച്ചിക്ക് കലഹമില്ലായിരുന്നു .


"ഒ!, ന്റെ ചേനാരെ ങ്ങക്ക് ഒര് പുതുമ കേക്കണാ".. അങ്ങനെയാണ് തുടങ്ങുക.

മണ്ണാത്തി  പാറൂന്റെ
മോൾട
മോൻ ഒര് പെങ്കുട്ടീനെം കൂട്ടീറ്റ്
വന്നേർക്കണ് !!
ചെമ്പുവളയമിട്ട ചൂണ്ടുവിരൽ
അമ്മം പിടിച്ച ചുണ്ടുകൾക്ക് മേലെ വെച്ച് ആശ്ചര്യം കാണിക്കും.,പിന്നെ അടുത്ത പുരാണത്തിലേക്ക്.


ഓരോ

സംഭാഷണങ്ങളും മുണ്ടനിൽ തട്ടിനിന്ന് * ഇടക്കൊന്നു വിശ്രമിക്കാതെ,നെടുവീർപ്പിടാതെ തുടർന്ന് പോകാറില്ല.

ൻറെ മുണ്ടൻണ്ടാർന്നപ്പോ ....ഇനിക്ക് എന്ത്  സുകാർന്നു ......കുപ്പിച്ചിയുടെ കുഴിക്കണ്ണ് നിറയും
കഞ്ഞിയും,കാവത്തുമായി കുപ്പിച്ചിയുടെ ,,ദിനച്ചെലവ്‌ നീങ്ങിപ്പോയിരുന്നു .


ഇടക്ക് വല്ലപ്പോഴും ച്ചുക്കിരി   ചെരട്ടേല് തൊണ്ട നനക്കാനിത്തിരി ചാരായം വേണം ,അവിടെ മാത്രം അവർക്ക് ഇരിപ്പുവശങ്ങളുണ്ടായിരുന്നില്ല. ആരും അവർക്ക്  അവകാശം കൊടുത്തതുമില്ല.

ചൂല് വിറ്റ കാശ് ഈട്ടം കൂട്ടി വെച്ച് വാങ്ങിയ    പണത്തൂക്കം പോന്ന ഒരു മൂക്കുത്തിയാൽ  ഇടക്ക് വച്ചൊന്ന് സമ്പന്നയായപ്പോൾ മുണ്ടനെക്കുറിച്ചോർത്ത് അവർ  കണ്ണ് നിറച്ചു...

ൻറെ മുണ്ടൻണ്ടാർന്നെങ്ങെ ....ഭർത്താവിന്റെ പെട്ടന്നുള്ള  മരണം  കുപ്പിച്ചിയെ  വേരോടെ പിഴുത് നിലത്തടിച്ചു കളഞ്ഞു.
മുണ്ടന്  മുൻപുള്ള കാലത്തിൽനിന്നും അവർ പതിയെ പതിയെ അടർന്നുപോയി.

നീരോട്ടം നിലച്ച ഒരു ചില്ലയില്നിന്ന്  അവസാനത്തെ ഇലയും കൊഴിഞ്ഞു വീഴുമ്പോലെയായിരുന്നു അത്.


അവരെ കുറിച്ച് തിരക്കാൻ എങ്ങുനിന്നും ആരും വരാതായി. കരിമ്പനപ്പട്ടയും വൈക്കോലും മേഞ്ഞ  ചെറിയ വീട്ടിൽ കുപ്പിച്ചി മുണ്ടൻറെ ആൽമാവിനോട്  മിണ്ടിയും പറഞ്ഞും  കഴിഞ്ഞു.


വൈകുന്നേരങ്ങളിൽ ഉമ്മറത്ത് കാൽ നീട്ടിയിരുന്ന് ചൂലുകൾ തട്ടിക്കെട്ടുമ്പോ, മുണ്ടനോട്  കുപ്പിച്ചി കലഹിക്കും ,,,

"ആ വള്ളീടെ ഇക്കൊന്നെട്ത്തെരേ റ്റെ ചീതോടെ ങ്ങക്ക്"..


അപ്പൊക്കാണാം..! എങ്ങു നിന്നോ
കാറ്റിലൊരില പറന്ന് വീഴുന്നു,
അല്ലെങ്കിൽ, തൊടിയതിരിലെ എട്ടിൽ അപ്പാടെ ഉണങ്ങി 
ജഡപിടിച്ചു നിന്ന മുളംകൂടിന്റെ അസ്ഥിപഞ്ചരത്തിലിരുന്ന് ഒരു മൂങ്ങ മൂളുന്നു

കുപ്പിച്ചി ചിരിക്കും
മുണ്ടന്റെ മറുപടിയാണ്.

"മുണ്ടൻ ചത്തേപിന്നെ തള്ളക്ക് ഇത്തിരി നൊസ്സാ" ..
ആളുകൾ കളിപറഞ്ഞു.

കുപ്പിച്ചിയിൽ എല്ലാമുണ്ടായിരുന്നു,കാറ്റും,മഴയും,വേനലും വെയിലും എല്ലാം.

ഒരു താന്നിമരം പോലെ അവർ എല്ലാത്തിനും മേലെ പടർന്ന് നിന്നു. 


അന്നും കുപ്പിച്ചി,ചാണകം തേച്ച വരാന്തയിൽ ചിമ്മിനി വിളക്കിന്റെ മങ്ങിയ വെട്ടത്തിൽ, മുണ്ടനോട് കലഹിച്ച്‌ ചൂല് കെട്ടികൊണ്ടിരിക്കുന്നത്
വേലിപ്പണി കഴിഞ്ഞു വരുന്ന പള്ളി കണ്ടതാണ്.
ചാറ്റൽമഴയെ ഇടംകയ്യിൽ തലക്ക് മേലെ പിടിച്ച ഒരു തേക്കിലയാൽ വകഞ്ഞ് കടന്നു പോകവേ..,,,
"കുപ്പിച്ച്യേ..മുണ്ടനെ ഞാൻ ചോയ്ച്ചു ന്ന് പറഞ്ഞാളാ ട്ടാ."
എന്നൊരു വഴിച്ചൊല്ലെറിഞ്ഞു തള്ളയെ ചൊടിപ്പിക്കാൻ മറന്നില്ല പള്ളി.

***

പിറ്റേന്ന് 
കരിമ്പനകൾ കാവൽ നിൽക്കുന്ന തൊടിയിലേക്ക് ആധിപ്പെട്ട് കയറുമ്പോൾ അയാൾ അത്‌തന്നെ പറഞ്ഞോണ്ടിരുന്നു...
"ഇന്നലേം കൂടി..."
മുറ്റത്തെ എക്കുകളിൽ ,ഒഴുകിപ്പോകാൻ മടിച്ച് തലേന്ന് പെയ്ത മഴ.
ഒരു കല്യാണ വീട്ടിലെന്നപോലെ സൊറ പറഞ്ഞ് നിക്കുന്ന ആൾക്കൂട്ടം.

അടച്ചിടാത്ത അകായിൽ കുപ്പിച്ചി മരിച്ചു കിടന്നു.
യാതൊരു പ്രതിഷേധവുമില്ലാതെ, തണുത്തു വിറങ്ങലിച്ച്‌,
 നീണ്ടു നിവർന്ന്..

വ്യർത്ഥ വാർദ്ധക്യം,അനാഥത്വം,അർത്ഥശൂന്യമായ ആപൽ സാധ്യതകൾ.
നാട്ട് നടപ്പിൽ  അവരുടെ മരണം ഒരു സുകൃതമായി. 

അത് സത്യമുള്ള കുപ്പിച്ചിയുടെ തെളിവായി.!

ഇനീപ്പോ എന്ത് നോക്കാനാ??,ആരേ കാക്കാനാ ??
"എടുത്ത് കെടത്താൻ നോക്കാ"..
മുണ്ടന്റെ അകന്നൊരു ബന്ധുകൂടിയായ ചാത്ത സന്ദർഭ തത്തിനൊത്ത് കാരണവരായി.

"കുളിപ്പിക്കാൻല്ലോര് അങ്ങട് മറേൽക്ക് പൊക്കാളാ".

മറപ്പെരേല് വെള്ളം വച്ചിട്ട് കാളിക്കുട്ടി വന്നു വിളിച്ചു.

ഇരിപ്പുവശത്തിന്റെ അവകാശം വച്ച് ,ഇടവഴികൾ തേഞ്ഞു ചേർന്ന അവരുടെ കാലടികളെ ചേർത്തു പിടിച്ച് കരയാൻ മാത്രം ഉൾചൂടുള്ള ആരുമുണ്ടായിരുന്നില്ല.

കൂരയുടെ തെക്കെപ്പറത്ത് എല്ലാം കഴിയുമ്പോഴേക്കും വെയിലാറിയിരുന്നു.

ആളുകൾ പതിയെ പിരിയാൻ തുടങ്ങി.

"ഞാൻ ഇന്നലെം കൂടി"..
അവിശ്വാസത്തിന്റെ ആവിയിൽ
പള്ളി ആവർത്തിക്കുന്നുണ്ടായിരുന്നു..

തൊടിയിലെ,
മാനം മുട്ടി നില്ക്കുന്ന
കരിമ്പനകളുടെ നിസ്സംഗതക്ക് മേൽ പോക്ക് വെയിൽ ചാഞ്ഞു.


തലേന്നത്തെ കാറ്റിലും മഴയിലുമാവണം,
അതിരിന്റെ എട്ടിൽനിന്ന, ഉണങ്ങി ചിലമ്പിച്ച  മുളംകൂട് അതിന്റെ ദുർബ്ബലമായ വേരുകളിൽ നിന്ന് വേർപ്പെട്ട്  വീണ് പോയിരുന്നു.

 ഉണങ്ങിയതെങ്കിലും, നാലതിരിനുള്ള വേലിക്ക് വക കണ്ട പള്ളി
 ഒരു കണ്ണളവിന്
മുളംപട്ടിലിനടുത്തേക്ക്  ചെല്ലവേ,മഴമണ്ണിലേക്ക് ഒലിച്ചു  കിടന്ന ചോരപടർപ്പ് കണ്ട്
ആന്തി വിളിച്ചു!;

''ചാത്തോ!!ചങ്ങരാ ഓടിവാണ്ടാ!!!"

ചാത്തയും ചങ്ങരനും മാത്രമല്ല കര മുഴുവൻ ഇളകിയ ആ വിളിയിൽ പിരിഞ്ഞുപോയവർ വരെ ആളിയെത്തി.


വീണുകിടന്ന മുളംപ്പട്ടിലിന്റെ പിണപ്പുകൾക്കിടയിൽ പെട്ട് വികൃതമായ ഒരു മനുഷ്യ ശരീരം..!
ആസകലം വരഞ്ഞു കീറിയ അതിന്റെ
വലത് കരം മാത്രം പുറത്തേക്ക് നിവർന്ന് കിടന്നു.
പ്രാണൻ വിടുന്നേരമാവണം ചുരുട്ടയഞ്ഞ മുഷ്ടിയിൽ ദുർഗ്രാഹ്യമായൊരു മൂക്കുത്തി തിളക്കം കണ്ട് ദേശം ഞെട്ടി.

പള്ളിക്ക് കുളിര് പൊട്ടി.!!
തലേന്നാളത്തെ ചാറ്റൽ മഴയിൽ ആകാശത്തേക്ക് ദുർബ്ബലമായ
തരുണാസ്ഥികൾ കൊരുത്ത് 
നിന്നിരുന്ന ആ മുളം കൂടിന്റെ 
ബാഹ്യരൂപം കുപ്പിച്ചിയെപ്പോലെ അയാളിൽ നിറഞ്ഞു..
അതിന്റെ ഉള്ളിരുട്ടിൽ നിന്ന് മുണ്ടന്റെ മറുപടി മൂങ്ങ നീട്ടി മൂളി..
ങ്ങൂ...
ങ്ങൂങ്! 

പള്ളി ഉറഞ്ഞു തുള്ളി..

"ന്റെ 
ഓലും",
"ന്റെ 
ഓലിന്റെ മൂക്കുത്തീം "..ഹ് ഹ്.. ഹ്""
"മുണ്ടന്റെ കണ്ണ് വെട്ടിച്ചാ,, ച്ഛേദം വരും ട്ടാ..."
അത്രയും വെളിച്ചപ്പെട്ട് അയാൾ മൂർച്ഛിച്ച് വീണു.

സ്വയം പറിച്ചെടുക്കാനാവാത്ത വിധം
കുപ്പിച്ചിയുടെ സത്യത്തിൽ ആണ്ട് ഒരു ദേശം മുഴുവൻ അന്താളിച്ചു നിൽക്കെ,
ചളിപിടിച്ചൊരു മൂക്കുത്തിയിൽ 
വീണ് സഫല സന്ധ്യ തിളങ്ങി.

*റെബ്ര്യ്യേന്റെ-ഗബ്രിയേലിന്റെ.


Saturday, 22 July 2017

പെണ്ണ്
ഒറ്റനോട്ടത്തിലവരെങ്ങനെയാണ് നമ്മളെ പൂമരങ്ങളാക്കുന്നത് ?


Saturday, 23 July 2016

ഉൾമുഖങ്ങൾ

കുട്ടുറുവനും,അരിപ്രാവും,അടുക്കളപ്പാത്രങ്ങളുമുൾപിരിഞ്ഞ സ്വരസ്രോതസ്സുകളിൽ നിന്ന് ,നിയതമായൊരു
ലക്ഷ്യവുമില്ലാതെ കാലത്തിന്റെ തോളിൽ കയ്യിട്ട്  നടന്ന് തുടങ്ങിയതാണ്‌ ഓർമ്മകൾ.

 യാത്രയിൽ ഇടക്ക് പലപ്പോഴായി മനസിന്റെ  പാർശ്വ ഗർത്തങ്ങളിലേക്ക് വലിച്ചെറിഞ്ഞ്കളഞ്ഞ നിരവധി നിരർത്ഥ ബോധ്യങ്ങളുണ്ട്.

ഏറെക്കാലങ്ങള്‍ക്ക് ശേഷവും വേദനയും വെറുപ്പും കലര്‍ന്ന വരണ്ട വേനല്‍കാറ്റായി  വന്ന്  ഉള്‍മുഖങ്ങളിൽ വേവേറ്റുന്നവ..

ഇറയത്തേക്കടിച്ച് കയറി കുളിരുപൊട്ടിച്ച് കടന്നുപോകുന്ന മഴക്കാറ്റുപോലെ നവോന്മേഷം പകരുന്നവ .


ഒരിക്കൽ ഒരു വേനലിൽ,,വെയിലിൽ,പൊടിയും,തിരക്കും നിറഞ്ഞ തെരുവിലൂടെ നടക്കുകയാണ്.

അഴുകിയ ചന്തച്ചാലിന്റെ മുകളിലായി നിരത്തിയിട്ട തട്ടുകൾക്ക്  മുകളിലിരുന്ന് പച്ചക്കറിയും,പഴങ്ങളും വില്ക്കുന്നവർ  അങ്ങാടിക്കാക്കളെപ്പോലെ കലഹിച്ച് കാല്നടക്കാരെ  വിളിക്കുന്നു..

മയപ്പെടുത്താത്ത തെറികള്,ചിരി,
കടന്നുപോയവരിലാരോ പൂശിയ വിലകുറഞ്ഞ അത്തറിന്റെ കുത്തിക്കയറുന്ന മണം.

സ്റ്റാന്റിലേക്ക് നിരങ്ങിയരിച്ച് പോകുന്ന ബസ്സുകൾക്കും തെരുവുകച്ചവടക്കാർക്കുമിടയിൽ  ആളുകൾ തിരക്കിട്ട്,കൂട്ടിത്തൊട്ട് പരസ്പരം കടന്നുപോകുന്നു.

ഓരങ്ങളിൽ  വളർന്ന്  പടർന്ന  വാകമരങ്ങളുടെ തണൽ 

രണ്ട്മണിക്ക് മീറ്റിങ്ങ് തുടങ്ങും.വലിഞ്ഞ് നടന്നാലെ സമയത്തിന് ഓഫീസിൽ  കയറാൻ  പറ്റൂ
പൊള്ളുന്ന ചൂടാണ് പകലുകൾക്ക്,വേഗത്തിൽ  നടന്നാൽ  വിയർത്തൊട്ടും.

.ഇയർ എന്റ് കഴിഞ്ഞ മാസമായതിനാൽ  ബിസിനസ്സ് നന്നേ കുറവാണ്.
ദിവസം രണ്ട് തവണ വീതം ബി എം ന്റെ പ്രസഗം കേൾക്കണം.

"ഗെറ്റ് റിഡൊഫ് ദ് പാസ്റ്റ് റിജെക്ഷന്സ്,, കീപ് ലുക്കിങ്ങ് റ്റുവാര്ഡ്സ് ദ് ഗോള്സ് യു വാണ്ട് റ്റു അചീവ്. "
" ഇന്ഷുറന്സ് ഇസ്  ഡിവൈൻ  ഇൻഡസ്ട്രി യു ഗൈസ് ആർ  ദ് ഗാഡിയൻസ് ഒഫ് ലൈവ്സ് ആൻഡ്  ഇറ്റ്സ് ഡ്രീംസ്."

മാസാവസാനമടുക്കുമ്പോൾ  മൊബൈലിൽ  അദ്ദേഹത്തിന്റെ വിളിവരും.
വിശുദ്ധി കൈമോശം വന്ന ഭാഷയിൽ  അലറും..

"വേര് ദ് ഹെൽ  ആർ  യു??
ഡോണ്ട് ട്രൈ റ്റു ഫക്ക് ഏറൗണ്ട് ദ് ഒഫ്ഫീസ്...

ഇന്ന് ഒരു ഫിഫ്റ്റി തൗസൻഡെങ്കിലും ക്ലോസ്സ് ചെയ്യാതെ  നേരത്തിന് വീട്ടില് പോകാമെന്ന് നീയൊന്നും കരുതണ്ട."

എക്സിക്യുറ്റിവ്  വസ്ത്രം ധരിച്ച തെരുവുതെണ്ടികള്.
വല്ലാത്ത അവജ്ഞ തോന്നി.

അക്കൗണ്ടില് മാസാമാസം വന്നു വീഴുന്ന ഇരുപതിനായിരം രൂപയുടെ ചിരസ്മരണയില് അടുത്ത നിമിഷം തന്നെ അവജ്ഞ ആവിയായി.!

തോളുരച്ചുക്കൊണ്ട് ധൃതിക്കാരനൊരലവലാതി കടന്നുപോയപ്പോൾ  ഇളം നീല സ്റ്റ്രൈപ്സുകൾ കാണാനാവാത്ത വിധം   ചെളിപ്പാട് പരന്നു ഷേര്ട്ടില്.

ഒരു ചുളിവുപോലും വീഴാതെ ദിവസം മുഴുവൻ  കാത്തുപോരുന്നതാണ്.
തിരികെ ചെന്ന് അയാളുടെ പിടലിക്ക് പിടിച്ചൊരു കുത്തുകുത്താനാണ് തോന്നിയത്.

ബൈക്ക് എടുക്കാമായിരുന്നു.

ടൗണിലെ തിരക്ക് പിടിച്ച നിരത്തുകളിൽ  ബൈക്കോടിച്ചുപോകുന്നതോർക്കുമ്പോൾ  ഇപ്പോഴും പേടിയാണ്ടൗണിലെവിടെയുമുള്ള ക്ലയന്റ് മീറ്റിംഗുകൾക്ക് പ്രേമിനെയോ,വിവേകിനെയോ ഒപ്പം കൂട്ടാറാണ് പതിവ്.

അവര് ഫ്രീയല്ലാത്തപ്പോൾ ഇതു പോലെ തനിച്ച്, ശപിച്ച് അങ്ങനെ.

എന്തായാലും വെറുതെയായില്ല.
മോശമല്ലാത്തൊരു ഡീല് കിട്ടി.
ഇരുപത്തയ്യായിരം ആന്വല് പ്രീമിയം...റെഡി ക്യാഷ്.
ഇനി രണ്ട് ദിവസത്തേക്ക് ബി എം മിണ്ടില്ല.

കവിളും,കാൽ  മടമ്പും ചുവന്ന ഒരു ഗൾഫുകാരൻ കസ്റ്റമർ.
കൗമാരക്കാരായ അയാളുടെ പെണ്മക്കളക്ക് ചേർന്ന   ഒരു പ്ലാൻ  പിച്ച് ചെയ്തുകഴിഞപ്പോൾ ,
പ്രശാന്തഹരിതമായ ഭാവിപ്രദേശങ്ങളിലെ താഴവരകളിലെവിടെയോ   
 സ്വപ്നങ്ങൾ  വാറ്റിയെടുത്ത് നുണഞ്ഞ് ഒരു വേള  നിശബ്ദ്ധനായിരുന്നതിനു ശേഷം എഴുന്നേറ്റ് പോയി  ആയിരത്തിന്റെ ഇരുപത്തഞ്ച് നോട്ടുകൾ  കൊണ്ടുവന്ന് തന്നു.

പാൽചുവയുള്ള സ്വീറ്റ്സും,റ്റാംഗ് കലക്കിയതും കഴിച്ചതിനു ശേഷം നന്ദി പറഞ്ഞ് തിരികെ പോരുമ്പോൾ  ആർക്കൊക്കെയോ  മുകളിലേക്ക് വളർന്ന്  പൊങ്ങുന്നതായൊരു തോന്നലുണ്ടായി.

സ്റ്റാൻഡ് റോഡില്നിന്ന് ഇടവഴിയിലേക്ക് കടന്ന്
പുരാതനങ്ങളായ മേല്പുരകളിൽ  നിറം കെട്ട എഴുത്തു ബോര്ഡുകൾ തൂങ്ങുന്ന ആളൊഴിഞ്ഞ കെട്ടിടങ്ങളുടെ നിഴലു പറ്റി നടന്നു.

എളുപ്പമെത്തും.

വീതികുറഞ്ഞ് ഇരുവശങ്ങളിലും ആഴമുള്ള ഓടകളോടുകൂടിയ വഴിയാണ്.

ചെറുതും വലുതുമായ തണൽമരങ്ങൾക്ക് കീഴെ ശാന്തമായി വിശ്രമിക്കുന്ന ഇതുപോലുള്ള നിരവധി ഇടവഴികളുണ്ട് നഗരത്തിൽ.ഉപേക്ഷിക്കപെട്ടവ.

എളുപ്പമെത്തേണ്ട ഏതെങ്കിലും ചിലർ ഗതകാലത്തിന്റെ ആരവസ്മൃതികളെക്കേൾക്കാതെ   വഴികളിലൂടെ കടന്നുപോയി.
അവരിലൊരാളായി നടന്നു.

ഒന്നു രണ്ട് കാക്കകൾ  വഴിയരികിലിരുന്നു പരാതി പറയുന്നുണ്ട്.

തന്റെ വടിത്തുമ്പിൽ  വഴിയറിഞ്ഞ് ഇരടിയിരടി വരുന്ന  അന്ധനായ ഒരു ലോട്ടറിക്കാരനും,
അയാൾക്ക് പുറകിൽ അല്പമകലെയായി കുടചൂടി നടന്നു വരുന്നൊരു ചുരിദാറുകാരിയുമല്ലാതെ ആവഴിയിൽ  എന്നെക്കൂടാതെ ആരുമില്ലായിരുന്നു.

ഷെയ്പ്പു ചെയ്തു തയിച്ച ചുരിദാറില് അവള് സുഭഗയാണെന്ന് കണ്ണു ചിന്നുന്ന വെയിൽ  വെട്ടത്തിലും  കണ്ടു.

നോട്ടം ലോട്ടറിക്കാരനിലേക്ക് മാറ്റി മാന്യതയുടെയൊരിടവേളയെടുത്തു.

അകാശത്തേക്കൽപ്പമുയര്ത്തിപ്പിടിച്ച കറുത്തു തിളങ്ങുന്ന മുഖത്ത് വറ്റിക്കിടക്കുന്ന വെയില്ക്കാലങ്ങള്.

വെളുത്ത ഷേര്ട്ടും പെട്ടന്നൊന്നും അഴിയാതിരിക്കാനെന്ന വണ്ണം മുറുക്കി മടക്കി കുത്തിയ വെളുത്ത മുണ്ടും


നാളത്തെ സൗഭാഗ്യത്തെ വിളമ്പരം ചെയ്ത് വടിത്തുമ്പിൽ വഴിയറിഞ്ഞ് നടക്കുന്ന ലോട്ടറിക്കാരൻ.

വിയർക്കാതിരിക്കാൻ ശ്രധിച്ച് സാവധാനം നടന്നു.

ആളനക്കമില്ലാത്ത  ഇടവഴിയിൽ  അയാളെങ്ങനെ വന്നുപെട്ടു എന്ന് ചിന്തിച്ചുകൊണ്ടിരിക്കെ അല്പം  മുന്നിലായി   ലോട്ടറിക്കാരൻ   വലതുവശത്തെഓടയിലേക്ക് കാല് തട്ടി മറിഞ്ഞ് അപ്രത്യക്ഷനായി.


ഓടയില്നിന്ന് പുറത്തേക്ക്ആ വെളുത്ത വടിത്തുമ്പു മാത്രം അല്പം നീണ്ട് നിന്നു വിറച്ചു.

കാറ്റനക്കാത്ത നേരത്ത്, തൊപ്പിയടർന്നൊരു തേങ്ങ വീഴുന്ന പോലെയാണ് അയാള് വീണത്.ഒരു നിലവിളിയോ ആന്തലോ പോലുമില്ലാതെ.

എതിരെ വന്നിരുന്ന ചുരിദാറുകാരിയെ നോക്കി.!

നിസ്സംഗയായി അവള് നടന്നു വരുന്നു.


അയാൾ വീണുപോയ ഓടയോട് ചേര്ന്ന് പതിയെ നടന്നു.


പതറിയെഴുനേല്ക്കാൻ തുനിയുകയാണ് അന്ധൻ.
വീഴ്ച്ചയിൽ അയാളുടെ കറുത്ത കണ്ണട നഷ്ട്പെട്ടിരുന്നു.

ഉള്ളിലേക്കു ചുരുണ്ട്ചുരുങ്ങിയ  കൺകുഴികളിലൊന്നിൽപറ്റിയ  കുറുകിയ ചെളി,, 

കറുത്തുമിന്നുന്ന മുഖത്ത് വിലാപം പോലൊരു ചിരി.,,
 ,വെളുത്ത വസ്ത്രങ്ങളിലാകെയും അഴുകിയ ഓടവെള്ളം .

എണ്ണതേച്ച് വശത്തേക്ക് ചീകിവച്ചിരുന്ന ചുരുളൻ  മുടി ചിതറിയിരിക്കുന്നു ഇടയിലെവിടെയോ ചുവപ്പ് പൊടിയുന്നുണ്ട്.
പരതി എഴുന്നേല്ക്കാൻ ശ്രമിക്കുന്നതിനിടയിലും 
ലോട്ടറിടിക്കറ്റുകൾ  ക്ലിപ്പുചെയ്തു വെച്ച ചെറിയ ബോഡ്   അയാള് തലക്കുമേലെ ഉയര്ത്തിപ്പിടിക്കാൻ  ശ്രമിക്കുന്നത് കണ്ടു.


ചുരിദാറുകാരി കടന്നുപോയി.ഇടം കണ്ണിലവളുടെ പിന്നഴകിന്റെ താളം.....


നടന്നു...